'മരിച്ചെന്ന് 41 പേര്‍, വിദേശിയെന്ന് 796 പേര്‍' 800 വോട്ടര്‍മാരുള്ള വീടുകള്‍; ബിഹാറിലെ വോട്ടര്‍പട്ടിക അസംബന്ധമെന്ന് യോഗേന്ദ്ര യാദവ്

#ഷൈൻ മോഹൻ
യോഗേന്ദ്ര യാദവ് (ഫയല്‍ ചിത്രം) | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍/മാതൃഭൂമി
യോഗേന്ദ്ര യാദവ് (ഫയല്‍ ചിത്രം) | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍/മാതൃഭൂമി

ന്യൂഡൽഹി: ബിഹാറിലെ അന്തിമ വോട്ടർപട്ടികയിൽ കണ്ടെത്തിയ ‘അസംബന്ധങ്ങൾ’ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും രാഷ്ട്രീയനേതാവുമായ യോഗേന്ദ്ര യാദവ് സുപ്രീംകോടതിയിൽ. നൂറിലേറെ വോട്ടർമാരുള്ള 2,200 വീടുകളുണ്ട്. എണ്ണൂറിലേറെ വോട്ടർമാരുള്ള വീടുകളുമുണ്ട്. വോട്ടർപട്ടികയിൽ എതിർപ്പുന്നയിച്ചവരിൽ 1.41 ലക്ഷവും സ്വന്തം പേര് നീക്കാനാണ് ആവശ്യപ്പെട്ടത്. ‘ഞാൻ മരിച്ചുപോയതാണ്’ എന്ന് 41 പേരും ‘ഞാൻ വിദേശി’യാണെന്ന് 796 പേരും പറയുന്നു. ചില പേരുകൾ കന്നഡയിലും തമിഴിലുമാണ്. അസംബന്ധമല്ലെങ്കിൽ ഇതുപിന്നെന്താണെന്നും ഇത്രയധികം വോട്ടർമാരെ പുറത്താക്കിയ പട്ടിക ഇതിന് മുൻപുണ്ടായിട്ടുണ്ടോയെന്നും യാദവ് ചോദിച്ചു.

ബിഹാറിലെ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) നടപടി ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അന്തിമപട്ടികയിൽ നിന്നൊഴിവാക്കപ്പെട്ടവർക്ക് സൗജന്യ നിയമസഹായം നൽകാൻ ബിഹാറിലെ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടശേഷമാണ് യോഗേന്ദ്ര യാദവിന്റെ വാദങ്ങൾ കേട്ടത്.

എസ്‌ഐആറിനുശേഷം എത്ര വിദേശികളെ കണ്ടെത്തിയെന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് കോടതിയിൽ നേരിട്ട് വാദിച്ച യാദവ് ആവശ്യപ്പെട്ടു. അന്തിമപട്ടികയിലെ 7.42 കോടിയിൽ പൗരത്വം സംബന്ധിച്ച് 1,087 എതിർപ്പുകളാണ് ലഭിച്ചത്. അതിൽ 796 അപേക്ഷകൾ സ്വയം സമർപ്പിച്ചതാണ്. ഞാൻ വിദേശിയാണ് എന്നെ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യൂവെന്നാണോ ഇവർ പറയുന്നതെന്ന് യാദവ് ചോദിച്ചു.

വോട്ടർപട്ടിക ശുദ്ധീകരിക്കാനെന്ന പേരിൽ നടത്തിയ എസ്‌ഐആർ സ്ഥിതി മോശമാക്കുകയാണ് ചെയ്തതെന്ന് യാദവ് ചൂണ്ടിക്കാട്ടി. സർക്കാർ കണക്കുപ്രകാരം പ്രായപൂർത്തിയായ 8.22 കോടിയാളുകളുള്ള ബിഹാറിലെ പട്ടികയിൽ ഉൾപ്പെട്ടത് 7.42 കോടി മാത്രം.

മാത്രവുമല്ല, പട്ടികയിലെ സ്ത്രീകളുടെ അനുപാതം കുറഞ്ഞു. പുരുഷൻമാരെക്കാൾ ഏഴുലക്ഷം കുറവായിരുന്നു സ്ത്രീകളെങ്കിൽ അന്തിമപട്ടിക വന്നപ്പോൾ അത് 16 ലക്ഷമായി. പുതുതായി 21 ലക്ഷം പേരെ ചേർത്തതിൽ കൂടുതലും കന്നി വോട്ടർമാരാണെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. എന്നാൽ, ഇത് വെറും 20 ശതമാനം മാത്രം.

ഒട്ടേറെ വീടുകളുടെ നമ്പർ പൂജ്യമാണ്. സ്വന്തം പേരും വീട്ടുപേരും ഒഴിഞ്ഞുകിടക്കുന്ന 25,000 പേരും പട്ടികയിലുണ്ടെന്ന് യാദവ് ആരോപിച്ചു.

എന്നാൽ, യാദവ് നടത്തുന്നത് വാർത്ത വരാനുള്ള പ്രഭാഷണമാണെന്നും സത്യവാങ്മൂലം സമർപ്പിച്ചാൽ മറുപടി നൽകാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. പാവപ്പെട്ടവരെക്കുറിച്ച് ധാരണയില്ലാത്ത വാദങ്ങളാണ് യാദവ് നടത്തുന്നതെന്നും ദ്വിവേദി വാദിച്ചു.

Content Highlights: Supreme Court Hears Allegations of 'Absurdities' in Bihar's Final Voter List