മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ; എല്ലാ കണ്ണുകളും ഭവാനിപുരിലേക്ക്

#ടി.എസ്‌. കാർത്തികേയൻ
സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI
സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI

കൊൽക്കത്ത: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള നേരങ്കം. ഇന്ത്യൻ തിരഞ്ഞെടുപ്പുചരിത്രത്തിൽ അപൂർവമായ പോരാട്ടത്തിന് സാക്ഷ്യംവഹിക്കുകയാണ് മധ്യ കൊൽക്കത്തയിലെ മണ്ഡലമായ ഭവാനിപുർ. കണക്കുകൾ തീർക്കാൻ മമതാ ബാനർജിയും സുവേന്ദു അധികാരിയും പടവെട്ടുന്ന മണ്ഡലം തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഏപ്രിൽ 29-ന് രണ്ടാംഘട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. ബി.ജെ.പി. ജയിച്ചാൽ സുവേന്ദുവാകും മുഖ്യമന്ത്രിയെന്ന് സൂചനകളുണ്ട്. രാഷ്ട്രീയഗുരുനാഥയും പഴയ ശിഷ്യനും തമ്മിലുള്ള രണ്ടാം ഏറ്റുമുട്ടലെന്ന കൗതുകവുമുണ്ട്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിലാണ് ഇരുവരും ആദ്യമായി കൊമ്പുകോർത്തത്. തിരഞ്ഞെടുപ്പിന് നാലുമാസം മുൻപ്‌ തൃണമൂൽ വിട്ട് ബി.ജെ.പി.യിൽ ചേർന്ന സുവേന്ദുവിനെ വീഴ്ത്തുകയെന്ന വാശിയോടെ സ്ഥിരംമണ്ഡലമായ ഭവാനിപുർ ഒഴിവാക്കി അദ്ദേഹത്തിന്റെ തട്ടകത്തിൽച്ചെന്ന് അങ്കംകുറിച്ചു മമത. പക്ഷേ, 1956 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ സുവേന്ദു അവരെ വീഴ്ത്തി. പവർകട്ട് സൃഷ്ടിച്ച് ഇ.വി.എമ്മിൽ കൃത്രിമം നടത്തിയെന്ന പരാതിയുമായി മമത നിയമപ്പോരാട്ടം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഭവാനിപുരിൽനിന്ന് ജയിച്ച ശോഭൻദേബ് ചതോപാധ്യായ മമതയ്ക്കായി രാജിവെച്ചു. തുടർന്നുനടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാണ് അവർ വീണ്ടും മുഖ്യമന്ത്രിയായത്.

കഴിഞ്ഞതവണ മമത നടത്തിയ വെല്ലുവിളി ഇത്തവണ സുവേന്ദുവാണ് ഏറ്റെടുത്തത്. മമതയെ അവരുടെ മടയിൽ കയറി തറപറ്റിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാശിയും അതിനുപിന്നിലുണ്ട്. പക്ഷേ, മമത 2021-ൽ നന്ദിഗ്രാമിൽ മാത്രമാണ് മത്സരിച്ചത്. സുവേന്ദുവാകട്ടെ ഭവാനിപുരിനൊപ്പം നിലവിലെ മണ്ഡലമായ നന്ദിഗ്രാമിലും സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങളിലും ജനവിധി തേടുന്ന ഏക സ്ഥാനാർഥിയും സുവേന്ദുവാണ്.

തന്റെ വീടിരിക്കുന്ന കാളിഘട്ട് പ്രദേശം ഉൾക്കൊള്ളുന്ന ഭവാനിപുരിനെ ‘മിനി ഇന്ത്യ’ എന്നാണ് മമത വിശേഷിപ്പിക്കുന്നത്. സ്ഥിരമായി ജയിക്കുമ്പോഴും പ്രത്യക്ഷത്തിൽ അവർക്ക് അനുകൂലമല്ലെന്ന് തോന്നിക്കുന്ന പല ഘടകങ്ങളും ഇവിടെയുണ്ട്. ബംഗാളി സംസ്കാരത്തിനുമേൽ കടന്നുകയറാൻ വരുന്ന ‘വരത്തർ’ ആയി ബി.ജെ.പി.യെ ചിത്രീകരിക്കുന്ന മമതയുടെ മണ്ഡലത്തിൽ പകുതിയോളം വോട്ടർമാരും ബംഗാളി മാതൃഭാഷയല്ലാത്ത മറ്റുസംസ്ഥാനക്കാരാണ്. മമതയുടെ സുരക്ഷിത വോട്ടുബാങ്കായി പറയുന്ന മുസ്‌ലിങ്ങൾ 20 ശതമാനം മാത്രമാണ്. അതിൽ 40 ശതമാനത്തോളംപേർ എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

കൊൽക്കത്ത കോർപ്പറേഷനിലെ എട്ടുവാർഡുകൾ ചേർന്നതാണ് ഭവാനിപുർ മണ്ഡലം. എട്ടിലും തൃണമൂൽ കൗൺസിലർമാരാണ്. 2021-ൽ ശോഭൻദേബ് ജയിച്ചത് 28,719 വോട്ടുകൾക്കാണ്. മമത ഉപതിരഞ്ഞെടുപ്പിൽ നിന്നപ്പോൾ ഭൂരിപക്ഷം 58,835 ആയി. പക്ഷേ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മാലാ റോയിക്ക് ഭവാനിപുർ മണ്ഡലത്തിൽ കിട്ടിയത് 8297 വോട്ടിന്റെ ഭൂരിപക്ഷമാണ്.

സ്വന്തം മണ്ഡലത്തിൽ മമത ഇതുവരെ സജീവമായിട്ടില്ല. വിജയത്തെക്കുറിച്ച് മമതയ്ക്ക് ഒരാശങ്കയുമില്ല. ‘‘കുട്ടിയായിരിക്കുമ്പോൾ മുതൽ ഇവിടെത്തന്നെയാണ് താമസിക്കുന്നത്. ഓരോ വീട്ടുകാർക്കും എന്നെ നന്നായി അറിയാം’’ -മമതയുടെ വാക്കുകളിൽ ആത്മവിശ്വാസം.

സുവേന്ദുവാകട്ടെ രണ്ടുതവണ പ്രചാരണം നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ മുൻമുഖ്യമന്ത്രിയാക്കിയിട്ടേ വിശ്രമിക്കൂവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ‘‘മുഖ്യമന്ത്രിക്ക് ഇവിടെ രക്ഷയില്ല. വേണമെങ്കിൽ മെട്ടിയാബ്രൂസിൽ (മുസ്‌ലിം ഭൂരിപക്ഷപ്രദേശം) പോയി നിൽക്കട്ടെ’’ എന്നായിരുന്നു സുവേന്ദു പറഞ്ഞത്.

‘ആമായ് പംഗാ ദിലേ ആമി ചാംഗാ ഹോബെ’ എന്നാണ് മമത സ്ഥിരം പറയാറുള്ള ഒരു വാചകം. എന്നെ വെല്ലുവിളിച്ചാൽ എനിക്ക് വീറുകൂടും എന്നർഥം. തിരഞ്ഞെടുപ്പുകളിൽ ഇതുവരെ തോൽവിയറിയാത്ത മുൻ ശിഷ്യന് കന്നിതോൽവി സമ്മാനിക്കാൻ അവർക്ക് കഴിയുമോ? അതോ സുവേന്ദു അട്ടിമറി ആവർത്തിക്കുമോ? ഭവാനിപുരിൽ ഇത്തവണ ഒന്നും പ്രവചിക്കുക വയ്യാ.

Content Highlights: High-stakes political battle in Bhowanipore for the 2026 assembly elections., Historical rivalry between mentor Mamata Banerjee and former protégé Suvendu Adhikari., Strategic demographic challenges in Bhowanipore, a constituency with diverse voter groups., Comparative analysis of past election margins and shifting political trends since 2024., Both candidates employing aggressive campaign strategies to secure the seat.