ഭാരത് ജോഡോ ന്യായ് യാത്ര; രാഹുലും സംഘവും ഇംഫാലില്‍ എത്തി, ഫ്‌ളാഗ് ഓഫ് ഉടന്‍ | VIDEO

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉടന്‍ ആരംഭിക്കും. രാഹുലും മറ്റു നേതാക്കളും മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ വിമാനം ഇറങ്ങി. മണിപ്പുരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കേണ്ടിയിരുന്ന ഫ്‌ളാഗ് ഓഫ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സഞ്ചരിക്കുന്ന വിമാനം പുറപ്പെടാന്‍ വൈകിയതിനാലാണ് നീട്ടിയത്. ഡല്‍ഹി വിമാനത്താവളത്തിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനത്തിന് പറന്നുയരാന്‍ ആവശ്യമായ ദൃശ്യപരിധി ഇല്ലാതിരുന്നതിനാലാണ് വിമാനം വൈകിയത്.
ഇന്‍ഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഇംഫാലിലെത്തുക. നേതാക്കള്‍ വിമാനത്തില്‍ ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യം നേരത്തേ പുറത്തുവിട്ടിരുന്നു. പ്രത്യേക വിമാനം ഉടന്‍ ഇംഫാലില്‍ ലാന്‍ഡ് ചെയ്തു.
ഫ്‌ളാഗ് ഓഫിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ, സുഖ്‌വിന്ദര്‍ സിഘ് സുഖു, നിയമസഭാ കക്ഷി നേതാക്കള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിനും ഫ്‌ളാഗ് ഓഫിനും ശേഷം ഇവര്‍ രാഹുലിനൊപ്പം യാത്രയില്‍ അണിനിരക്കും. ഇന്ത്യാ മുന്നണിയിലെ തൃണമൂല്‍ കോണ്‍ഗ്രസും ജെ.ഡി.യുവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആശംസകളുമായി സമ്മേളനത്തിലെത്തും.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും കാല്‍നടയായല്ല ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറേദൂരം ബസ്സിലും ബാക്കി കാല്‍നടയായുമാണ് രാഹുല്‍ യാത്ര നയിക്കുക. ഇതിനായുള്ള ബസ് തൗബാലിലെ മൈതാനത്ത് എത്തിച്ചിട്ടുണ്ട്. പൂര്‍ണ്ണമായി മറച്ച നിലയിലാണ് ഉള്ളത്. യാത്ര ആരംഭിക്കുമ്പോള്‍ മാത്രമാണ് ബസ്സിന്റെ 'സര്‍പ്രൈസ്' അറിയാന്‍ സാധിക്കൂ.
Content Highlights: Flight carrying Rahul Gandhi other congress leaders from Delhi has arrived at Imphal.