വ്യാജ ഫോറൻസിക് റിപ്പോർട്ടിന് പത്തുലക്ഷം രൂപ കൈക്കൂലി; ഭഗവന്ത് മാനിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി: സിഖ് ഗുരുക്കളുടെ ചിത്രങ്ങളോട് അനാദരവ് കാണിച്ചുവെന്ന വിവാദ വീഡിയോ കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാാനിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. സിഖ് വിശ്വാസികളുടെ വിശ്വാസത്തേയും അഭിമാനത്തേയും ചോദ്യംചെയ്യുന്ന നടപടിയാണ് ഭഗവന്ത് മാനിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡൽഹിയിലെ ബിജെപി മന്ത്രി മജീന്ദർ സിങ് സിർസ് ആരോപിച്ചു. വിവാദ വീഡിയോ വിഷയത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാനിന് ക്ലീൻചിറ്റ് നൽകുന്ന തരത്തിൽ ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കാൻ പത്ത് ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥന് നൽകിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.
സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ ഒരാൾ മദ്യം തളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആ വ്യക്തി ഭഗവന്ത് മാന്നാണെന്നായിരുന്നു ആരോപണം. ഇത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്നുമാണ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയും വാദിച്ചത്. വീഡിയോയിലുള്ളത് മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹത്തോട് സാമ്യമുള്ള മറ്റൊരു നടനാണെന്നും അവർ അവകാശപ്പെട്ടു. തങ്ങളുടെ വാദം തെളിയിക്കാൻ രണ്ട് ഫോറൻസിക് ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകളും അവർ പുറത്തുവിട്ടു. എന്നാൽ, ഈ ഫോറൻസിക് റിപ്പോർട്ടുകൾ വ്യാജമായി നിർമ്മിച്ചതാണെന്ന് ഹരിയാന പോലീസ് കണ്ടെത്തി. മുഖ്യമന്ത്രിക്ക് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കാൻ ഫോറൻസിക് വിദഗ്ധന് 10 ലക്ഷം രൂപ കൈക്കൂലി നൽകിയതായി ആരോപണമുണ്ട്. ഈ കേസിൽ അങ്കിത്, അരുൺ എന്നീ രണ്ട് പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട അധികാരസഭയായ അകാൽ തക്ത് ഭഗവന്ത് മാനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. എന്നാൽ, തനിക്കെതിരേയുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 'വൈറൽ വീഡിയോയിൽ ഞാനല്ല, എന്റെ സാദൃശ്യമുള്ള ഒരു നടനാണ്. ഫോറൻസിക് വിശകലനത്തിൽ 1,191 ഫ്രെയിമുകൾ പരിശോധിച്ചു; ഒരു ഫ്രെയിമും ഞാനുമായി യോജിക്കുന്നില്ല. എന്നെ അപകീർത്തിപ്പെടുത്താൻ ഒരു ഗൂഢാലോചന നടത്തി. ഗൂഢാലോചനക്കാരെ കണ്ടെത്താനും നടപടിയെടുക്കാനും ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ലോകത്തിന്റെ ഏത് കോണിൽ നിന്നായാലും പുറത്തെത്തിക്കും’ എന്നായിരുന്നു വിവാദങ്ങൾക്കിടെ ഭഗവന്ത് മാൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്.
Content Highlights: BJP demands the arrest of Punjab CM Bhagwant Mann following allegations of disrespecting Sikh Gurus., Allegations of a 10 lakh rupee bribe to forensic officials to secure a clean chit in a viral video case., The controversy involves a viral video allegedly showing a man resembling the CM pouring alcohol near Sikh Gurus., AAP claims the video is an AI-generated fake and that the CM is being framed., Haryana Police arrested two individuals in connection with the falsified forensic report case.