പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ 'ഗുരുവിരുദ്ധൻ' ആയി പ്രഖ്യാപിച്ച് അകാൽ തഖ്ത്

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മന്നിനെതിരെ കടുത്ത നടപടിയുമായി സിഖ് മതത്തിലെ ഏറ്റവും ഉയർന്ന ആത്മീയ അധികാരസ്ഥാനമായ ‘അകാൽ തഖ്ത്’. ഭഗവന്ത് മന്നിനെ 'ഗുരു വിരുദ്ധ'നായി പ്രഖ്യാപിച്ച അകാൽ തഖ്ത്, അദ്ദേഹവുമായി യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് സിഖ് സമൂഹത്തോട് ആഹ്വാനംചെയ്തു.
സിഖ് ഭക്തർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് ഭഗവന്ത് മന്നിനെ അകാൽ തഖ്ത് വിളിച്ചുവരുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 15-ന് അദ്ദേഹം സഭയ്ക്ക് മുന്നിൽ ഹാജരായിരുന്നു. ഭഗവന്ത് മന്നിനോട് സാദൃശ്യമുള്ളയാൾ സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ മദ്യം തളിക്കുന്നതായുള്ള ഒരു വീഡിയോയെക്കുറിച്ചും മന്നിനോട് സഭ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ, ഈ ആരോപണം നിഷേധിച്ച പഞ്ചാബ് മുഖ്യമന്ത്രി, വീഡിയോ നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വാദിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച പുറത്തുവന്ന ഫോറൻസിക് പരിശോധനാ ഫലത്തിൽ വീഡിയോ യഥാർഥമാണെന്ന് വ്യക്തമായി. അതേസമയം, വീഡിയോയിലുള്ളത് മൻ തന്നെയാണോ എന്ന് പരിശോധനയിൽ വ്യക്തമായിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടി ഇതിനോട് പ്രതികരിച്ചത്.
ഇതേത്തുടർന്ന് അഞ്ചംഗ സിങ് സാഹിബുമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് അകാൽ തഖ്ത് ജാഥേദാർ കുൽദീപ് സിങ് ഗർഗജ് വിധി പ്രസ്താവിച്ചത്. അകാൽ തഖ്തിൽവെച്ച് മുഖ്യമന്ത്രി കള്ളം പറഞ്ഞതായും ഗുരുവിന് മുന്നിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും ജാഥേദാർ വ്യക്തമാക്കി. മുഖ്യമന്ത്രിയിൽനിന്ന് സിഖ് സമൂഹത്തിന് ഇനി യാതൊരു പ്രതീക്ഷയുമില്ല. സിഖ് സമൂഹവും ഗുരുവിന്റെ അനുയായികളും അദ്ദേഹവുമായി യാതൊരു ബന്ധവും പുലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: The Akal Takht, the supreme temporal seat of Sikhism, has declared Punjab Chief Minister Bhagwant Mann 'Anti-Guru' and urged the global Sikh community to boycott him, after a forensic report proved a controversial video of him was genuine, revealing he lied during his appearance before the clergy.