ഇനി ഇടവേള 12 മിനിറ്റ് മാത്രം; ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനില്‍ ആറാംതീവണ്ടി വരുന്നു

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ബെംഗളൂരു: ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കുള്ള നമ്മ മെട്രോ യെല്ലോ ലൈനില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. റൂട്ടില്‍ സര്‍വീസ് നടത്താനുള്ള ആറാമത്തെ തീവണ്ടി ഉടന്‍ ട്രാക്കിലിറങ്ങും. ഇതോടെ ഓഫീസ് സമയങ്ങളിലെ സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള 15 മിനിറ്റില്‍നിന്ന് 12 മിനിറ്റായി കുറയും. പുതിയതീവണ്ടിയുടെ മൂന്ന് കോച്ചുകള്‍ തിങ്കളാഴ്ചയും അടുത്ത മൂന്നു കോച്ചുകള്‍ ബുധനാഴ്ചയും ബംഗാളില്‍നിന്ന് റോഡുമാര്‍ഗം അയച്ചിട്ടുണ്ട്.

ബംഗാളിലെ തിടഗാര്‍ റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് ബിഎംആര്‍സിഎല്ലിനായി കോച്ചുകള്‍ നിര്‍മിച്ചുനല്‍കുന്നത്. ഈ മാസം അവസാനം കോച്ചുകളെത്തും. പിന്നീട് പരീക്ഷണയോട്ടത്തിനും സുരക്ഷാ പരിശോധനകള്‍ക്കുംശേഷം അടുത്തമാസം പുതിയതീവണ്ടി സര്‍വീസ് ആരംഭിക്കും.

ആറാം തീവണ്ടി ഓടിത്തുടങ്ങുന്നതോടെ രാവിലെ ആറിന് ആരംഭിക്കുന്ന നിലവിലെ സമയക്രമത്തിന് വ്യത്യാസംവരും. കുറച്ചുകൂടി നേരത്തെ സര്‍വീസ് ആരംഭിക്കാനാണ് സാധ്യത.

രാവിലെ എട്ടുമുതല്‍ 12 വരെയും വൈകീട്ട് നാലുമുതല്‍ ഒന്‍പതുവരെയുമുള്ള ഓഫീസ് സമയത്ത് സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുറഞ്ഞത് പത്തുമിനിറ്റ് ഇടവേളയില്‍ സര്‍വീസ് വേണമെന്നാണ് ആവശ്യം. എട്ട് തീവണ്ടികള്‍ സര്‍വീസ് ആരംഭിച്ചാല്‍ മാത്രമാകും ഇതിന് സാധിക്കുക. ഡിസംബറില്‍ത്തന്നെ ഇതിനുള്ള തീവണ്ടികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആര്‍വി റോഡില്‍നിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈനില്‍ ഓഗസ്റ്റിലാണ് സര്‍വീസ് ആരംഭിച്ചത്.

നമ്മ മെട്രോയുടെ പ്രവര്‍ത്തനക്ഷമമായ മൂന്നാമത്തെ ലൈനാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. മൂന്ന് ട്രെയിന്‍ മാത്രമാണ് തുടക്കത്തില്‍ ഈ ലൈനില്‍ സര്‍വീസ് നടത്തിയിരുന്നത്. 25 മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു സര്‍വീസുകള്‍.

സെപ്റ്റംബറില്‍ ഒരു വണ്ടികൂടി സര്‍വീസിനെത്തി. ഇതോടെ ഇടവേള 19 മിനിറ്റായി കുറഞ്ഞു. പിന്നീട് അഞ്ചാംതീവണ്ടി എത്തിയതോടെ ഓഫീസ് സമയത്തെ ഇടവേള 15 മിനിറ്റായി കുറയുകയായിരുന്നു. നിലവില്‍ ഈ റൂട്ടില്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ പ്പേര്‍ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. സര്‍വീസിന്റെ എണ്ണംവര്‍ധിക്കുമ്പോള്‍ ഇനിയും ഉയരും.

5,056.99 കോടി രൂപ മുടക്കിയാണ് യെല്ലോ ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആര്‍വിറോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകള്‍ ഈ റൂട്ടിലുണ്ട്. പൂര്‍ണമായും ആകാശപ്പാതയിലൂടെയുള്ള ഈ മെട്രോ സര്‍വീസ് നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് ഒരുപരിധിവരെ സഹായമായിട്ടുണ്ട്.

Content Highlights: Namma Metro`s Yellow Line is adding more trains to serve Electronics City. Reduced wait times during peak office hours. Learn more about the upcoming service enhancements.