പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം

#ന്യൂസ് ഡെസ്ക്
Photo: @venom1s
Photo: @venom1s

ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പരാതിക്കാരനായ ഡോക്ടർ 'സീരിയൽ റേപിസ്റ്റ്' ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കമല എന്ന നഴ്സ് ആരോപിച്ചു. ഡോക്ടറിന്റെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരെയാണ് ഇയാൾ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് കമല ആരോപിക്കുന്നത്. വെള്ളിയാഴ്ച ബാർമർ കോടതിയിൽ ഹാജരാക്കുന്നതിനു തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണ് ഇവർ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും ഡോക്ടർക്കെതിരെ താൻ നൽകിയ പരാതികൾ ഒതുക്കിത്തീർക്കാനാണ് ഈ കേസ് ഉണ്ടാക്കിയതെന്നും നഴ്സ് അവകാശപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച പോലീസ് ചൊവ്വാഴ്ച ഇവരെ ബാർമർ കോടതിയിൽ ഹാജരാക്കി.

"അതിജീവിതമാരിൽ ചിലർ പോലീസിനെ സമീപിച്ചിരുന്നു. പക്ഷേ, ഡോക്ടർ പണം നൽകി കേസുകളെല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും ഇതിൽ പങ്കുണ്ട്. ഈ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് തനിക്കെതിരെയുള്ള തട്ടിപ്പുകേസ് കെട്ടിച്ചമച്ചത്"- യുവതി ആരോപിച്ചു. ആരോപണങ്ങളോട് പോലീസ് പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണവുമില്ല.

ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് യുവതി രണ്ടു കോടി രൂപ ചോദിച്ചുവെന്നും ഇതിൽ 35 ലക്ഷത്തോളം രൂപ ഡോക്ടറുടെയും ആശുപത്രിയുടെയും ബാങ്ക് അക്കൗണ്ടിൽനിന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും പോലീസ് വ്യക്തമാക്കി. ബ്ലാങ്ക് ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും തന്നെക്കൊണ്ട് ബലമായി ഒപ്പിടുവിച്ചുവെന്നും അത് അവർ ലോക്കറിൽ വെച്ചിരിക്കുകയാണെന്നും ഡോക്ടർ ആരോപിച്ചിട്ടുണ്ട്. അന്വേഷണസംഘം സാമ്പത്തിക ഇടപാടുകളും ബാങ്ക് റെക്കോഡുകളും പരിശോധിക്കുകയാണ്. പരാതിപ്രകാരം യുവതി സിസിടിവി ക്യാമറകൾ വഴി ഡോക്ടറെ സദാ നിരീക്ഷിക്കുകയായിരുന്നു. ഡോക്ടറുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ മറ്റൊരു ഫോണും സിം കാർഡും യുവതി കൊടുത്തിരുന്നു. അത് സദാസമയവും സ്വിച്ച്ഡ് ഓൺ ആയിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് ഇമെയിലുകളും സന്ദേശങ്ങളും ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തുവെന്നും അവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്ന് ബാർമർ സിറ്റി കോട്‌വാലി പോലീസ് പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ആരോപണങ്ങളെല്ലാം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് പറഞ്ഞു. 2020-ലെ ബാർമർ പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ യുവതി മത്സരിച്ചുവെന്നും 58 വോട്ടിന് പരാജയപ്പെട്ടെന്നും പോലീസ് കണ്ടെത്തി. മൂന്നുവർഷമായി ഭർത്താവിൽനിന്ന് അകന്നുകഴിയുന്ന യുവതി ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിനും ശാരീരികപീഡനത്തിനും കേസ് കൊടുത്തിരുന്നു. 2010-ൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ യുവതി 2016 മുതൽ ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്.

Content Highlights: A doctor in Barmer was arrested following digital evidence collection., Victims allege the doctor used money to suppress previous cases., The accused claims a fraud case against her was fabricated to silence whistleblowers., Hospital staff are also under investigation for their potential involvement.