ബറേലിയില്‍ സംഘര്‍ഷം രൂക്ഷം; പ്രാദേശിക മതനേതാവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

ബറേലിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നു | Photo : PTI
ബറേലിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നു | Photo : PTI

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വെള്ളിയാഴ്ച നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക മതപണ്ഡിതനും പ്രദേശിക രാഷ്ട്രീയകക്ഷിയായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സിലിന്റെ നേതാവുമായ തൗഖീര്‍ റാസയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 'ഐ ലവ് മുഹമ്മദ്’ ക്യാമ്പയിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധ ആഹ്വാനമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. ക്യാമ്പയിനെ പിന്തുണച്ച് റാസ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടിയതായും ഏതെങ്കിലും പരിപാടിക്കോ ജാഥയ്‌ക്കോ അനുമതി നല്‍കിയിട്ടില്ലെന്ന് റാസയുടെ പ്രതിനിധികളെ വ്യക്തമായി അറിയിച്ചിരുതായും അധികൃതര്‍ വ്യക്തമാക്കി. റാസയെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരു തരത്തിലുള്ള ഒത്തുചേരലും അനുവദിക്കില്ലെന്ന് റാസയുടെ പ്രതിനിധിയെ അറിയിച്ചിരുന്നതായും അവര്‍ അത് സമ്മതിക്കുകയും മാര്‍ച്ച് നടത്തില്ലെന്ന് ഉറപ്പ് നല്‍കിരുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് സിങ് എന്‍ഡിടിവിയോട് പ്രതികരിച്ചു. എന്നാല്‍, വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം ചിലര്‍ പ്രതിഷേധസമാന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചതോടെ സാഹചര്യം സംഘര്‍ഷഭരിതമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം ആളുകളും സമാധാനപരമായി പിരിഞ്ഞുപോയെങ്കിലും, ജനക്കൂട്ടത്തിലെ ഒരു വിഭാഗം ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതായി ബറേലി സീനിയര്‍ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നാല്‍പതിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ലഹള, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം തിരിച്ചറിയാത്ത 1,700 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബറേലിയില്‍ വന്‍സംഘര്‍ഷം ഉണ്ടായതായും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും സംഘര്‍ഷത്തില്‍ 10 പോലീസുകാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. റാസയുടെ വീടിന് പുറത്ത് തടിച്ചുകൂടിയ വലിയ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുന്നതിന്റെയും  പ്ലക്കാര്‍ഡുകള്‍ പിടിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബറേലിയിലെ അധികാരികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍േദശം നല്‍കി.

ക്യാമ്പയിനെ പിന്തുണച്ചുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു സംഘം ആളുകള്‍  കടകളും വാഹനങ്ങളും തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിന് കാരണമായി. ഉത്തര്‍പ്രദേശിലെ ഉന്നാവോ, മഹാരാജ്ഗഞ്ച്, ലഖ്നൗ, കൗശാംബി എന്നിവിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ നാലിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന നബിദിന ഘോഷയാത്രയ്ക്കിടെ വഴിയരികിലുണ്ടായിരുന്ന ഒരു ടെന്റില്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 

ആഴ്ചകള്‍ക്കുശേഷം, വാരാണസിയില്‍ പോസ്റ്ററുകള്‍ക്കെതിരെ 'ഐ ലവ് മഹാദേവ്' പ്ലക്കാര്‍ഡുകളുമായി മതനേതാക്കള്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. സാമുദായിക സമാധാനം തകര്‍ക്കാനുള്ള 'പ്രകോപനപരമായ' ശ്രമങ്ങളോടുള്ള പ്രതികരണമായാണ് തങ്ങളുടെ പ്രതിഷേധമെന്നും മതനേതാക്കള്‍ അവകാശപ്പെട്ടു.

Content Highlights: Bareilly cleric Tauqeer Raza arrested for inciting violence during `I Love Mohammed` campaign protests. Several others detained and cases registered.