എസ്പി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലയുടെ 1,170 കോടിയുടെ ആസ്തി കണ്ടുകെട്ടി ഇഡി

#ന്യൂസ് ഡെസ്‌ക്
അസം ഖാൻ | Photo: PTI
അസം ഖാൻ | Photo: PTI

ലഖ്‌നൗ: ഉത്തർ പ്രദേശിലെ മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും ആസ്തികളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്വകാര്യ സർവകലാശാല.

അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. നിലവിലെ വിപണിവിലയനുസരിച്ച് 1,170 കോടിരൂപയുടെ മൂല്യംവരുന്ന ആസ്തികളാണ് കണ്ടുകെട്ടിയിട്ടുള്ളതെന്ന് വിഷയത്തെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ ഇഡി വ്യക്തമാക്കി.

രാംപുറിലാണ് മൊഹമ്മദ് അലി ജൗഹർ സർവകലാശാലയും അതിന്റെ ക്യാമ്പസും പ്രവർത്തിക്കുന്നത്. മൗലാന മൊഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് ഇതിന്റെ ഉടമസ്ഥർ. ഈ ട്രസ്റ്റിന്റെ സ്ഥാപകൻ അസം ഖാനാണ്. നിയന്ത്രിക്കുന്നതും അദ്ദേഹമാണ്. സർവകലാശാലയുടെ ഓണററി ചാൻസലർ പദവിയും അസം ഖാൻ വഹിക്കുന്നുണ്ട്.

സർവകലാശാലയുടെ വികസനത്തിനുവേണ്ടി സർക്കാർ ഫണ്ടും നിർമാണ സാമഗ്രികളും മറ്റ് പൊതുവിഭവങ്ങളും വഴിമാറ്റിയെന്ന് കണ്ടെത്തിയതായി ഇഡി പറയുന്നു. ക്യാമ്പസിന്റെ നിർമാണത്തിനുപയോഗിച്ചിട്ടുള്ള പണത്തിൽ വലിയൊരുപങ്കും നിയമാനുസൃതമായ ഉറവിടത്തിൽനിന്നുള്ളതല്ലെന്നും ഏജൻസി കൂട്ടിച്ചേർക്കുന്നു.

പൊതുമരാമത്ത് ജോലികൾക്കായുള്ള സർക്കാർപണം സർവകലാശാലയ്ക്ക് വേണ്ടി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നഗരവികസനകാര്യവകുപ്പുമന്ത്രിയായിരുന്നു (2015-2016) അസം ഖാൻ. സർവകലാശാല ക്യാമ്പസിൽ നിർമാണ പ്രവൃത്തികൾ ചെയ്ത ഉത്തർ പ്രദേശ് ജൽ നിഗം അദ്ദേഹത്തിന്റെ വകുപ്പിനുകീഴിൽ വരുന്നതായിന്നെന്നും ഇഡി പറയുന്നു.

Content Highlights: ED attached assets worth Rs 1,170 crore belonging to Mohammad Ali Jauhar University., The university is controlled by Samajwadi Party leader Azam Khan., Action taken in connection with a money laundering and fund diversion case., Public funds were allegedly misused for the construction of the university campus.