കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെതിരേ മാനനഷ്ട നോട്ടീസയച്ച് അശുതോഷ് റങ്ക; ‘പാകിസ്താൻ ഫണ്ട്’ ആരോപണത്തിൽ തെളിവ് നൽകണമെന്ന് ആവശ്യം

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് മാനനഷ്ട നോട്ടീസയച്ച് കോക്രോച്ച് ജനതാ പാർട്ടി സഹകൺവീനർ അശുതോഷ് റങ്ക. പാകിസ്താനിൽനിന്ന് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തിനെതിരേയാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമുള്ള ആവശ്യങ്ങൾ നോട്ടീസിൽ ഉന്നയിച്ചിട്ടുണ്ട്.
നഷ്ടപരിഹാരമായി മൂന്ന് കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു സംഘടനയ്ക്ക് ഈ തുക സംഭാവനയായി നൽകുമെന്നും അശുതോഷ് വ്യക്തമാക്കി.
കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രവേശനം നേടാൻ കഠിന പരിശ്രമം നടത്തിയിട്ടുണ്ടെന്നും മക്കിൻസി കമ്പനിയിലെ ഉയർന്ന ശമ്പളമുള്ള ജോലിയും ലണ്ടനിലെ സുഖജീവിതവും വെടിഞ്ഞാണ് രാജ്യത്തെ സേവിക്കാനായി മടങ്ങിയതെന്നും അശുതോഷ് റങ്ക എക്സിൽ വ്യക്തമാക്കി.
മക്കിൻസി മുതലായ സ്ഥാപനങ്ങളിലായുള്ള തന്റെ തൊഴിൽവിവരങ്ങൾ സംബന്ധിച്ച കൃത്യമായ രേഖകൾ പക്കലുണ്ടെന്നും രാജ്യത്തെ നികുതി നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അശുതോഷ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി പൊതുരംഗത്ത് പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളിൽ ഉത്തരം മുട്ടുമ്പോൾ ചോദ്യകർത്താവിനെ ആക്രമിക്കുന്നു. വിയോജിപ്പുകളെ നിശബ്ദമാക്കാനാണ് ‘പാകിസ്താൻ ഫണ്ട്’ ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും അശുതോഷ് റങ്ക എക്സിൽ കുറിച്ചു.
സിജെപിയുടെ അഭിഭാഷകനായ അഭിക് ചിമ്നി മുഖേനയാണ് ജിതേന്ദ്ര സിങ്ങിന് നോട്ടീസ് അയച്ചതെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. റങ്കയ്ക്ക് ഫണ്ട് ലഭ്യമാക്കിയെന്ന് ആരോപിക്കപ്പെടുന്ന പാകിസ്താൻ രാഷ്ട്രീയക്കാരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും കൈപറ്റിയ തുക, ഇടപാട് നടന്ന തീയതി, അക്കൗണ്ട് വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പുറത്തുവിടാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി അശുതോഷ് റങ്കയ്ക്ക് ജോലി ചെയ്ത് കിട്ടിയ വരുമാനം നിയമാനുസൃതമാണെന്നും കൃത്യമായ ബാങ്കിങ് സംവിധാനങ്ങളിലൂടെയാണ് ലഭിച്ചതെന്നും ഇൻകം ടാക്സ് റിട്ടേണുകളിൽ വരുമാനം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. ആരോപണത്തിന് അടിസ്ഥാനമായ തെളിവുകളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ലെന്നും നോട്ടീസിലുണ്ട്.
Content Highlights: Cockroach Janata Party co-convenor Ashutosh Ranka sent a defamation notice to Union Minister Jitendra Singh., The notice demands a public apology and Rs 3 crore in damages for false Pakistan funding allegations., Ranka clarified his background, tax compliance, and legal income sources on social media., The compensation amount is proposed to be donated to an educational organization in India.