കോടതിയലക്ഷ്യ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസ്വാമി

അർണബ് ഗോസ്വാമി | Photo:AFP
അർണബ് ഗോസ്വാമി | Photo:AFP

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ടെറി മേധാവിയുമായ ആര്‍.കെ പച്ചൗരി സമര്‍പ്പിച്ച കോടതിയലക്ഷ്യ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ്  റിപബ്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഒരു ആഴ്ചയ്ക്കുള്ളില്‍ മാപ്പ് രേഖപ്പെടുത്തിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അര്‍ണബിന്റെ അഭിഭാഷക വ്യക്തമാക്കി.

ദ എക്കണോമിക്ക് ടൈംസ് സീനീയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാഘവ് ഒഹ്‌റി വിഷയത്തില്‍ നേരത്തെ മാപ്പ് രേഖപ്പെടുത്തിയിരുന്നു. 

ടെറി ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന സമയത്ത് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം പച്ചൗരിക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. ഇക്കാര്യത്തില്‍ തന്നെ മാധ്യമങ്ങള്‍ വിചാരണയ്ക്ക് വിധേയനാക്കുന്നുവെന്നും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അപകീര്‍ത്തികരമാണെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇത്തരം നടപടികൾ തന്റെ കേസിൽ മുൻവിധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2016 ഫെബ്രുവരിയിലാണ് രാജ്യത്തെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പച്ചൗരി കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കുന്നത്. 2020 ഫെബ്രുവരി 13-ന് ആര്‍.കെ പച്ചൗരി അന്തരിച്ചു.
 

Content Highlights: Arnab Goswami tells Delhi High Court he will tender unconditional apology in contempt of court case