ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണമെന്ന് സുപ്രീംകോടതി; പുതുക്കിയ നിർവചനം മരവിപ്പിച്ചു

ന്യൂഡൽഹി: ആരവല്ലി മലനിരകളെ സംബന്ധിച്ച പുതുക്കിയ നിർവചനം സുപ്രീം കോടതി മരവിപ്പിച്ചു. നൂറുമീറ്ററോ അതിൽക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിർവചനത്തിന് വ്യക്തത വേണമെന്നാണ് സുപ്രീംകോടതി സർക്കാരിനോടാവശ്യപ്പെട്ടത്. പുതിയ നിർവചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി.
പുതിയ നിർവചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇത്തരമൊരു പരിമിതമായ നിർവചനംവഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വർധിക്കാൻ ഇടയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുന്നുകളുടെ ഉയരവും കുന്നുകൾക്കിടയിലെ അകലവും സംബന്ധിച്ചും ഇവയ്ക്കിടയിൽ ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ആരവല്ലി നിരകളുടെ പാരിസ്ഥിതികമായ തുടർച്ച എങ്ങനെ നിലനിർത്തും എന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമപരമായ ചട്ടക്കൂടുകളിൽ വിടവുകൾ ഉണ്ടെങ്കിൽ, പർവതനിരകളുടെ ഘടനാപരമായ തുടർച്ച കാത്തുസൂക്ഷിക്കാൻ സമഗ്രമായ വിലയിരുത്തൽ ആവശ്യമാകില്ലേയെന്നും കോടതി ചോദിച്ചു. ഇതിനുള്ള മറുപടി സർക്കാർ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണം. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നത്.
പുതിയ നിർവചനപ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധസമിതിയെ രൂപവത്കരിക്കുമെന്നും കോടതി പറഞ്ഞു. സർക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതിൽ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഇക്കഴിഞ്ഞ നവംബർ 20-ന്റെ സുപ്രീം കോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിർവചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പിൽനിന്ന് നൂറ് മീറ്ററോ അതിൽക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിർവചനത്തിൽ വരിക. 500 മീറ്റർ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിർവചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല.
ആരവല്ലി കുന്നിനും മലനിരകൾക്കുമേർപ്പെടുത്തിയിട്ടുള്ള കർശനമായ ഖനനവിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അങ്ങനെവരുമ്പോൾ ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിർവചനപരിധിക്ക് പുറത്താകും. അതിനാൽ, ഖനനമാഫിയക്ക് വലിയ ചൂഷണത്തിന് അവസരമൊരുങ്ങുമെന്ന ആശങ്കയാണ് പരിസ്ഥിതിസ്‌നേഹികൾക്കുള്ളത്. ഇവരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
Content Highlights: Supreme Court demands clarity on the new definition of Aravalli hills, questioning the 100-meter height criteria after widespread protests. Case heard by Chief Justice Surya Kant.