രാജ്യസഭയും കടന്ന് പരീക്ഷാബിൽ; പ്രശംസിച്ച് മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള ബിൽ രാജ്യസഭയിലും പാസായതിന് പിന്നാലെ സോഷ്യൽ മീഡിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാബിൽ പാസായതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയിലെ പ്രവേശന പരീക്ഷ സംവിധാനം പരിഷ്‌കരിക്കുന്നതിലെ വലിയ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷാസംവിധാനങ്ങൾ കൂടുതൽ ദൃഢമാകും. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെ സംഘത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. പ്രവേശന-മത്സര പരീക്ഷാത്തട്ടിപ്പുകാർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

 
 

ശബ്ദവോട്ടോടെയാണ് രാജ്യസഭയിൽ ബിൽ പാസായത്. വ്യാഴാഴ്ച ലോക്സഭയും പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടേമുക്കാൽവരെ നീണ്ട ചർച്ചയ്ക്കിടയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. ചർച്ച ഏതാണ്ട് പൂർത്തിയായതിനുപിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

മന്ത്രിയുടെ മറുപടി കേൾക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയത് ജനാധിപത്യമര്യാദയ്ക്ക് നിരക്കാത്തതാണെന്ന് സഭാ നേതാവ് ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി. പരീക്ഷാ ചോദ്യപ്പപ്പർ ചോർച്ചയോട് സർക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ ആരെയും അനുവദിക്കില്ലെന്നുമുള്ളതിന്റെ തെളിവാണ് ചോദ്യപ്പേപ്പർ ചോർച്ച വിരുദ്ധ നിയമത്തിലെ ഭേദഗതിയെന്നും ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

സംസ്ഥാന സിലബസിലുള്ള കുട്ടികൾക്ക് സി.ബി.എസ്.ഇ. കുട്ടികളോട് മത്സരിക്കാനാവുന്നില്ലെന്നും പരിശീലന സ്ഥാപനങ്ങളെ തടയാൻ നിയന്ത്രണ സംവിധാനങ്ങളുണ്ടാവണമെന്നും സി.പി.ഐ. അംഗം പി. സന്തോഷ് കുമാർ പറഞ്ഞു. വിദ്യാർഥികളെ മർദിച്ചതിന് ഉത്തരവാദി അമിത് ഷായാണെന്നും അദ്ദേഹം സഭയിലെത്തി പ്രസ്താവന നടത്തണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പർ ചോർച്ചയുടെ യഥാർഥകാരണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നിർദിഷ്ട നിയമനിർമാണം വെറുമൊരു ശിക്ഷാനടപടി മാത്രമാണെന്ന് മുസ്ലിംലീഗ് അംഗം ഹാരിസ് ബീരാൻ പറഞ്ഞു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡി.എം.കെ. എം.പി. കനിമൊഴി, എസ്.പി. അഗം രാം ഗോപാൽ യാദവ്, പി.എം.കെ. എം.പി. അൻപുമണി രാംദാസ് എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്നും ഇവർ പറഞ്ഞു.

Content Highlights: Parliament passes the Anti-Exam Malpractice Bill to curb paper leaks., PM Narendra Modi emphasizes the bill as a major step in reforming India's entrance exam system., The law introduces strict penalties for organized groups involved in paper leaks., Opposition members raised concerns regarding NEET and state-level exam autonomy.