‘ബിജെപിയുമായോ ആർഎസ്എസുമായോ ബന്ധമില്ല’; സോണിയയുടെ പുസ്തകത്തിലെ ആരോപണം തള്ളി അണ്ണാ ഹസാരെ

ന്യൂഡൽഹി: 2011–12 കാലത്ത് രാജ്യത്ത് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം തള്ളി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ താഴെയിറക്കുകയായിരുന്നു പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന സോണിയയുടെ പരാമർശത്തോടാണ് ഹസാരെ വിയോജിച്ചത്. ബിജെപിയുമായോ ആർഎസ്എസുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവരുടെ പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും ഹസാരെ പറഞ്ഞു. തന്റെ പ്രക്ഷോഭം കാരണമാണ് മൻമോഹൻ സിങ് സർക്കാരിന് 2014-ലെ തിരഞ്ഞെടുപ്പിൽ പരാജയമുണ്ടായതെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനമെന്നും ഹസാരെ ചോദിച്ചു.
'സോണിയ ഗാന്ധി ഇതുവരെ എന്നെ കണ്ടിട്ടില്ല. ഞാനും അവരെ കണ്ടിട്ടില്ല. പരസ്പരം കാണുകപോലും ചെയ്യാത്തവർ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത് എത്രത്തോളം ഉചിതമാണ്?', ഹസാരെ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും അവ്യക്തമായ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയും ആർഎസ്എസും രഹസ്യമായി സംഘടിപ്പിച്ചതാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2012ൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' പ്രക്ഷോഭമെന്ന് സോണിയ ഗാന്ധി തന്റെ ഓർമക്കുറിപ്പിൽ ആരോപിച്ചിരുന്നു. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായി ഉയർന്നുവന്ന ഹസാരെയെ പരാമർശിച്ചുകൊണ്ടാണ് കുറിപ്പ്. പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർ ബിജെപിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതായും സോണിയ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
അഴിമതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രചാരണം നടത്തിയ പ്രക്ഷോഭം അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ വലിയ രാഷ്ട്രീയ സമ്മർദത്തിലാക്കിയിരുന്നു.
Content Highlights: Anna Hazare strongly rejected Sonia Gandhi's claims in her memoir 'Belonging: A Journey of Love'., He clarified that he has no connection with the BJP or RSS and prioritizes only the nation., Hazare questioned the basis of claims that his movement led to the UPA government's 2014 defeat., He stated that responsibility comes with holding official positions and vague remarks harm credibility.