'പ്രിയ രാഹുല്‍,നിങ്ങളുടെ ‍മന്ത്രിയോട് വിഷലിപ്തമായ പ്രസ്താവന പിൻവലിക്കാൻ പറയൂ'- അമല

അമല അക്കിനേനി, സമാന്ത| ഫോട്ടോ: Toms g ottaplavan,  Instagram/ @samantharuthprabhuoffl
അമല അക്കിനേനി, സമാന്ത| ഫോട്ടോ: Toms g ottaplavan, Instagram/ @samantharuthprabhuoffl

ഹെെദരാബാദ്: തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയുടേയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതുമായി ബന്ധപ്പെട്ട് തെലങ്കാന വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തുമായി നടിയും  നാഗാര്‍ജുനയുടെ ഭാര്യയുമായ  അമല അക്കിനേനി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അമല പ്രതികരിച്ചിരിക്കുന്നത്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്.

വനിതാ മന്ത്രി രാക്ഷസരൂപത്തില്‍ മാറി ഇല്ലാകഥകള്‍ ചമയുന്നതില്‍ ഞട്ടലുണ്ടാക്കുന്നതാണ്. സമൂഹത്തില്‍ സമാധാനപരമായി ജീവിക്കുന്ന പൗരന്മാരെ രാഷ്ട്രീയ പോരിനായി വിനിയോഗിക്കുകയാണ്. ഒരു നാണവുമില്ലാതെ എന്റെ ഭര്‍ത്താവിനു നേരെ അപകീര്‍ത്തിപ്പെടുത്ത കഥകള്‍ പ്രചരിപ്പിക്കാനായി മര്യാദയില്ലാത്ത ഒരു പറ്റം ആളുകളുടെ വാക്കുകള്‍ നിങ്ങള്‍ വിശ്വാസത്തില്‍ എടുക്കുകയോണോ എന്നും വനിതാ മന്ത്രിയോട് അമല പോസ്റ്റിലൂടെ ചോദിക്കുന്നു.

പ്രിയപ്പെട്ട രാഹുൽ, ക്രിമിനലുകളെ പോലെ തരംതാണ രീതിയില്‍ നേതാക്കള്‍ മാറിയാല്‍ രാജ്യത്തെ സ്ഥിതി എന്താകും? മാനുഷിക മര്യാദയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ നേതാക്കളോട്  ഇത്തരം  കാര്യങ്ങളിൽ നിന്ന് വിട്ടുനില്‍ക്കാന്‍ പറയണമെന്നും വിഷലിപ്തമായ പ്രസ്താവന പിന്‍വലിച്ച് മന്ത്രിയോട് തങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാന്‍ പറയണമെന്നും പോസ്റ്റില്‍ പറയുന്നു.

നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കുന്നതിന് പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര്‍ ആവശ്യപ്പെട്ടുവെന്നും ഇത് സാമന്ത വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്.

നേരത്തെ, മന്ത്രി അവരുടെ വിവാദപ്രസ്താവന പിന്‍വലിച്ച് താരങ്ങളോട് മാപ്പുപറഞ്ഞിരുന്നു. തന്നെ അപമാനിച്ച കെ.ടി.ആറിനെ ഉദ്ദേശിച്ചായിരുന്ന തന്റെ പരാമര്‍ശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംഭവം വിവാദമായതോടെ സാമന്ത, നാഗചൈതന്യ, പിതാവ് നാഗാര്‍ജുന എന്നിവര്‍ കൊണ്ട സുരേഖയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ സാമന്തയും തന്റെ പ്രതികരണം അറിയിച്ചിരുന്നു.

2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: amala akkineni response on samantha ruth prabhu naga chaitanya konda surekha issue