ഇൻസ്റ്റ ചാറ്റിലൂടെമാത്രം ഭാര്യയുടെ അനാശാസ്യം തെളിയിക്കാനാവില്ല -അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഭാര്യ നിരന്തരമായി അനാശാസ്യത്തിൽ ഏർപ്പെടുകയാണെന്നു സ്ഥാപിക്കാൻ സാമൂഹികമാധ്യമ ചാറ്റുകൾമാത്രം പോരെന്നും മറ്റൊരാളുമായി ശാരീരിക ബന്ധം പുലർത്തിയതിന്റെയോ ഒരുമിച്ചുതാമസിക്കുന്നതിനോ വ്യക്തമായ തെളിവുകൾ വേണമെന്നും അലഹാബാദ് ഹൈക്കോടതി. ഭാര്യക്ക് ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരേ ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജയ് കൃഷ്ണ ഉപാധ്യായയുടെ നിരീക്ഷണം.
ഭാര്യ മറ്റൊരു അഭിഭാഷകനുമായി അവിഹിതബന്ധത്തിലാണെന്നും അതിനാൽ അവർക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്നുമായിരുന്നു ഭർത്താവിന്റെ വാദം. ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റുകളുടെ പ്രിന്റൗട്ടുകളും ഭർത്താവ് കോടതിയിൽ ഹാജരാക്കി. ഭാര്യക്ക് അനുകൂലമായി ചന്ദൗസിയിലെ സംഭാൽ കുടുംബകോടതി പുറപ്പെടുവിച്ച ജീവനാംശ ഉത്തരവിനെ ചോദ്യംചെയ്താണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭാഷണമോ, ഔദ്യോഗിക ബന്ധങ്ങളോ, അടിസ്ഥാനരഹിതമായ സംശയങ്ങളോ, അല്ലെങ്കിൽ ഒരുതവണ സംഭവിച്ച വീഴ്ചയോകൊണ്ട് ഒരാൾ ‘അനാശാസ്യജീവിതം’ നയിക്കുകയാണെന്നു വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Content Highlights: Allahabad High Court ruled that social media chats alone are insufficient to prove adultery., Clear evidence of physical relationship or cohabitation is required to deny maintenance to a wife., Court dismissed the husband's petition challenging the family court's maintenance order.