'അവര്‍ ഇവിടെ ജോലിചെയ്യുന്നു, അല്ലാതെ മറ്റൊരു ബന്ധവുമില്ല'; മൗനം വെടിഞ്ഞ് അല്‍-ഫലാഹ് സര്‍വകലാശാല

ന്യൂഡല്‍ഹി: രണ്ട് ഡോക്ടര്‍മാരെ ഭീകരവാദക്കേസില്‍ അറസ്റ്റ്‌ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ഹരിയാണയിലെ 'അല്‍-ഫലാഹ്' സര്‍വകലാശാല. അറസ്റ്റിലായ ഡോക്ടര്‍മാര്‍ സര്‍വകലാശാലയില്‍ ജോലിചെയ്യുന്നു എന്നതല്ലാതെ ഇവരുമായി സര്‍വകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഭുപീന്ദര്‍ കൗര്‍ ആനന്ദ് അറിയിച്ചു.
കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇതില്‍ സ്ഥാപനത്തിന് അഗാധമായ ദുഃഖവും വേദനയുമുണ്ട്. ഇത്തരം സംഭവങ്ങളെ ശക്തമായി അപലിക്കുന്നതായും ഇതില്‍ ഇരകളായ നിരപരാധികളോടൊപ്പമാണ് സര്‍വകലാശാലയെന്നും വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ സ്‌ഫോടകവസ്തുക്കളുമായി ഡോക്ടര്‍മാര്‍ പിടിയിലാവുകയും ഡല്‍ഹിയില്‍ ചാവേറാക്രമണമുണ്ടാവുകയുംചെയ്തതിന് ശേഷം ഇതാദ്യമായാണ് അല്‍-ഫലാഹ് സര്‍വകലാശാല പ്രതികരണം നടത്തിയത്.
സര്‍വകലാശാലയ്‌ക്കെതിരേ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കഥകളാണെന്നും ഇത് അപകീര്‍ത്തികരമാണെന്നുമാണ് അല്‍-ഫലാഹ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസിലെ ലാബുകളില്‍ രാസവസ്തുക്കളുടെ നിര്‍മാണമോ സാന്നിധ്യമോ ഇല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
അല്‍-ഫലാഹ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരായ മുസമ്മില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരെയാണ് കഴിഞ്ഞദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ്‌ചെയ്തത്. ഇതിനുപിന്നാലെയാണ് ഇതേ സര്‍വകലാശാലയിലെ ഡോക്ടറായ ഉമര്‍ നബി ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേറായി ആക്രമണം നടത്തിയത്.
70 ഏക്കറിലായി ക്യാമ്പസ്...
ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിന് സമീപത്തുള്ള ദൗജിലാണ് അല്‍-ഫലാഹ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. 2014-ല്‍ അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിതമായത്. താട്ടടുത്തവര്‍ഷം സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരവും ലഭിച്ചു.
1995-ല്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് 1997-ല്‍ ഒരു എന്‍ജിനിയറിങ് കോളേജാണ് ആദ്യമായി സ്ഥാപിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ്, ആര്‍ട്‌സ് കോളേജ് തുടങ്ങിയവയും ആരംഭിക്കുകയായിരുന്നു.
അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 2019 മുതലാണ് എംബിബിഎസ് പ്രവേശനം ആരംഭിച്ചത്. 650 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയാണിത്. 200 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ഏകദേശം 74.5 ലക്ഷം രൂപയാണ് എംബിബിഎസ് കോഴ്‌സിന്റെ ഫീസ്.
Content Highlights: Al-Falah University clarifies its position after two doctors were arrested in a terror case. The university states it has no affiliation beyond their employment. Read their full statement.