മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസ് പ്രതികളെ വെറുതേവിടണമെന്ന അപേക്ഷ കോടതി തള്ളി; യുപി സർക്കാരിന് തിരിച്ചടി

ലഖ്നൗ: പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിൽ 50കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതിയാണ് ഹർജി തള്ളിക്കളഞ്ഞത്. വിചാരണ വേഗത്തിലാക്കാനുംനിർദേശം നൽകി.
യുപി ദാദ്രിയിൽ 2015 സെപ്റ്റംബർ 28-നാണ് പശുക്കിടാവിനെ കൊന്നെന്ന് മൈക്കിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് 18 പ്രതികൾ അഖ്‌ലാഖിനെ വീട്ടിൽനിന്നു വലിച്ചിറക്കി മർദിച്ചുകൊന്നത്. ആട്ടിറച്ചിയാണെന്നു കുടുംബം പറഞ്ഞിട്ടും മർദനം തുടർന്നു. ഫ്രിജിൽനിന്നു ലഭിച്ച ഇറച്ചി യുപി മൃഗസംരക്ഷണവകുപ്പ് പരിശോധിച്ച് ആട്ടിറച്ചിയാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു കുറ്റപത്രത്തിൽനിന്ന് പശുവിറച്ചി എന്ന പരാമർശം ഒഴിവാക്കിയിരുന്നു. രാജ്യമാകെ വൻ പ്രതിഷേധത്തിനു വഴിവെച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയാണ് ഒന്നാംപ്രതി. 18 പ്രതികളിൽ രണ്ടുപേർ രോഗം മൂലം മരിച്ചു.
വിധിയെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് സ്വാഗതം ചെയ്തു
വിധി ഉത്തർപ്രദേശ് സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പ്രതികരിച്ചു.
‘‘നീതിയിലേക്കുള്ള വലിയ ചുവടുവെപ്പാണിത്. നീതിന്യായ നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ച യുപി ഡബിൾ എൻജിൻ സർക്കാരിന്റെ മുഖത്തേറ്റ അടിയാണിത്. ഇത്തരം കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന മറ്റു സർക്കാരുകൾക്കുള്ള മുന്നറിയിപ്പും.’’-അവർ പറഞ്ഞു.
Content Highlights: Court rejects UP government`s plea to withdraw lynching case of Mohammad Akhlaq. Judge orders speedy trial. Read details of the controversial 2015 Dadri incident.