ശരത് പവാറിനെതിരേ അജിത് പവാര്‍; കുടുംബത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആരോപണം

ശരദ് പവാര്‍, അജിത് പവാര്‍ | Photo: ANI, PTI
ശരദ് പവാര്‍, അജിത് പവാര്‍ | Photo: ANI, PTI

മുംബൈ: ബാരാമതിയില്‍ തനിക്കെതിരേ പവാര്‍ കുടുംബത്തിലെ അംഗത്തെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ശരദ് പവാര്‍ കുടുംബത്തിലും ഭിന്നതയുണ്ടാക്കിയെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. ബാരാമതിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍.

മണ്ഡലത്തില്‍ തനിക്കെതിരേ വേറാരെയെങ്കിലും മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കൊച്ചുമകന്‍ യുഗേന്ദ്ര പവാറിനെ അദ്ദേഹം സ്ഥാനാര്‍ഥിയായി നിര്‍ത്തിയെന്നും അജിത് പവാര്‍ പറഞ്ഞു. ഇതിലൂടെ ശരദ് പവാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അജിത് പവാര്‍ ആരോപിച്ചു.

1991 മുതല്‍ അജിത് പവാറാണ് ബാരാമതിയില്‍നിന്ന് മത്സരിച്ച് എം.എല്‍.എ ആയത്. എന്നാല്‍, 2019-ല്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് കീഴില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പിളര്‍പ്പിന് തുടക്കം കുറിക്കുകയായിരുന്നു.

അജിത് പവാറിനെ തിരിച്ചുകൊണ്ടുവന്ന് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയെങ്കിലും 2023-ല്‍ എന്‍.സി.പിയെ നെടുകെ പിളര്‍ത്തി അജിത് വീണ്ടും എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് അജിത് പവാര്‍ വിഭാഗത്തിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlights: Ajit Pawar big charge at uncle sharad saheb split the family