'സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അനുവാദമല്ല'; യുവാക്കൾക്ക് ഉപദേശവുമായി അജിത് ഡോവൽ

പുണെ: സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥത്തെക്കുറിച്ച് യുവതലമുറയ്ക്ക് ഉപദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സ്വാതന്ത്ര്യം എന്നത് തോന്നിയതുപോലെ പ്രവർത്തിക്കാനുള്ള അനുവാദമല്ലെന്നും, മറിച്ച് അത് രാഷ്ട്രനിർമാണത്തിനുള്ള വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച, പുണെയിൽ ‘ലോകമാന്യ തിലക് നാഷണൽ അവാർഡ് 2026’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനിയായ ലോകമാന്യ തിലക് ഉയർത്തിപ്പിടിച്ച രാഷ്ട്രനിർമാണ മാതൃകകൾ ഉൾക്കൊള്ളണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനംചെയ്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്ത് യുവജന പ്രക്ഷോഭങ്ങൾ നടന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
തിലകിന്റെ പൈതൃകം മനസ്സിലാക്കാൻ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങൾ നോക്കിക്കാണേണ്ടതുണ്ട് എന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ഇന്നത്തെ തലമുറ സ്വതന്ത്ര ഇന്ത്യയിലാണ് വളർന്നതെന്നും അതിനാൽ സ്വാതന്ത്ര്യസമര സേനാനികൾ അനുഭവിച്ച കഷ്ടപ്പാടുകളും അടിച്ചമർത്തലുകളും അവർ നേരിട്ടിരുന്ന പരിമിതികളും സങ്കൽപിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെക്കുറിച്ചുള്ള തിലകിന്റെ കാഴ്ചപ്പാട് ഇന്നും പ്രസക്തമായി തുടരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ പഠിക്കാനും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു. കഠിനമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തെ ഭാവിക്കായി കരുതലോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലോകമാന്യ തിലകിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ആഴത്തെയും യഥാർത്ഥത്തിൽ മനസ്സിലാക്കാൻ, ആ കാലഘട്ടത്തിന്റെ പശ്ചാത്തലവും അക്കാലത്തെ നിയന്ത്രണങ്ങളും ദുസ്സഹമായ സാഹചര്യങ്ങളും ഗ്രഹിക്കണം; ഒരുപക്ഷേ നമ്മൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും പൂർണ്ണമായി സങ്കൽപിക്കാൻ പ്രയാസമുള്ള യാഥാർഥ്യങ്ങളാണവ.' അദ്ദേഹം പറഞ്ഞു.
'ഇന്ത്യ എപ്പോഴും ഇപ്പോഴുള്ളതുപോലെ തന്നെയായിരുന്നു എന്ന് ഇന്നത്തെ യുവാക്കൾ കരുതിയേക്കാം, അല്ലെങ്കിൽ സ്വാതന്ത്ര്യം എന്നത് തനിക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാനുള്ള വെറും അനുവാദമാണെന്ന് അവർ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ സ്വാതന്ത്ര്യം എന്നതിന്റെ യഥാർത്ഥ അർത്ഥം അതല്ല.' സ്വാതന്ത്ര്യത്തെ അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യവുമായി തുലനം ചെയ്യുന്നതിനെക്കുറിച്ച് ഡോവൽ പറഞ്ഞു.
ഇന്ത്യയുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച ഡോവൽ, രാജ്യം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിലാഷങ്ങളേക്കാൾ ഉപരിയായി ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകാനും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി കൂട്ടായ പരിശ്രമം നടത്താനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സമയത്തെ, ‘പാഴാക്കാൻ പാടില്ലാത്ത അപൂർവ്വമായ അവസരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉത്തരവാദിത്തവും സുതാര്യതയും ആവശ്യപ്പെടാനുള്ള അവകാശം ജനാധിപത്യ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നുവെന്നാണ് യുവാക്കൾ വാദിക്കുന്നത്. എന്നാൽ സ്വാതന്ത്ര്യം ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കണം. രാഷ്ട്രനിർമ്മാണത്തിന് പൊതുജീവിതത്തിൽ മുൻഗണന നൽകണണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പുണെയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2026-ലെ ലോകമാന്യ തിലക് നാഷണൽ അവാർഡ് ഡോവലിന് സമ്മാനിച്ചു. ഇന്ത്യയുടെ സുരക്ഷയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നൽകിവരുന്ന സംഭാവനകളെ പ്രശംസിക്കുകയും, രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ലോകമാന്യ തിലകുമായി ബന്ധപ്പെട്ട നിർഭയത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഷാ പറഞ്ഞു.
Content Highlights: Ajit Doval redefines freedom as a duty towards the nation rather than unrestricted personal choice. NSA emphasized the relevance of Lokmanya Tilak's legacy for the youth of 2026. Remarks delivered amidst student protests regarding competitive examination integrity. Union Home Minister Amit Shah honored Doval with the Lokmanya Tilak National Award 2026.