എയർ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; കുറിപ്പ് ലഭിച്ചത് പറന്നുയരാൻ നിമിഷങ്ങൾ ശേഷിക്കെ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: facebook.com/AirIndia
പ്രതീകാത്മക ചിത്രം | Photo: facebook.com/AirIndia

കൊൽക്കത്ത: എയർ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി. കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ എഐ 772 എയർബസ് എ320 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി. ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ നിമിഷങ്ങൾ ശേഷിക്കെയാണ് വിമാനത്തിനുള്ളിൽനിന്ന് തട്ടിക്കൊണ്ടുപോകൽ ഭീഷണി സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയത്.

ഭീഷണി സന്ദേശം കണ്ടെത്തിയ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരം അറിയിച്ചു. പിന്നാലെ യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിശദമായ സുരക്ഷാ പരിശോധന വിമാനത്തിൽ നടത്തും.

വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് തട്ടിക്കൊണ്ടുപോകൽ ഭീഷണി എഴുതിയിരുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: An Air India Kolkata-Mumbai flight was moved to an isolation bay at Netaji Subhash Chandra Bose International Airport after a hijack threat note was discovered inside the aircraft moments before scheduled takeoff.