സാന്‍ഫ്രാന്‍സിസ്‌കോ- മുംബൈ എയര്‍ ഇന്ത്യാ വിമാനത്തിന് എന്‍ജിന്‍ തകരാര്‍; യാത്രക്കാരെ പുറത്തിറക്കി

Photo: PTI
Photo: PTI

കൊല്‍ക്കത്ത: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് പുറപ്പെട്ട എഐ 180 വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയത്. ബോയിങ് 777-200 എല്‍ആര്‍ വിമാനമാണിത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-നാണ് വിമാനം കൊല്‍ക്കയിലെത്തിയത്. രണ്ടുമണിയോടെ മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഇതോടെ യാത്രെ വൈകി. തുടര്‍ന്ന് പുലര്‍ച്ചെ 5.20-ഓടെ യാത്രക്കാരോട് പുറത്തിറക്കുകയായിരുന്നു. 

സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍, യാത്രക്കാരെ അറിയിച്ചു. വിമാനത്തിന്റെ തകരാറിലായ എന്‍ജിന്‍ ജീവനക്കാര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
 

Content Highlights: air india flight suffers technical snag passengers deboarded