ഭിന്നത രൂക്ഷം; തമിഴ്‌നാട്ടിൽ 3 എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് വിജയ്‌യുടെ ടിവികെയിൽ ചേർന്നു

#ന്യൂസ് ഡെസ്‌ക്
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

ചെന്നൈ: തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി. അവരുടെ മൂന്ന് വിമത എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ഭരണകക്ഷിയായ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്തുറൈ എംഎൽഎ എസ്. ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരഗതം കുമാരവേൽ, തിരുപ്പുർ ജില്ലയിലെ ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് രാജിവെച്ച് ടിവികെയിൽ ചേർന്നത്. മൂവരും തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകറിന് രാജി സമർപ്പിച്ചു.

രാജി സമർപ്പിച്ചയുടനെ, എംഎൽഎമാർ ടിവികെ മന്ത്രി ആധവ് അർജുനനെ അദ്ദേഹത്തിന്റെ ചേംബറിൽ കണ്ടു. എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്ങു മേഖലയിൽ ഉൾപ്പെടുന്നവയാണ് ധാരാപുരം, പെരുന്തുറൈ എന്നീ മണ്ഡലങ്ങൾ. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ അധികാരത്തിൽ വന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാതിരുന്നതിനാൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, ഇടത് പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. പിന്നീട് എഐഎഡിഎംകെയിലെ വിമത വിഭാഗവും സർക്കാരിന് പിന്തുണ നൽകുകയായിരുന്നു.

സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 25 എംഎൽഎമാരാണ് വിജയ് സർക്കാരിന് പിന്തുണ നൽകിയിരുന്നത്. മേയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർ ടിവികെക്ക് അനുകൂലമായി വോട്ട് ചെയ്തു. എങ്കിലും, വിമത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പളനിസ്വാമിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു.

വിമത എഐഎഡിഎംകെ നേതാക്കൾക്ക് പുതിയ മന്ത്രിസഭയിൽ സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. എഐഎഡിഎംകെ നേതാവ് എസ്.പി വേലുമണി വ്യക്തമാക്കിയത് തങ്ങൾക്ക് മന്ത്രിസ്ഥാനങ്ങളിൽ താത്പര്യമില്ലെന്നും, പാർട്ടി പിളർത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ 'അമ്മ ഭരണം' തിരികെ കൊണ്ടുവരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Three AIADMK MLAs resigned and joined the ruling TVK party., The resigning MLAs include S. Jayakumar, Maragatham Kumaravel, and P. Sathyabama., AIADMK's strength in the assembly has reduced to 44 seats., The move follows internal conflicts within the AIADMK after election defeats., CM Vijay's TVK continues to consolidate power with support from various allies.