AIADMK-യെ ലക്ഷ്യമിട്ട് ഓപ്പറേഷൻ എൽ, ഒറ്റയ്ക്ക് ഭരിക്കാൻ തന്ത്രങ്ങളുമായി TVK; വിമർശിച്ച് സഖ്യകക്ഷികൾ

വിജയ് | Photo: PTI
വിജയ് | Photo: PTI

ചെന്നൈ: അണ്ണാ ഡി.എം.കെ.യ്ക്ക് വീണ്ടും പ്രഹരമേൽപ്പിച്ച് ഒരു എം.എൽ.എ.കൂടി രാജിവെച്ചു. മുൻമന്ത്രിയും അംബാസമുദ്രം എം.എൽ.എ.യുമായ ഇസക്കി സുബ്ബയ്യയാണ് ചൊവ്വാഴ്ച നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിനെക്കണ്ട് നിയമസഭാംഗത്വം രാജിവെച്ചത്. തുടർന്ന് അദ്ദേഹം ടി.വി.കെ.യിൽ ചേർന്നു.

മേയ് 13-ന് വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരിന് അനുകൂലമായി വോട്ടുചെയ്ത മുൻ മന്ത്രിമാരായ എസ്.പി. വേലുമണിയുടെയും സി.വി. ഷൺമുഖത്തിന്റെയും നേതൃത്വത്തിലുള്ള 25 വിമത അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരിൽ ഒരാളാണ് ഇസക്കി സുബ്ബയ്യ. ഇതേ ഗ്രൂപ്പിലുള്ള മരഗതം കുമരവേൽ, എസ്. ജയകുമാർ, പി. സത്യഭാമ എന്നീ എം.എൽ.എ.മാർ തിങ്കളാഴ്ച നിയമസഭാംഗത്വം രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നിരുന്നു.

നാല് എം.എൽ.എ.മാരുടെയും രാജിയെത്തുടർന്ന് അവരുടെ നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി സ്പീക്കർ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേയ് 13-ന് നടന്ന വിശ്വാസ വോെട്ടടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെ. സർക്കാരിന് അനുകൂലമായി വോട്ടുചെയ്ത എം.എൽ.എ.മാരെ അയോഗ്യരാക്കണമെന്ന ആവശ്യം നിലനിൽക്കെ, സ്പീക്കർ നാല് എം.എൽ.എ.മാരുടെ രാജികൂടി സ്വീകരിച്ചതോടെ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായി രംഗത്തെത്തി. മുൻ മന്ത്രി എസ്.എസ്. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ സ്പീക്കറെക്കണ്ട് ശക്തമായ വിേയാജിപ്പ് അറിയിച്ചു.

മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനങ്ങൾ പിൻവലിക്കണമെന്നും ഇവരാവശ്യപ്പെട്ടു. അയോഗ്യതയുമായി ബന്ധപ്പെട്ട നിവേദനങ്ങളിൽ തീരുമാനമെടുക്കാതെ രാജിക്കത്തുകൾ ധൃതിപിടിച്ച് അംഗീകരിച്ച സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നും ആരോപിച്ചു. മുൻ സ്പീക്കർ എം. അപ്പാവുവും ഇതേ ആരോപണവുമായി രംഗത്തെത്തി. നാല് എം.എൽ.എ.മാരുടെ രാജിക്കത്തുകളിൽ സ്പീക്കർ തിടുക്കം കാട്ടിയതിനുപിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അണ്ണാ ഡി.എം.കെ. വിമത എം.എൽ.എ.മാരുടെ രാജിക്കു ഘപിന്നിൽ ടി.വി.കെ.യാണെന്ന ആരോപണവും ശക്തമായി.

നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച്, ഒറ്റയ്ക്കു ഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടി.വി.കെ.യുടെ നീക്കമെന്നാണ് വിലയിരുത്തൽ. അണ്ണാ ഡി.എം.കെ.യിൽനിന്നുള്ള എം.എൽ.എ.മാരെ അടർത്തിയെടുക്കുന്ന ഈ നീക്കത്തെ ‘ഒാപ്പറേഷൻ എൽ’ എന്നാണ് ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അണ്ണാ ഡി.എം.കെ.യുടെ രണ്ടില ചിഹ്നത്തിൽനിന്ന് ഓരോ ഇലകളായി അടർത്തിമാറ്റുന്നതിനെയാണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷനേടാൻ ടി.വി.കെ.യുടെ സൂക്ഷ്മമായ നീക്കമായും ഇതിനെ വിലയിരുത്തുന്നു. എം.എൽ.എ. മാരെ രാജിവെപ്പിച്ചശേഷം ഉപതിരഞ്ഞെടുപ്പിലൂടെ അവരെ ടി.വി.കെ. ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. അണ്ണാ ഡി.എം.കെ.യിൽനിന്ന്‌ ഇനിയും എം.എൽ.എ.മാർ രാജിവെക്കാനാണ് സാധ്യത. ഇതോടെ, ‘ഒാപ്പറേഷൻ എൽ’ കൂടുതൽ വിജയത്തിലെത്തുമെന്നാണ് ടി.വി.കെ.യുടെ കണക്കുകൂട്ടൽ.

നിലവിൽ കോൺഗ്രസ്, സി.പി.ഐ., സി.പി.എം., വി.സി.കെ., മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് ടി.വി.കെ. ഭരിക്കുന്നത്. സഖ്യകക്ഷികളെ അമിതമായി ആശ്രയിക്കുന്നത് പാർട്ടിയുടെ സ്വതന്ത്രമായ വളർച്ചയെ ബാധിക്കുമെന്നതിനാൽ 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ ‘118’ എന്ന മാന്ത്രികസംഖ്യ ഒറ്റയ്ക്ക് മറികടക്കുകയാണ് ടി.വി.കെ.യുടെ ലക്ഷ്യം.

പ്രതിപക്ഷ എം.എൽ.എ.മാരെ രാജി വെപ്പിക്കുന്ന നിലപാടിനെ അംഗീകരിക്കാൻ കഴിയില്ല -കോൺഗ്രസ്

ചെന്നൈ: അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ രാജിവെപ്പിക്കുന്ന ടി.വി.കെ.യുടെ നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് എം.പി. ജ്യോതിമണി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട അണ്ണാ ഡി.എം.കെ.യുടെ നാല് എം.എൽ.എ.മാരെയാണ് രാജിവെപ്പിച്ചിരിക്കുന്നത്.

ടി.വി.കെ.യുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇൗ ‘കുതിരക്കച്ചവട’ത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല.

ടി.വി.കെ. നല്ല ഭരണവുമായി മുന്നോട്ടുപോയാൽ അംഗീകരിക്കും. വിജയ് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുന്ന സർക്കാരാണെന്നാണ് തോന്നുന്നത്.

എന്നാൽ, പ്രതിപക്ഷ എം.എൽ.എ.മാരെ രാജിവെപ്പിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെ ഒരിക്കലും അംഗീകരിക്കില്ല.

ബി.ജെ.പി. പ്രവർത്തിക്കുന്നതുപോലെയാണ് ടി.വി.കെ. മുന്നോട്ടുപോകുന്നത്. കോൺഗ്രസ് അധികാരം കൈയാളുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കുകയെന്നത് ബി.ജെ.പി. നടത്തിവന്ന തന്ത്രമായിരുന്നു.

അണ്ണാ ഡി.എം.കെ.യിലെ നാല് എം.എൽ.എ.മാരെ ടി.വി.കെ. രാജിവെപ്പിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണ്. അവർ പറഞ്ഞു.

അണ്ണാ ഡി.എം.കെ.എം.എൽ.എ. മാരുടെ രാജി: ടി.വി.കെ.യെ വിമർശിച്ച് സി.പി.എം.

ചെന്നൈ: അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതിനുപിന്നിൽ ഭരണകക്ഷിയായ ടി.വി.കെ.യാണെങ്കിൽ അതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. ടി.വി.കെ. സർക്കാർ അധികാരമേറ്റ് ചുരുങ്ങിയദിവസത്തിനകം അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നതിനുപിന്നിൽ സംശയമുണ്ട്. ടി.വി.കെ. സർക്കാരിനു പിന്തുണനൽകുന്ന പാർട്ടിയാണ് സി.പി.എം. വി.സി.കെ., മുസ്‌ലിംലീഗ്, കോൺഗ്രസ് എന്നിവയ്ക്കൊപ്പം സി.പി.എമ്മും സി.പി.ഐ.യും വിജയ് സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്.

അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ രാജിവെച്ച് ഭരണകക്ഷിയായ ടി.വി.കെ.യിൽ ചേർന്നത് പ്രതിഫലം പ്രതീക്ഷിക്കാതെയാണെന്ന് വിശ്വസിക്കാൻ ആളുകൾ തയ്യാറാവില്ലെന്നും ഷൺമുഖം പറഞ്ഞു. സർക്കാരിന്റെ നിലനിൽപ്പിന് ഇടതുപക്ഷപാർട്ടികളുടെയും വി.സി.കെ. യുടെയും കോൺഗ്രസിന്റെയും പിന്തുണ ഇനി ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിലേക്ക് ഭരണകക്ഷി നീങ്ങുകയാണോ എന്ന ചോദ്യത്തിന്, രാജിവെച്ചവർ വീണ്ടുംതിരഞ്ഞെടുക്കപ്പെടുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്നായിരുന്നു ഷൺമുഖത്തിന്റെ മറുപടി. രാജിയുമായി ബന്ധപ്പെട്ടവിഷയം ഭരണകക്ഷിക്കെതിരായ ജനവികാരമുണ്ടാക്കും. വോട്ടെടുപ്പു നടന്ന ഏപ്രിൽ 23-ന് നിലനിന്നിരുന്ന ജന വികാരം അടുത്ത ആറുമാസത്തേക്ക് തുടരുമെന്ന് ഉറപ്പില്ല. ടി.വി.കെ. വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന നിഗമനത്തിൽ എത്തുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Four AIADMK MLAs resigned to join the ruling TVK party in 2026., The move is dubbed 'Operation L', aiming to secure an absolute majority for the TVK government., Opposition leaders and allies like Congress and CPM have criticized the resignations as anti-democratic., The Speaker has declared the four constituencies vacant, sparking legal and political controversy., TVK aims to reach the 'magic number' of 118 seats to govern independently without relying on allies.