വിമാനദുരന്തം: ആരെയും പഴിചാരാതെ സംശയങ്ങള്‍ ബാക്കിനിര്‍ത്തി പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ആരെയും നേരിട്ട് പഴിചാരാതെയും എന്നാല്‍ സംശയങ്ങള്‍ ബാക്കിനിര്ത്തിയുമാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നതാണ് റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ടെന്ന് ആമുഖത്തില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പ്രാഥമികമാണെന്നും പിന്നീട് മാറ്റമുണ്ടായേക്കാമെന്നും എഎഐബി വ്യക്തമാക്കുന്നു. ഭാവിയില്‍ അപകടങ്ങള്‍ തടയുന്നതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് ഉപയോഗിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും എഎഐബി പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസ്താവനയിറക്കി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ പ്രതികരണം.
റിപ്പോര്‍ട്ട് ദുരന്തംനടന്ന് ഒരു മാസത്തിനുള്ളില്‍
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-നാണ് 242 യാത്രക്കാരുമായി പറന്നുയരവേ വിമാനത്താവളത്തിനുസമീപം തകര്‍ന്നുവീണത്. ഒരുമാസം തികയുന്ന ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
അഞ്ചംഗ അന്വേഷണസംഘം
എഎഐബിയുടെ അഞ്ചംഗ ഉദ്യോഗസ്ഥസംഘം അന്വേഷണം തുടങ്ങി. പിന്നീട് അമേരിക്കയില്‍നിന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ), ബോയിങ് പ്രതിനിധികള്‍ അടങ്ങിയ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) സംഘവും അന്വേഷണത്തിന്റെ ഭാഗമാകാനെത്തി. യുകെയില്‍നിന്നുള്ള എഎഐബി സംഘവുമെത്തി.
എഎഐബിയുടെ അന്വേഷണസംഘത്തില്‍ അഞ്ചംഗങ്ങളാണുള്ളത്. സഞ്ജയ് കുമാര്‍ സിങ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‍ ചാര്‍ജും ജസ്ബിര്‍ സിങ് ലഡ്ഗ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ്. വിപിന്‍ വേണു, കെ. വീരരാഘവന്, വൈഷ്ണവ് വിജയകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റംഗങ്ങള്‍. അന്വേഷണത്തില്‍ വിദഗ്ധരുടെ സഹായംതേടുമെന്നും എഎഐബി അറിയിച്ചു.
വിമാനം സാങ്കേതികമായി സുരക്ഷിതം
അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ ബോയിങ് 787-8 വിമാനം സാങ്കേതിക പരിശോധനകളില്‍ സുരക്ഷിതമായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-ലാണ് വിമാനം നിര്‍മിച്ചത്. 2025 മേയില്‍ എയര്‍വര്‍ത്തിനെസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് (എആര്‍സി) നേടിയ വിമാനത്തിന് അടുത്ത മേയ് വരെ സര്‍ട്ടിഫിക്കറ്റ് കാലാവധിയുണ്ടായിരുന്നു. ഒരു എന്ജിന് കഴിഞ്ഞ മേയ് ഒന്നിനും മറ്റൊരു എന്ജിന് മാര്‍ച്ച് 26-നുമാണ് മാറ്റിസ്ഥാപിച്ചിരുന്നത്. സമഗ്ര സുരക്ഷാപരിശോധന 2025 ഡിസംബറിലായിരുന്നു നടക്കേണ്ടിയിരുന്നത്.
ബ്ലാക് ബോക്സ് വിവരങ്ങളെടുക്കാന്‍ യുഎസ് സഹായം തേടി
അപകടത്തില്‍ തകര്‍ന്നുകിടന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങള്‍ അമേരിക്കന്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് ഡീക്കോഡ് ചെയ്തതെന്ന് എഎഐബി പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തകരാറിലായ റെക്കോഡറുകളില്നിന്ന് വിവരങ്ങളെടുക്കാന്‍ അമേരിക്കയുടെ എന്‍ടിഎസ്ബി വിദഗ്ധ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ 23-നാണ് ഈ ഉപകരണമെത്തിച്ചത്. വിമാനത്തിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന മുന്നിലെയും പിന്നിലെയും എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്ളൈറ്റ് റെക്കോഡറുകള്‍ (ഇഎഎഫ്ആര്‍) ജൂണ്‍ 13-നും 16-നുമാണ് അപകടസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെടുത്തത്. ഇവ ജൂണ്‍ 24-ന് അഹമ്മദാബാദില്‍നിന്ന് ഡല്‍ഹിയിലെ എഎഐബി കേന്ദ്രത്തിലെത്തിച്ചു. അവിടെയാണ് യുഎസ് ഉപകരണമുപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയത്. വിമാന ഡേറ്റാ പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹിയില്‍ എഎഐബി പുതിയ ലാബ് തുറന്നത്.
അന്വേഷണം ഇതുവരെ
• അപകടസ്ഥലത്തെ ആകാശദൃശ്യങ്ങളുംമറ്റും ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു. അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
• രണ്ട് എന്‍ജിനുകളും അപകടസ്ഥലത്തുനിന്ന് വീണ്ടെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
• തുടരന്വേഷണത്തിന് സഹായിച്ചേക്കാവുന്ന സാധനങ്ങള്‍ തിരിച്ചറിഞ്ഞ് മാറ്റി.
• വിമാനത്തിന് ഉപയോഗിച്ച ഇന്ധനസാംപിളുകള് ടാങ്കില്നിന്നെടുത്തത് ഡിജിസിഎ ലാബില്‍ പരിശോധിച്ചതില്‍ തൃപ്തികരമെന്ന് കണ്ടെത്തി.
• വിമാനത്തിന്റെ ഇടതുചിറകിലെ ഇന്ധനവാല്വിലും മറ്റും വളരെക്കുറച്ച് ഇന്ധനസാംപിളുകള്മാത്രമാണ് ശേഷിച്ചത് എന്നതിനാല്‍ ചെറിയ അളവിന്റെ പരിശോധന സാധ്യമാകുന്നയിടത്ത് അതിന്റെ പരിശോധന നടത്തും.
• ബ്ലാക് ബോക്സിലെ വിവരങ്ങള്‍ ശേഖരിച്ചു.
• സാക്ഷിമൊഴികളും രക്ഷപ്പെട്ട യാത്രക്കാരന്റെ മൊഴിയും ശേഖരിച്ചു.
• യാത്രക്കാരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ സമഗ്ര വിലയിരുത്തല്‍ നടത്തി
• പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.
• അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ബോയിങ് 787-8, എന്ജിന് ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരേ നടപടിക്ക് ശുപാര്‍ശയില്ല.
• കൂടുതല്‍ തെളിവുകളും രേഖകളും പരിശോധിച്ചുള്ള അന്വേഷണം തുടരുന്നു.
കണ്ടെത്തേണ്ടത്
• പറന്നുയര്‍ന്ന് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ രണ്ട് എന്‍ജിനുകളുടെയും ഇന്ധനസ്വിച്ചുകള്‍ ഓഫായതെങ്ങനെ?
• പൈലറ്റുമാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായതെവിടെ?
• വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തിച്ചത് എന്തുകൊണ്ട്?
• എന്‍ജിനിലേക്ക് ഇന്ധനം വിതരണംചെയ്യുന്ന സ്വിച്ച് പൈലറ്റ് മനഃപൂര്‍വം ഓഫ് ചെയ്തതാണോ?
• എന്ജിന് കണ്ട്രോള് യൂണിറ്റിലെ സോഫ്റ്റ്വേര്‍ പരിഷ്കരിക്കണമെന്ന യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശം പരിശോധിച്ചോ?
• ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലെ സാങ്കേതികത്തകരാറോ കോക്പിറ്റ് രൂപകല്പനയിലെ പിഴവോമൂലം അപകടം സംഭവിച്ചോ?
• ബോയിങ് വിമാനങ്ങളുടെ ഫ്യൂവല്‍ കട്ട് ഓഫ് സ്വിച്ച് ഇളകിപ്പോകാന്‍ സാധ്യതയുണ്ടെന്ന് 2018-ല്‍ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പുനല്കിയിരുന്നത് പരിശോധിച്ചോ?
Content Highlights: AAIB releases preliminary report on Air India Ahmedabad crash