അഹമ്മദാബാദ് വിമാനാപകടം; 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു, ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

വിമാനാപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: ANI
വിമാനാപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: ANI

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും അഹമ്മദാബാദിലെ ബോയിങ് 787 ഡ്രീംലൈനര്‍ അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. വിമാനം ജനവാസമേഖലയിലാണ് തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അതേസമയം 290 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 


 

Content Highlights: Ahmedabad plane crash 265 bodies brought to civil hospital