പ്രതിരോധ സേനയ്ക്ക് കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു

പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണം | photo: DRDO twitter page
പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണം | photo: DRDO twitter page

ഭുവനേശ്വർ: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്.

ആറ് റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയത്. നിലവിലുള്ള പിനാക എംകെ-1 റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായാണ് പുതിയ പിനാക റോക്കറ്റ് സൈന്യത്തിന്റെ ഭാഗമാകുന്നത്.

പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 48 സെക്കൻഡിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാം. റോക്കറ്റ്, മൾട്ടി ട്യൂബ് ലോഞ്ചർ വാഹനം, ലോഡർ വാഹനം, കമാൻഡ് പോസ്റ്റ് വാഹനം എന്നിവ ഉൾപ്പെടുന്നതാണ് പിനാക എംബിആർഎസ് (മൾട്ടി ബാരലൽ റോക്കറ്റ് സിസ്റ്റം). 60 കിലോമീറ്ററാണ് പിനാക എം.കെ 2 മിസൈിലിന്റെ ദൂരപരിധി.

നേരത്തെയുള്ള പിനാക റോക്കറ്റിനെക്കാൾ നീളം കുറച്ച്, കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന റോക്കറ്റ് യാഥാർഥ്യമാക്കാനാണ് പിനാകയുടെ നൂതന പതിപ്പ് വികസിപ്പിച്ചത്. പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിആർഡിഒയുടെ ലബോറട്ടറിയായ എ.ആർ.ഡി.ഇ, എച്ച്.ഇ.എം.ആർ.എൽ എന്നിവയാണ് റോക്കറ്റിന്റെ രൂപകൽപനയും നിർമാണവും പൂർത്തീകരിച്ചത്.

content highlights:Advanced version of Pinaka Rocket System successfully test-fired

Content Highlights: