ധനുഷ് 3,000 വനിതാ ആരാധകരുമായി നിർണായക കൂടിക്കാഴ്ച നടത്തുന്നു; ‘ഓപ്പറേഷൻ ഡി’ എന്ന് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധനുഷ് തന്റെ ആരാധക കൂട്ടായ്മയിലെ മൂവായിരത്തിലധികം വനിതാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിലാണ് കൂടിക്കാഴ്ച. താരത്തിന്റെ ചിത്രങ്ങളും ബാനറുകളുംകൊണ്ട് വേദി അലങ്കരിച്ചിട്ടുണ്ട്. ധനുഷ് ഫാൻസ് ക്ലബ്ബിന്റെ പേര് 'ധനുഷ് നർപണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്ന് ഔദ്യോഗികമായി മാറ്റിയതിനു പിന്നാലെയാണ് രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
ഒക്ടോബർ 14-ന് കോയമ്പത്തൂരിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് ആരാധകക്കൂട്ടായ്മയുടെ പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. ധനുഷ് കൈകൂപ്പി നിൽക്കുന്ന ചിത്രമടങ്ങിയ പുതിയ ലോഗോയും സംഘടന പുറത്തിറക്കി. ആരാധകക്കൂട്ടായ്മയെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന പ്രസ്ഥാനമാക്കുന്നത് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്നാണ് അഭ്യൂഹങ്ങൾ.
അതേസമയം, തമിഴ്നാട്ടിൽ സിനിമാ താരങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും എം.പി.യുമായ മണിക്കം ടാഗോർ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി.യുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഡി' ആരംഭിച്ചിരിക്കുകയാണ്. ബി.ജെ.പി.ക്കുവേണ്ടി ഒരു സിനിമാതാരത്തെ മുന്നിൽ നിർത്താനാണ് അവർ ആഗ്രഹിക്കുന്നത്. അവർ ഇതിനകം എ.ഐ.എ.ഡി.എം.കെ.യെ അവസാനിപ്പിച്ചു കഴിഞ്ഞു. രജനികാന്തിനെ ഉപയോഗിച്ച് പാർട്ടി രൂപവത്കരിക്കാനും ശ്രമിച്ചിരുന്നു. ഇപ്പോൾ അണ്ണാമലൈയോട് പുതിയ സംഘടന രൂപവത്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവയെല്ലാം ചായുന്നത് അമിത് ഷായുടെ പ്രത്യയശാസ്ത്രത്തിലേക്കാണെന്നും മണിക്കം ടാഗോർ പറഞ്ഞു. ധനുഷിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു പരാമർശം.
ആരാധകർ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങരുതെന്നും ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാവണമെന്നും ആവശ്യപ്പെട്ട് ജൂലായിൽ തിരുവള്ളൂരിൽ നടന്ന ഒരു പരിപാടിയിൽ ധനുഷ് സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ധനുഷ് രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹി സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപ്രാപിച്ചത്. അതേസമയം, ധനുഷ് ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
Content Highlights: Actor Dhanush meets over 3,000 women members of his fan club near Chennai.