‘ജനങ്ങളെ സേവിക്കുന്നതിൽ പരാജയം, ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നു’; പ്രതീകാത്മക രാജിക്കത്തുമായി ദീപ്കെ

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതീകാത്മക രാജിക്കത്ത് പുറത്തുവിട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെ. മധ്യപ്രദേശിലെ ബാലാഘട്ടിൽ ആദിവാസി കുട്ടികൾ പകർച്ചവ്യാധി ബാധിച്ച് മരിച്ച സംഭവത്തിൽ ദുരിതബാധിതരായ കുടുംബങ്ങളെ സന്ദർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർഹെഡ് മാതൃകയിൽ ഗവർണർക്ക് സമർപ്പിക്കുന്ന രീതിയിൽ ദീപ്കെ പ്രതീകാത്മക രാജിപ്രസ്താവന എക്സിൽ പങ്കുവെച്ചത്.
I hereby resign as the Chief Minister of MP with immediate effect.
I thank Hon’ble PM @narendramodi ji for giving me the opportunity to serve the people of MP, an opportunity in which I have clearly failed.@GovernorMP pic.twitter.com/BVhfJDIf5n— Abhijeet Dipke (@abhijeet_dipke) September 13, 2026
‘ജനങ്ങളെ സേവിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മധ്യപ്രദേശ് മുഖ്യമന്ത്രി പദവിസ്ഥാനത്തുനിന്ന് ഞാൻ രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി അറിയിക്കുന്നു’, അഭിജീത്ത് എക്സിൽ കുറിച്ചു. ഇതോടൊപ്പമാണ് ഗവർണർക്ക് സമർപ്പിക്കുന്ന രീതിയിൽ രാജിക്കത്തും പങ്കുവെച്ചത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർഹെഡ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ദീപ്‌കെയ്‌ക്കെതിരെ ബി.ജെ.പി പ്രവർത്തകർ വിമർശനമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർഹെഡ് വ്യാജമായി ഉപയോഗിച്ചതിന് ദീപ്‌കെയ്‌ക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ബാലാഘട്ടിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ മുപ്പതിലധികം ആദിവാസി കുട്ടികളാണ് പോഷകാഹാരക്കുറവും പകർച്ച വ്യാധികളും കാരണം മരിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ബാലാഘട്ട് കളക്ടർ എന്നിവരുൾപ്പെടെയുള്ളവർക്ക് നോട്ടീസും അയച്ചിരുന്നു.
അൻപത് കിടക്കകൾ മാത്രമുള്ള ആശുപത്രിയിൽ നാനൂറോളം കുട്ടികൾ ചികിത്സയിലാണെന്നും കുട്ടികൾക്ക് കൃത്യമായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും ആരോപിച്ച് സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: CJP founder Abhijit Deepke released a symbolic resignation letter using a fake Madhya Pradesh CM letterhead., The stunt mocked CM Mohan Yadav over the Balaghat tribal children deaths and Sagar liquor tragedy., BJP demanded an FIR against Deepke for misusing the official letterhead and impersonation., Madhya Pradesh High Court earlier sought responses from the state government regarding the deaths of over 30 children.