‘എഡിറ്റുചെയ്തതല്ല, ധൈര്യമുണ്ടെങ്കിൽ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടൂ’; കസ്റ്റഡിയിലെ പീഡനങ്ങൾ പറഞ്ഞ് അഭിജിത് ദീപ്കെ

#ന്യൂസ് ഡെസ്ക്
അഭിജിത് ദീപ്കെ | ഫോട്ടോ - പി.ടി.ഐ.
അഭിജിത് ദീപ്കെ | ഫോട്ടോ - പി.ടി.ഐ.

മുംബൈ: തന്റെ കസ്റ്റഡിയിലെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടാൻ ഡൽഹി പോലീസിനെ വെല്ലുവിളിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെ. കസ്റ്റഡിയിൽ ഭരണഘടനാപരമായ പ്രാഥമിക അവകാശങ്ങൾപോലും പോലീസ് നിഷേധിച്ചു. സംഭവത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോകളാണ് പോലീസ് നിലവിൽ പ്രചരിപ്പിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നും അഭിജിത് പോലീസിനെ വെല്ലുവിളിച്ചു. മുത്തശ്ശി മരിച്ച വിവരം അഭിജിത്തിനെ അറിയിക്കുന്ന ഒരു വീഡിയോ ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് മുഴുവൻ വീഡിയോയും പുറത്തുവിടാനാവശ്യപ്പെട്ടുള്ള ദീപ്‌കെയുടെ വെല്ലുവിളി.

കസ്റ്റഡിയിൽ അഭിഭാഷകനെയോ ബന്ധുക്കളെയോ ബന്ധപ്പെടാനുള്ള നിയമപരമായ അവകാശമുണ്ടായിട്ടും, അതുപോലും ഡൽഹി പോലീസ് തനിക്ക് നിഷേധിച്ചതായും അഭിജീത് പറഞ്ഞു. പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ നീണ്ടകാലത്തേക്ക് ജയിലിൽ പോകാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും, തന്റെ അഭിഭാഷകനുമായി സംസാരിക്കാതെ ഒരു രേഖയിലും ഒപ്പുവെക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പുലർച്ചെ മൂന്നരയ്ക്ക് മാതാപിതാക്കളെ ഫോണിൽ വിളിച്ച് താൻ ജയിലിൽ പോവുകയാണെന്ന വിവരമറിയിക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുത്തശ്ശി മരിച്ച സങ്കടത്തിലായിരുന്ന മാതാപിതാക്കൾക്ക് ഈ സമയത്ത് ഫോൺവിളിച്ച് കൂടുതൽ മാനസികാഘാതമുണ്ടാക്കാൻ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പകൽ മുഴുവൻ തന്നെ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, തനിക്കും കുടുംബത്തിനുംനേരെ ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CJP founder Abhijeet Dipke challenged Delhi Police to release full, unedited custody footage., Alleged denial of constitutional rights, including access to a lawyer and relatives during custody.