ഒമ്പത് മാസത്തിനിടെ പാക് തടങ്കലില്‍ മരിച്ചത് ആറ് ഇന്ത്യന്‍ തടവുകാര്‍; ആശങ്കയറിയിച്ച് ഇന്ത്യ

അരിന്ദം ബാഗ്ചി | Photo: ANI
അരിന്ദം ബാഗ്ചി | Photo: ANI

ന്യൂഡല്‍ഹി: കഴിഞ്ഞ 9 മാസത്തിനിടെ അഞ്ച് മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ആറ് ഇന്ത്യന്‍ തടവുകാര്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. കസ്റ്റഡിയില്‍ മരണപ്പെട്ട തൊഴിലാളികള്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരാണെന്നും അവരെ നിയമവിരുദ്ധമായി തടങ്കലിലാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

അടുത്ത കാലത്തായി മത്സ്യത്തൊഴിലാളികളുടെ മരണസംഖ്യയില്‍ വര്‍ധനവുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും പ്രശ്‌നം ഇസ്ലാമാബാദ് ഹൈ കമ്മീഷനു മുന്‍പാകെ ഉന്നയിച്ചിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പാക് സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചുവെന്ന പാക് അധികൃതരുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ച കടലിലകപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ പാക് സെക്യൂരിറ്റി ഏജന്‍സിയുടെ കപ്പല്‍ പട്രോളിംഗ് നടത്തുന്നതിനിടെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറിയിരുന്നു. 

ജനുവരിയില്‍ 50 വയസ്സുകാരനായ ജയന്തി സൊളാങ്കി പാക് തടവില്‍ മരിച്ചിരുന്നു. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹത്തെ പാക് അധികൃതര്‍ കടലില്‍ വെച്ച് പിടികൂടുകയായിരുന്നു. ജൂലൈയില്‍ സമാനമായ സാഹചര്യത്തില്‍ പിടിയിലായ കാലു ഷിയാല്‍ എന്ന 38-കാരനും പാക് തടവില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് വാഗാ അതിര്‍ത്തിയില്‍വെച്ച് ഇന്ത്യക്ക് കൈമാറി.

Content Highlights: 6 Indian prisoners died in Pakistan in last 9 months, says MEA