ജമ്മു കശ്മീരില്‍ സൈനികര്‍ പോലീസുകാരെ സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി

സൈനികർ - പ്രതീകാത്മക ചിത്രം | Photo: Asian News International
സൈനികർ - പ്രതീകാത്മക ചിത്രം | Photo: Asian News International

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പോലീസ് ഉദ്യോഗസ്ഥരെ സൈന്യം സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സൈനികര്‍ കുപ്വാരയിലെ പോലീസ് സ്റ്റേഷനില്‍ കയറുകയും പോലീസുകാരെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. എന്താണ് മര്‍ദനത്തിലേക്ക് നയിച്ച കാരണമെന്ന്‌ പോലീസോ സൈന്യമോ വെളിപ്പെടുത്തിയിട്ടില്ല.

ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലെ ബത്പോരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തിയിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: 4 policemen beaten up by army personnel in Kupwara, Jammu and Kashmir