വൈഷ്ണോ ദേവി ക്ഷേത്രപാതയിലെ മണ്ണിടിച്ചിൽ: 34 മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരിൽ അഞ്ച് കുട്ടികളും

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Photo: PTIe
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Photo: PTIe

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 18 പേര്‍ക്ക് പരിക്കേറ്റു. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് തുടരുകയാണ്. കത്ര ടൗണില്‍ നിന്ന് മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ പാതയുടെ ഏകദേശം പകുതി ദൂരത്തുള്ള ഒരു സംരക്ഷണ ഷെഡ്ഡിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പാറകളും കല്ലുകളും വന്‍ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ക്ഷേത്രത്തിലേക്കുള്ള പാതയിലെ അദ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപമാണ് അപകടം നടന്നത്. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഈ സമയം പാതയില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് തീര്‍ത്ഥാടകര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങി. നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണ് എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.

മഴ തുടരുന്നതും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ കുറഞ്ഞത് അഞ്ച് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലുപേര്‍ വീതം പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും, മൂന്നുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ളവരാണ്. 

ഒരു വലിയ ശബ്ദം കേട്ടെന്നും നിമിഷങ്ങള്‍ക്കകം എല്ലാം സംഭവിച്ചുവെന്നും ഒരു ദൃക്‌സാക്ഷി പറയുന്നു. 'മുകളില്‍ നിന്നുള്ള ഒരു വലിയ ഇടിമുഴക്കം പോലെയോ ബോംബ് സ്‌ഫോടനം പോലെയോ ആയിരുന്നു അത്. ഷെഡ്ഡുകള്‍ ഒറ്റയടിക്ക് തകര്‍ന്നു. ആദ്യം മുകളിലത്തെ ഷെഡ് വീണു, പിന്നെ മൂന്നോ നാലോ സെക്കന്‍ഡിന്റെ ഇടവേളയില്‍ രണ്ടാമത്തേതും,' രമേഷ് സിംഗ് എന്നയാള്‍ പറഞ്ഞു. 

'ഞങ്ങളുടെ ഷെഡ്ഡില്‍ ഏകദേശം 35-40 പേരുണ്ടായിരുന്നു. മുകളില്‍നിന്ന് ധാരാളം വെള്ളം കുത്തിയൊലിച്ച് വരുന്നുണ്ടായിരുന്നു. ചില തീര്‍ത്ഥാടകര്‍ മുകളിലത്തെ ഷെഡ്ഡിലും ചിലര്‍ താഴെയുമായിരുന്നു. എന്റെ കൂടെ മൂന്ന് ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ തിരികെ ചെന്ന് അവിടെ നിന്ന് നാല് പേരെ പുറത്തെടുത്തു. പക്ഷെ മുകളില്‍ നിന്ന് മണ്ണ് വീണുകൊണ്ടേയിരുന്നു. കൂടുതല്‍ ഒന്നും ഞങ്ങള്‍ക്ക് ചെയ്യാനായില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്ഷേത്രത്തിലേക്ക് രണ്ട് പാതകളാണുള്ളത്. ഹിംകോട്ടി ട്രെക്ക് പാതയിലെ യാത്ര രാവിലെ മുതല്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും, പഴയ പാതയിലൂടെ ഉച്ചയ്ക്ക് 1.30 വരെ യാത്ര തുടരുകയായിരുന്നു. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ പാതയിലെ യാത്രയും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ടതോടെ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം പൂര്‍ണമായും നിര്‍ത്തിവെച്ചു. 

ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. പാതയുടെ സുരക്ഷയെക്കുറിച്ച് വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ യാത്ര പുനഃരാരംഭിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴയ്ക്ക് ശമനമില്ലാത്തതിനാലും നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാലും പ്രദേശം ഇപ്പോഴും കനത്ത ജാഗ്രതയിലാണ്. 

Content Highlights: 32 pilgrims killed in landslides on vaishno devi temple route heavy rain at jammu and kashmir