ഇന്ത്യൻ രാഷ്ട്രീയത്തിൽ അട്ടിമറികളുടെ കാലം; ആടിയുലഞ്ഞ് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: 2026 എന്ന വർഷം ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത പരീക്ഷണത്തിന്റെ കാലഘട്ടമാണ്. ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തൃണമൂൽ കോൺഗ്രസ്, ശിവസേന (UBT), ആം ആദ്മി പാർട്ടി എന്നിവയിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ കൂറുമാറുന്ന കാഴ്ചയാണ് കാണുന്നത് സമാജ്വാദി പാർട്ടിയിൽ നിന്നും നേതാക്കൾ കൂറുമാറുമെന്ന അഭ്യൂഹങ്ങളും ശക്തം. നിലവിലെ സാഹചര്യങ്ങൾ ഫലത്തിൽ പാർലമെന്റിലെ അംഗബലത്തിലാണ് മാറ്റമുണ്ടാക്കുന്നത്. അതിന്റെ നേട്ടം കൊയ്യുന്നതാകട്ടെ ഭരണകക്ഷിയായ എൻഡിഎയും. ഏപ്രിൽ മാസത്തിൽ രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ലയിച്ചതോടെയാണ് കൂറുമാറ്റത്തിന്റെ പരമ്പരയ്ക്ക് തുടക്കമായത്. എഎപി എംപിമാർ ബിജെപിയിൽ ലയിച്ചത് പാർട്ടിക്ക് വലിയ ആഘാതമായി. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു.
പിന്നാലെ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു വിമത നീക്കം നടന്നത് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂലിൽ വിമത കലാപം തലപൊക്കി. ആദ്യം ഭൂരിപക്ഷം എംഎൽഎമാരും പ്രത്യേക ബ്ലോക്കായി മാറി തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് വാദിക്കുകയും അതിന് നിയമസഭാ സ്പീക്കർ അംഗീകാരം നൽകുകയും ചെയ്തു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പുതന്നെ പാർട്ടിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേരും എൻസിപിഐ എന്ന അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത പാർട്ടിയിൽ ലയിച്ച് എൻഡിഎയുടെ ഭാഗമായി. ബംഗാൾ നിയമസഭയിലെ 80 ടിഎംസി എംഎൽഎമാരിൽ 58 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. ഇവരും എൻസിപിഐയിലേക്ക് മാറിയാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയിലേക്ക് പോകും. നിലവിലെ സാഹചര്യത്തിൽ ബംഗാളിൽ വിമതർ എൻഡിഎ കക്ഷിയാകാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
തൃണമൂലിലെ തർക്കങ്ങളുടെ അലയൊലികൾ തീരുന്നതിന് മുമ്പെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി)യിൽ വിമതനീക്കം തുടങ്ങി. ഓപ്പറേഷൻ ടൈഗർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കം ഉദ്ധവ് താക്കറെയെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടിയുടെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ പാർലമെന്ററി പാർട്ടി യോഗം ബഹിഷ്‌കരിക്കുകയും തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. ഇവർ ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ലയിക്കാനാണ് പദ്ധതിയിടുന്നത്. ഈ ശിവസേന വിഭാഗം എൻഡിഎ ഘടകക്ഷിയാണ്.
ഇതോടെ നടക്കുന്നത് മറ്റെന്തിനോ വേണ്ടിയുള്ള അണിയറ ഒരുക്കങ്ങളാണ് എന്ന സംശയങ്ങൾക്ക് ബലമേറി. ഇതിന് ആക്കം കൂട്ടിയാണ് സമാജ്വാദി പാർട്ടിയിലെ 25-26 എംപിമാർ ബിജെപിയിലേക്ക് വരാൻ തയ്യാറാണെന്ന യുപി ഉപമുഖ്യമന്ത്രിയുടെ അവകാശവാദം. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപണങ്ങൾ തള്ളിയിട്ടുണ്ടെങ്കിലും വിമത നീക്കത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അണിയറ സംസാരങ്ങൾ. ഒരിക്കലും ഇളകില്ലെന്ന് കരുതിയ മമതയുടെ തൃണമൂൽ കോൺഗ്രസ് പിളർന്നതും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന ശിവസേന (യുബിടി) പിളർന്നതും മാത്രമല്ല എഎപിയെ എംപിമാരുടെ കൂറുമാറ്റവുമൊക്കെ സമാജ്‌വാദി പാർട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
കൂറുമാറ്റ നിരോധന നിയമത്തിലെ 10-ാം ഷെഡ്യൂൾ പ്രകാരം, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങൾ ഒരുമിച്ച് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അവർക്ക് അയോഗ്യത ഉണ്ടാകില്ല. ഈ നിയമപരമായ പഴുത് ഉപയോഗിച്ചാണ് ഇപ്പോൾ 'കൂട്ട ലയനങ്ങൾ' നടക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ കൂട്ടലയനങ്ങളും കൂറുമാറ്റവുമൊക്കെ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പിന്നിൽ ബിജെപിയാണ് എന്ന ആരോപണം ഉയരുന്നുണ്ട്. ഇതിനൊപ്പമാണ് രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ പരമാവധി കുറയ്ക്കാനുള്ള തന്ത്രങ്ങളും അട്ടിമറികളും നടക്കുന്നത്. ഇതിനൊപ്പം പ്രതിപക്ഷ സഖ്യത്തിലെ വിള്ളലുകളും ഫലത്തിൽ നേട്ടമാകുന്നത് എൻഡിഎയ്ക്കാണ്.
Content Highlights: Mass defections from AAP, Trinamool Congress, and Shiv Sena (UBT) in 2026., Strategic use of the 10th Schedule (anti-defection law) to facilitate party mergers., BJP and NDA strengthening their parliamentary majority ahead of key legislative bills., Emergence of new splinter groups like NCPI impacting regional stability., Speculation regarding upcoming Samajwadi Party defections.