കാലികൾ സതീശനു മക്കളാണ്, കൊലയ്ക്കു കൊടുക്കില്ല; ജീവിതപ്രതിസന്ധികളിലും പശുക്കളെ കൈവിടാതെ ക്ഷീരകർഷകൻ

അർത്തുങ്കൽ: കടംകയറി ജീവിതപ്രതിസന്ധികളിൽ നട്ടംതിരിയുമ്പോഴും സതീശന് കന്നുകാലികൾ മക്കളാണ്. കാലിവളർത്തൽ തുടങ്ങി കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും ഒന്നിനെപ്പോലും വിറ്റിട്ടില്ല.
പ്രായമായ കാളക്കുട്ടന്മാരും കറവ വറ്റിയ പശുക്കളും ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് 10-ാം വാർഡ് ഇടക്കാട്ടുചിറ സതീശന്റെ വീട്ടുമുറ്റത്ത് ആയുഷ്‌കാലം കഴിയും, പ്രാണഭയമില്ലാതെ.
സ്നേഹിച്ചു വളർത്തിയ അരുമമൃഗങ്ങളെ അറവുകാർക്കു കൊടുക്കാൻ ഈ ക്ഷീരകർഷകനു മനസ്സു വന്നിട്ടില്ല. ആരെങ്കിലും അതേപ്പറ്റി ചോദിച്ചാൽ സതീശന്റെ മറുചോദ്യമിതാണ്: ‘മക്കളെ സ്നേഹിച്ചു വളർത്തുന്നതു വിൽക്കാനാണോ?’
പശുക്കളും കിടാങ്ങളും കാളകളുമായി പതിനൊന്നെണ്ണം ഇപ്പോഴുണ്ട്. പഞ്ചായത്തിന്റെ സഹായത്താൽ നിർമിച്ച തൊഴുത്തുണ്ട്. മുൻപ് പ്രായാധിക്യത്താൽ പന്ത്രണ്ടെണ്ണം ചത്തു. പക്ഷേ, അപ്പോഴും ഒന്നിനെപ്പോലും വിൽക്കണമെന്നു തോന്നിയിട്ടില്ല.
‘പശുവളർത്തലിൽനിന്ന് ആദായമൊന്നും കിട്ടാനില്ല. കടമാണെങ്കിൽ ദിവസേന കൂടുകയുമാണ്’- സതീശൻ പറഞ്ഞു. കടം പെരുകുമ്പോൾ കൂട്ടുകാരിൽ ചിലർ ചോദിക്കും: അറവുകാർക്കു കൊടുക്കുന്നില്ലെങ്കിൽ വളർത്താനെങ്കിലും വിൽക്കരുതോ? പക്ഷേ, അതിനും സതീശന് ഉത്തരമുണ്ട്: ‘കറവ വറ്റുമ്പോൾ അവരതിനെ അറക്കാൻ കൊടുക്കും.’
20 സെന്റ് സ്ഥലമാണ് സതീശനുള്ളത്. ഭാര്യ ഷൈലജയും ഏകമകൾ സ്നേഹയുമായി ചെറിയൊരു ഷെഡ്ഡിലാണു താമസം. കഷ്ടപ്പാടുകൾക്കിടയിലും മകളിലാണ് പ്രതീക്ഷകളെല്ലാം. തിരുവനന്തപുരം കാര്യവട്ടത്ത് പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ് സ്നേഹ. ഡിഗ്രിക്ക് അഞ്ചാംറാങ്കു നേടിയ സ്നേഹ പഠിക്കാൻ മിടുക്കിയാണ്.
മകളുടെ പഠനത്തിനും പശുപരിപാലനത്തിനുമായി സതീശൻ കൂലിവേലയ്ക്കും പോകും. ജൂൺ മുതൽ പാൽവില കൂടുന്നുണ്ടല്ലോ, ക്ഷീരകർഷകർക്കു ലാഭമുണ്ടാകില്ലേയെന്നു ചോദിച്ചപ്പോൾ മറുപടിയിങ്ങനെ: ‘പാൽ വില കൂട്ടുന്നതിന്റെ പ്രയോജനം ക്ഷീരകർഷകർക്കല്ല, മേലുദ്യോഗസ്ഥർക്കാണു കിട്ടുക.’
Content Highlights: Satheesan has been raising cattle for over 25 years without selling a single animal for slaughter., Despite severe financial debt, he views his 11 cattle as family members., He balances dairy farming with daily wage labor to support his daughter's higher education., Critique of current milk pricing policies and their impact on small-scale farmers.