തങ്കമണിയില്‍ 'നേപ്പാളി'ന്റെ സുഗന്ധമുള്ള ഒരു വിജയം; മലയാളത്തിനടക്കം എ പ്ലസ് നേടി ഗോകുല്‍

#കെ.എസ്. മധു
ഗോകുല്‍ അച്ഛന്‍ വീരേന്ദ്രപ്രസാദിനും അമ്മ മീനയ്ക്കും സഹോദരി ഗോപികയ്ക്കുമൊപ്പം
ഗോകുല്‍ അച്ഛന്‍ വീരേന്ദ്രപ്രസാദിനും അമ്മ മീനയ്ക്കും സഹോദരി ഗോപികയ്ക്കുമൊപ്പം

ഇടുക്കി: തങ്കമണിയില്‍ 'നേപ്പാളി'ന്റെ സുഗന്ധമുള്ള ഒരു വിജയം. കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മലയാളത്തിനുള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയായ ഗോകുല്‍ വീരേന്ദ്രപ്രസാദിന്റെ നേട്ടത്തെ പച്ചമലയാളത്തില്‍ അങ്ങിനെ വിശേഷിപ്പിക്കാം. നേപ്പാള്‍ സ്വദേശികളായ വീരേന്ദ്രപ്രസാദിന്റെയും മീനയുടെയും മകനാണ്.

കൊമേഴ്‌സില്‍ 96.5 ശതമാനം മാര്‍ക്കോടെയാണ് ഗോകുല്‍ വിജയിച്ചത്. ഇടുക്കി തങ്കമണി സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. ഗോകുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം എല്ലാം കേരളത്തില്‍ തന്നെയായിരുന്നു.

അക്ഷരം ഉറപ്പിക്കാന്‍ മാതൃഭൂമിയും

മുപ്പതുവര്‍ഷം മുമ്പാണ് വീരേന്ദ്രപ്രസാദ് ജോലിതേടി കേരളത്തിലേക്ക് വരുന്നത്. പൂഞ്ഞാറില്‍ കേബിള്‍ ടി.വി. ജോലിയാണ് ആദ്യംചെയ്തത്. തുടര്‍ന്ന് ചെറുതോണിയിലെത്തി അല്ലറ ചില്ലറ പണികള്‍ ചെയ്തു. ഒരു ഗ്ലാസ് കടയിട്ടു. ഇതിന് ശേഷമാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് തങ്കമണിയില്‍ സ്ഥിരതാമസമാക്കി. കുട്ടികള്‍ ഉണ്ടായതും ഇവിടെയാണ്.

മകന്‍ ഗോകുലിനെയും മകള്‍ ഗോപികയെയും ഇവിടത്തെ സ്‌കൂളില്‍തന്നെ ചേര്‍ത്തു. മാതൃഭൂമി പത്രവും ഇവര്‍ക്ക് വരുത്തിക്കൊടുത്തു. 10 വര്‍ഷമായി മാതൃഭൂമി ഈ കുടുംബത്തിലുണ്ട്. കുട്ടികളുടെ മലയാള പഠനത്തില്‍ മാതൃഭൂമിയും വലിയ പങ്കുവഹിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ഇരുവരും പച്ചവെള്ളംപോലെ മലയാളം പഠിച്ചു.

വീരേന്ദ്രപ്രസാദും മീനയും ഇതിനിടെ മലയാളം പഠിച്ചിരുന്നു. ഗോകുലിന് പത്താംക്ലാസില്‍ മലയാളം ഉള്‍പ്പെടെ ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസായിരുന്നു. കണക്കിന് എ ഗ്രേഡ് ലഭിച്ചു. അന്ന് ഒരുവിഷയത്തിന് എ പ്ലസ് നഷ്ടമായ നിരാശ പ്ലസ്ടുവിന് തീര്‍ത്തു.

തങ്കമണിയില്‍ വീടിനോടുചേര്‍ന്നാണ് വീരേന്ദ്രപ്രസാദിന്റെ ഗ്ലാസ് കട. ഇടവേളകളിലും അവധി ദിവസങ്ങളിലും ഗ്ലാസ് കടയില്‍ അച്ഛനെ, ഗോകുല്‍ സഹായിക്കാറുണ്ട്. എ.സി.സി.എയ്ക്ക് ചേര്‍ന്ന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുല്‍. സഹോദരി ഗോപിക തങ്കമണി സെയ്ന്റ് തോമസ് സ്‌കൂളില്‍ 10-ാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

Content Highlights: nepali kid living in thankamani gokul bags full a plus for plus two exam including malayalam