വീടുപണിക്ക് ചുമട്ടുകൂലി ലാഭിക്കാൻ യുവാവിന്റെ സൂത്രം; ശ്രദ്ധ നേടി 'വണ്ടിപ്പാലം'

കോട്ടയ്ക്കല്‍: വീടുപണിയുന്നിടത്തേക്ക് റോഡില്ലെങ്കില്‍ ഉള്ള പണം മുഴുവന്‍ ചുമട്ടുകൂലിയായി പോകും. എണ്ണിച്ചുട്ട പണവുമായി എളാപ്പയ്ക്ക്(പിതൃസഹോദരന്‍) വീടുവെയ്ക്കാനൊരുങ്ങിയപ്പോള്‍ ഫൈസലിന്റെ മുന്നിലെ പ്രധാന പ്രശ്നവും ഇതായിരുന്നു. റോഡില്‍നിന്ന് നൂറടിയിലേറെ ചെങ്കുത്തായ പറമ്പിലൂടെവേണം കല്ലും സിമന്റും കമ്പിയുമെല്ലാം എത്തിക്കാന്‍. ആകെയുള്ളത് 15 ലക്ഷം രൂപയാണ്. ഇതില്‍നിന്ന് വലിയൊരു സംഖ്യ ചുമട്ടുകൂലിയായി പോയാല്‍ പിന്നെ ബാക്കി പണികള്‍ക്ക് പണമുണ്ടാകില്ല.
ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഫൈസല്‍ പ്രശ്നം പരിഹരിക്കാന്‍ ഒരു സൂത്രം കണ്ടെത്തി- റോഡില്‍നിന്ന് വീടുപണിയുന്നിടത്തേക്ക് സാധനങ്ങള്‍ നീക്കാന്‍ ഒരു കുഞ്ഞുപാലം പണിതു. കൊണ്ടോട്ടിക്കടുത്ത് തുറക്കല്‍ മുണ്ടക്കുളത്തെ ആനമെയ്ത്തടം ഫൈസലാണ് പിതൃസഹോദരന്‍ സെയ്തലവിയുടെ വീടുപണിക്ക് സാധനം കൊണ്ടുപോകാന്‍ ഇങ്ങനെയൊരു സൂത്രവിദ്യ ഒരുക്കിയത്.
സെന്‍ട്രിങ് ജോലിക്കാരനായ ഫൈസല്‍ വാര്‍പ്പുപണിക്ക് കൊണ്ടുവന്നിട്ട മരപ്പലകകള്‍ ഉപയോഗിച്ച് വലിയ പണച്ചെലവില്ലാതെയാണ് ഇതു പണിതത്. പാലത്തില്‍ കല്ലും സിമന്റും മരവുമൊക്കെ വെയ്ക്കാന്‍ ചക്രം പിടിപ്പിച്ച സ്റ്റാന്‍ഡുണ്ട്. പഴയ ഒരു ബൈക്ക് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇരുമ്പുകയര്‍കൊണ്ട് ബൈക്കിന്റെ പിന്‍ചക്രവുമായി ചക്രം പിടിപ്പിച്ച സ്റ്റാന്‍ഡിനെ ബന്ധിപ്പിച്ചു. സ്റ്റാന്‍ഡില്‍ സാധനങ്ങള്‍ കയറ്റിവെച്ച് ബൈക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ അത് തിരിയുന്ന ശക്തിയില്‍ സ്റ്റാന്‍ഡ് മുന്നോട്ടുപോകും. സെക്കന്‍ഡുകള്‍ കൊണ്ട് സാധനങ്ങള്‍ അവിടെയെത്തും. സാധനങ്ങള്‍ ഇറക്കിയശേഷം ബൈക്ക് ന്യൂട്രലാക്കിയാല്‍ സ്റ്റാന്‍ഡ് തിരികെപ്പോകും. ഒറ്റ ട്രിപ്പില്‍ അഞ്ചു കല്ലുകള്‍വരെ സ്റ്റാന്‍ഡില്‍ വെയ്ക്കാം.
സിമന്റ്, മണല്‍, കമ്പി, കല്ല് തുടങ്ങി ഈ വീടിനുവേണ്ട സാധനങ്ങളെല്ലാം വണ്ടിപ്പാലത്തില്‍ അടുക്കിവെച്ചാണ് ഫൈസല്‍ അങ്ങോട്ടെത്തിച്ചത്. കയറ്റാനും ഇറക്കാനും ഓരോ ആളും ഇറക്കിയത് അട്ടിക്കുവെയ്ക്കാന്‍ മറ്റൊരാളും- ഇങ്ങനെ മൂന്നുപേര്‍ മതി. ഇരട്ടിയാളുകളുടെ ജോലി നടക്കുകയുംചെയ്യും.
കൂട്ടുകാരന്റെയടുത്തുനിന്ന് ചെറിയ വിലയ്ക്ക് വാങ്ങിയ പഴയ ബൈക്കാണ് ഫൈസല്‍ ഇതിന് ഉപയോഗിച്ചത്. ഈ രീതിയില്‍ സാധനമെത്തിച്ചതുകൊണ്ട് ചുമട്ടുകൂലിയിനത്തില്‍ വലിയൊരു സംഖ്യ ലാഭിക്കാന്‍ കഴിഞ്ഞതായി ഫൈസല്‍ പറഞ്ഞു. സെയ്തലവിയുടെ വീടിന്റെ വാര്‍പ്പുപണികള്‍ ഫൈസലും സംഘവുംതന്നെയാണ് ചെയ്യുന്നത്.
ഏഴാം ക്ലാസും ഗുസ്തിയും!
മെക്കാനിക്കല്‍ ജോലികളില്‍ പ്രത്യേക താത്പര്യമുണ്ട് ഫൈസലിന്. ഏഴാം ക്ലാസ് വരെമാത്രമേ പഠിച്ചിട്ടുള്ളൂ. എങ്കിലും ഫൈസലിന് ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങളുടെ പ്രവര്‍ത്തനതത്ത്വങ്ങളെല്ലാം നന്നായറിയാം. ബൈക്ക് ഉപയോഗിച്ച് കിണറില്‍നിന്ന് മണ്ണു കോരാനും ഇതേ വിദ്യ ഉപയോഗിക്കാമെന്ന് ഫൈസല്‍ പറഞ്ഞു. കപ്പിയുമായി ബന്ധിപ്പിച്ച് ബൈക്ക് തിരിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാം- അതിനുള്ള തയ്യാറെടുപ്പിലാണ് ഫൈസല്‍ മുണ്ടക്കുളം.
Content Highlights: artificial bridge, youn man from malappuram make vechicle bridge, myhome