സോണിയ ഗാന്ധി വളർന്ന ഇറ്റലിയിലെ വീട് സ്വന്തമാക്കി സിഖ് വ്യവസായി, 'ഇന്ത്യൻ ഹൗസ്' ഇനി മ്യൂസിയം

ഇറ്റലിയിലെ വിചെൻസ പ്രവിശ്യയിലുള്ള ലൂസിയാന ഗ്രാമത്തിൽ സോണിയ ഗാന്ധി വളർന്ന കുടുംബവീട് മ്യൂസിയമാക്കി മാറ്റാൻ ഒരുങ്ങുകയാണ് പ്രവാസി സിഖ് വ്യവസായി സുഖ്ദേവ് സിങ് കാങ്. ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ചേർത്ത് നിർമിച്ച ഈ വീട് ആറുവർഷം മുൻപാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
ത്രിവർണ പതാകയുടെ നിറങ്ങളുള്ള വീടിന്റെ നെയിംപ്ലേറ്റിൽ, ഇത് സോണിയ ഗാന്ധിയുടെ ജന്മസ്ഥലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യൻ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന് ആറ് മുറികളാണുള്ളത്. 2020-ൽ ഭാര്യയുടെയും മകളുടെയും പേരിലാണ് കാങ് വീട് വാങ്ങിയത്. വീടിന്റെ പരിപാലനത്തിനായി ഒരു കെയർടേക്കറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സോണിയ ഗാന്ധിയുടെ വീട് ഒരു ഇന്ത്യൻ കുടുംബത്തിന്റെ കൈവശം വരണമെന്ന് ഇറ്റലിയിലെ ചില പരിചയക്കാർ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഇത് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് കാങ് പറയുന്നു. വീട് വാടകയ്ക്ക് നൽകാനോ ഗുരുദ്വാരയാക്കി മാറ്റാനോ പലരും നിർദേശിച്ചെങ്കിലും കുടുംബം അത് നിരസിച്ചു. സോണിയ ഗാന്ധിയുമായും മൈനോ കുടുംബവുമായും ഈ വീടിനുള്ള ചരിത്രപരമായ ബന്ധം അതേപടി സംരക്ഷിക്കണം എന്ന് സുഖ്ദേവ് സിങ് കാങ് തീരുമാനിച്ചു .
ലൂസിയാനയിലെത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഈ വീട് പുതിയൊരു ആകർഷണകേന്ദ്രമാകുമെന്നും, നൂറുകണക്കിന് സന്ദർശകർ എത്തുന്നതോടെ ഗ്രാമത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകുമെന്നുമാണ് കാങ്ങിന്റെ പ്രതീക്ഷ. ഭാര്യയും മകളും ഈ സ്വപ്നത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. എന്നാൽ, മൈനോ കുടുംബത്തെക്കുറിച്ചുള്ള കൃത്യമായ ചരിത്രരേഖകളുടെ അഭാവമാണ് പദ്ധതി വൈകിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ഘട്ടത്തിൽ സോണിയ ഗാന്ധിയെയും രാഹുലിനെയും പ്രിയങ്കയെയും നേരിൽ കാണണമെന്നാണ് കാങ്ങിന്റെ ആഗ്രഹം. മ്യൂസിയത്തിൽ പ്രദർശിപ്പിക്കാവുന്ന വ്യക്തിഗത വസ്തുക്കളും ഫോട്ടോകളും രേഖകളും ഏതൊക്കെയെന്ന് അവരുമായി ആലോചിച്ച് തീരുമാനിക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും ഇറ്റലിയിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് ഒരു ഔപചാരിക ഉദ്ഘാടനച്ചടങ്ങ് നേരത്തേ നടത്തിയിരുന്നു.
ഗാന്ധി കുടുംബത്തിന്റെ കടുത്ത ആരാധകരായ തങ്ങൾ, എല്ലാ വർഷവും ഇറ്റലിയിൽ സോണിയയുടെ ജന്മദിനം വലിയ പൊതുചടങ്ങായി ആഘോഷിക്കാറുണ്ടെന്ന് കാങ് പറഞ്ഞു. ഒരു കെട്ടിടനിർമാണ കരാറുകാരനായിരുന്ന സ്റ്റെഫാനോ മൈനോ, തന്റെ മകൾ ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിതകളിലൊരാളായി മാറുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു മനോഹരമായ ഗ്രാമമാണ് ലൂസിയാന. 1946 ഡിസംബർ 9-നായിരുന്നു സോണിയയുടെ ജനനം.ഡൽഹിയിൽ ഇന്ത്യൻ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം ചേർന്ന അതേ ദിവസമായിരുന്നു തന്റെ ജനനമെന്നും സോണിയ ഗാന്ധി തന്റെ ആത്മകഥയായ 'ബിലോങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിൽ ഓർമിക്കുന്നു.
സോണിയയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ ലൂസിയാനയിൽനിന്നും സമീപഗ്രാമമായ ഗൊമറോളോയിൽനിന്നുമുള്ളവരാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ നാട്ടിലെ യുവാക്കളിൽ പലരും വിദേശങ്ങളിലേക്ക് കുടിയേറി. എന്നാൽ, പിതാവ് സ്റ്റെഫാനോ കുടുംബത്തോടൊപ്പം രാജ്യത്തിനുള്ളിൽത്തന്നെ വടക്കോട്ട് നീങ്ങാൻ തീരുമാനിച്ചു. ഫിയറ്റ് പോലുള്ള വൻകിട വ്യവസായങ്ങളുള്ള ടൂറിൻ മേഖലയായിരുന്നു ലക്ഷ്യം. 1948-ൽ കുടുംബം പീഡ്മോണ്ടിലെ സാംഗാനോ ഗ്രാമത്തിലേക്ക് താമസം മാറി. അന്ന് സോണിയയ്ക്ക് രണ്ടു വയസ്സായിരുന്നു. പിന്നീട് ഓർബസ്സാനോയിൽ പിതാവ് സ്വന്തമായി വീടുപണിതു. അതുകൊണ്ടുതന്നെ സോണിയയുടെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും സാംഗാനോയിലും ഓർബസ്സാനോയിലുമാണ് കടന്നുപോയത്. എങ്കിലും വേനലവധികൾ ആഘോഷിക്കാൻ അവർ പതിവായി വെനെറ്റോയിലേക്ക് മടങ്ങിയിരുന്നു.
ഇറ്റലിയിലെ ബാല്യം ഉൾപ്പെടെയുള്ള സോണിയയുടെ ജീവിതകഥ വീണ്ടും ചർച്ചയായത് അവരുടെ ആത്മകഥ പുറത്തിറങ്ങിയതോടെയാണ്. ആ പുസ്തകം വായിക്കാൻ കാത്തിരിക്കുകയാണെന്ന് കാങ് പറയുന്നു.
പുസ്തകത്തിൽ സോണിയ ഏറ്റവും കൂടുതൽ ഓർമിക്കുന്നത് മുത്തച്ഛൻ ജുസെപ്പെയെയാണ്. രണ്ടുവർഷത്തിലൊരിക്കൽ അദ്ദേഹത്തോടൊപ്പം തീവണ്ടിയിലും തുടർന്ന് ബസിലും കയറി താൻ ജനിച്ച ഗ്രാമത്തിലേക്ക് നടത്തിയ യാത്രകൾ അവർ വിവരിക്കുന്നു. ഓരോ വലിയ സ്റ്റേഷനിലും തീവണ്ടി നിർത്തുമ്പോൾ മുത്തച്ഛൻ വാങ്ങിത്തരുന്ന സാൻഡ്വിച്ചും ഓറഞ്ച് പാനീയവുമായിരുന്നു യാത്രയിലെ പ്രധാന ആകർഷണം. രാത്രി വൈകി ഗ്രാമത്തിലെത്തുമ്പോൾ ബന്ധുക്കൾ കാത്തുനിൽപ്പുണ്ടാകും.
വീടിന് തൊട്ടുപിന്നിലെ കാടാണ് സോണിയയുടെ ഓർമകളിലെ ഏറ്റവും മിഴിവുള്ള ചിത്രം. പിങ്ക് നിറമുള്ള സൈക്ലാമെൻ പൂക്കളുടെ സുഗന്ധവും വയറുവേദനിക്കുവോളം കഴിച്ച കാട്ടുപഴങ്ങളും അവർ ഓർത്തെടുക്കുന്നു. മരങ്ങളുടെയും ചെടികളുടെയും പേരുകൾ മുത്തച്ഛൻ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുത്തു. രാത്രിയിൽ വട്ടംകൂടി നൃത്തംചെയ്യുന്ന മന്ത്രവാദിനികളുടെയും മരുന്നുകൂട്ടുകൾ ഒരുക്കുന്ന കുള്ളന്മാരുടെയും കഥകളും അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നു. മൃഗങ്ങളെ പിടിക്കാൻ വേട്ടക്കാർ ഒളിപ്പിച്ചുവെച്ച കെണികൾ കണ്ടെത്തി എടുത്തുമാറ്റി, വീടിന് പിന്നിലെ വറ്റിയ കിണറ്റിലെറിയുന്നതും ഓർമകളിലുണ്ട്. മാതാപിതാക്കളുടെ കിടപ്പുമുറിയിലെ അലമാര, ആ വീടിന് പിന്നിലുണ്ടായിരുന്ന വലിയ വാൽനട്ട് മരം മുറിച്ചുണ്ടാക്കിയതാണെന്നും പുസ്തകത്തിൽ പറയുന്നു.
അമ്മയുടെ ഗ്രാമമായ ഗൊമറോളോയിലെ മുത്തശ്ശിയുടെ ഇരുനില വീടും വേനലവധിക്കാലത്തെ പ്രിയപ്പെട്ട ഓർമകളിലുണ്ട്. ചുവന്ന കല്ലിൽ തീർത്ത വലിയ സിങ്കും ചെമ്പുപാത്രങ്ങൾ നിരത്തിയ അലമാരയും പൊടിപിടിച്ച തട്ടിൻപുറത്തെ തൊട്ടിലും പഴയ ഫോട്ടോകളുടെ പെട്ടിയും ആ ഓർമകൾക്ക് നിറം പകരുന്നു. ഒപ്പം കളിച്ചുനടന്ന ബന്ധുക്കളായ കുട്ടികളെയും അവർ മറന്നിട്ടില്ല.
ഇന്ത്യയിൽനിന്ന് ഇറ്റലി സന്ദർശിക്കാനെത്തുന്നവർ സാധാരണയായി റോമും വെനീസും ഫ്ളോറൻസും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, ആ യാത്രയിൽ ലൂസിയാനയിലെ ഈ പഴയ വീട്ടിലേക്കും സഞ്ചാരികൾ എത്തും എന്നാണ് കാങ്ങ് പ്രതീക്ഷിക്കുന്നത്.
Content Highlights: Sonia Gandhi's childhood home in Lusiana, Italy, is being converted into a museum., The house was purchased in 2020 by expatriate Sikh businessman Sukhdev Singh Kang and named 'Indian House'., The initiative aims to boost tourism and the local economy by attracting Indian travelers visiting Italy., Plans include collaborating with the Gandhi family to display authentic personal items, photos, and documents.