പേര് 'ആച്ച കോച്ച്', പാലുകാച്ചലിന് ഉഴുന്നുവടയും ചായയും;ഇത് തീവണ്ടിയുടെ മാതൃകയില്‍ നിര്‍മിച്ച കെട്ടിടം

''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ആച്ച കോച്ച് പുറപ്പെടുകയായി...'' ഇംഗ്ലീഷിലും മലയാളത്തിലും അറിയിപ്പ് മുഴങ്ങി. ആളുകള്‍ കൗണ്ടറിനുമുന്നില്‍ നിരയായി നിന്നു. പിന്നെ ടിക്കറ്റുമായി കോച്ചിലേക്കു കയറി. വീണ്ടും അനൗണ്‍സ്മെന്റ്. 'സ്റ്റേഷന് മാസ്റ്റര്‍' പച്ചക്കൊടി കാണിച്ചു. വണ്ടി 'പുറപ്പെട്ടു'തുടങ്ങിയതേയുള്ളൂ. അതാ വരുന്നു, ഉഴുന്നവടയും ചായയും. തമിഴും മലയാളവും കലര്‍ന്ന സ്വരത്തില്‍ ചായവില്‍പ്പനക്കാരന്റെ ശബ്ദമുയര്‍ന്നു. ''ചായേ... വട...''
ഇതൊന്നും നടന്നത് ഒരു റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലോ തീവണ്ടി കംപാര്‍ട്ട്മെന്റിലോ അല്ല. നാലു ക്വാര്‍ട്ടേഴ്സുകള്‍ ചേര്‍ന്ന ഒരു കെടിടത്തിന്റെ പാലുകാച്ചല്‍ ചടങ്ങിലാണ്. തീവണ്ടിയുടെ മാതൃകയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കാസര്‍കോട് ദേശീയപാതയില്‍ പെരിയ ചാലിങ്കാലില്നിന്ന് രാവണേശ്വരത്തേക്കു പോകുന്ന റോഡരികില്‍.
തീവണ്ടിമാതൃകയിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനവും വേറിട്ടതാകണമെന്നത് കെട്ടിട ഉടമയും മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനുമായ ടി. ദാമോദരന്റെ ആഗ്രഹമായിരുന്നു. അമ്മ ആച്ചയുടെ പേരിനെ സ്മരിച്ച് 'ആച്ച കോച്ച്' എന്നാണ് കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്.
മുന്‍ഭാഗം റെയില്‍വേ പ്ലാറ്റ്ഫോം മാതൃകയിലും പാളങ്ങള്‍ക്കു മുകളില്‍ ഓടുന്ന രീതിയിലുമാണ് കെട്ടിടം നിര്‍മിച്ചത്. സര്‍വീസിലിരിക്കുമ്പോള്‍ സ്റ്റേഷന് മാസ്റ്ററായിരുന്ന ബാലഗോപാലനാണ് 'സ്റ്റേഷന് മാസ്റ്ററാ'യെത്തിയത്.
സഹപ്രവര്‍ത്തകരായിരുന്ന റെയില്‍വേ ജീവനക്കാരും ചടങ്ങിനെത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന് കെട്ടിടം ഉദ്ഘാടനംചെയ്തു. കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗത്താണ് 'ടിക്കറ്റ് കൗണ്ടര്‍' ഒരുക്കിയത്. ചാലിങ്കാലിലെ ഋഷികേശ് 'കൗണ്ടര്‍ ക്ലാര്‍ക്കും' പെരിയയിലെ മോഹനന് 'ചായവില്പ്പനക്കാരനു'മായി.
Content Highlights: a building built in the model of a train