ഐ.ടി ദമ്പതിമാർക്കായി 'വർക്ക് ഫ്രം ഹോം' ശൈലിയിൽ ഒരുക്കിയ വീട്; വ്യത്യസ്തമാണ് 'ഹീവ്'

ഹീവ്
ഹീവ്

പലരുടെയും വീടൊരു ജോലി സ്ഥലമായി മാറിയ സമയമാണ് കോവിഡ് കാലം. നിരവധി കമ്പനികളാണ് അവരുടെ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. ഇതേ സമയത്ത് വീടിന്റെ നിർമാണം വന്നെത്തിയപ്പോഴാണ് വർക്ക് ഫ്രം ഹോം ശൈലിയിലൊരു ഭവനമെന്ന ആശയത്തിലേക്ക് ഐ.ടി ജീവനക്കാരനായ വിജു വിൻസന്റും കുടുംബവും എത്തുന്നത്. 2021-ൽ നിർമാണം ആരംഭിച്ച വീട് പൂർത്തിയാകുന്നത് 2023 ഏപ്രിലിലാണ്. 

കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന 'ഹീവ്' എന്ന വീട് വർക്ക് ഫ്രം ഹോമിന് അനുയോജ്യമായ തരത്തിൽ നിർമിക്കപ്പെട്ടതാണ്. 2800 സ്‌ക്വയർ ഫീറ്റിൽ നിർമിച്ച വീട് ആറ് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബേ വിൻഡോയാണ് വീടിന്റെ അതിപ്രധാനമായ ഹൈലൈറ്റുകളിലൊന്ന്. എല്ലാ മുറികളിലും ജനലിനോട് ചേർന്ന് ഇരിക്കാനുള്ള സൗകര്യത്തെയാണ് ബേ വിൻഡോ എന്ന് പറയുന്നത്. 

വർക്ക് ഫ്രം ഹോമിനായി നിർമിച്ചിരിക്കുന്നതിനാൽ തന്നെ അടുക്കളയിലും ഇതിനായി പ്രത്യേക സ്‌പേസ് ക്രമീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ രണ്ട് കിടപ്പുമുറികൾ, ഫോർമൽ ലിവിങ്, ഇൻഫോർമൽ ലിവിങ്, ഓപ്പൺ കിച്ചൺ എന്നിവയാണുള്ളത്. ഫസ്റ്റ് ഫ്‌ളോറിൽ രണ്ട് കിടപ്പുമുറികളാണുള്ളത്. മൂന്ന് കിടപ്പുമുറികൾ ബാത്ത്‌റൂം അറ്റാച്ച്ഡാണ്. ഫോർമൽ ലിവിങ്ങിൽ കയറി ചെല്ലുന്നിടത്ത് തന്നെ പേഷ്യോയോയിലേക്ക് ഇറങ്ങാനുളള ഓപ്ഷനും വീട്ടിൽ നൽകിയിട്ടുണ്ട്. 

ഫോർമൽ ലിവിങ്ങിൽ സാധാരണയൊരു വിൻഡോയാണല്ലോ കൊടുക്കാറുളളത്. എന്നാൽ ഹീവ് എന്ന് പേരിട്ടിരിക്കുന്ന വീട്ടിൽ ഒരു സ്ലൈഡിങ് വിൻഡോ കൊടുത്ത ശേഷം ഗ്രിൽ വെച്ചിരിക്കുന്ന ഒരു ഏരിയയിലേക്ക് നമുക്ക് പ്രവേശിക്കാൻ കഴിയും. ക്ലോസ്ഡ് ഗ്രില്ലെന്നൊക്കെ വേണമെങ്കിൽ പേഷ്യോയെ വിശേഷിപ്പിക്കാം. സമകാലീന ശൈലിയിലാണ് വീടിന്റെ നിർമാണം. ലൈറ്റ് കളറുകളാണ് വീട്ടിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. 

ഗ്രേ, വൈറ്റ് കോംബോയുടെ മിശ്രണം കൂടിയാണ് ഹീവെന്ന വീട്. ബ്രൈറ്റ് ലൈറ്റുകളാണ് വീടിന്റെ അകത്തളങ്ങളിൽ നൽകിയിരിക്കുന്നത്. സാധാരണ വീടിനെ അപേക്ഷിച്ച് ധാരാളം ജനൽപാളികൾ ഈ വീട്ടിൽ കാണാൻ കഴിയും. അതിനാൽ പകൽസമയങ്ങളിൽ ധാരാളം വെളിച്ചം ലഭിക്കും. ഇതുവഴി കറന്റിന്റെ ഉപയോഗം കുറയ്ക്കാം. വിട്രിഫൈഡ് ടൈൽസ്, ഗ്രാനൈറ്റ് എന്നിവയാണ് ഫ്‌ളോറിങ്ങിനായി തിരഞ്ഞെടുത്തത്. സിറ്റ് ഔട്ടിലും മറ്റുമാണ് ഗ്രാനൈറ്റ് വിരിച്ചിരിക്കുന്നത്. 

ടഫൻഡ് ഗ്ലാസും  വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. റെഡിമെയ്ഡ് ഫർണിച്ചർ വീട്ടിൽ കാണാൻ കഴിയും. മൂന്ന് കിടപ്പുമുറികളിൽ സ്റ്റഡി ഏരിയ നൽകിയിട്ടുണ്ട്. വാർഡ്രോബ്, ഡ്രസിങ് ഏരിയ തുടങ്ങിയവയും കിടപ്പുമുറികളിൽ ഒരുക്കിയിട്ടുണ്ട്. അടുക്കളയുടെ പുറംഭാഗത്തായി ഒരു വർക്ക് ഏരിയ നൽകിയിട്ടുണ്ട്. മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചതിലൂടെ നിർമാണ ചെലവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചു. ജനാലകൾക്കും മറ്റും യുപിവിസി (Unplasticized Polyvinyl Chloride) പ്രയോജനപ്പെടുത്തിയതിലൂടെ ചെലവ് നല്ലവണം ചുരുക്കിയെന്നും ഉടമസ്ഥൻ പറയുന്നു.

ലോൺ ഏരിയയോട് ചേർന്ന് കുട്ടികൾക്കായി നീളമേറിയ ഒരു ഫിഷ് ടാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കാന്റീലിവർ കാർ പോർച്ച് വീടിന് മിഴിവേകുന്നു. കിടപ്പുമുറികളിൽ നിന്ന് നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിൽ ഒരു ബാൽക്കണിയുണ്ട്. ബാൽക്കണിയിൽ ഓപ്പൺ ഗ്രില്ലിന് പകരമായ ജിഎഫ്ആർസി കൊണ്ട് നിർമിച്ച പ്രത്യേക ജാളിയും ടഫൻഡ് ഗ്ലാസും ഇടചേർന്നുള്ള ഡിസൈൻ ഉപയോഗിച്ചത് എലിവേഷന് പ്രത്യേക ഭംഗി നൽകുന്നുണ്ട്.എക്സ്റ്റീരിയർ ഡോറുകൾ സ്റ്റീൽ ഉപയോഗിച്ചും ഇന്റീരിയർ ഡോറുകൾ എഫ്ആർപിയിലുമാണ് (Fiber Reinforced Plastic door) നിർമിച്ചിരിക്കുന്നത്.

ഭാര്യ ഹെയ്ഡി പോൾ, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്നതാണ് വിജു വിൻസന്റിന്റെ കുടുംബം. എറണാകുളത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇഞ്ച് സ്‌കെയിൽ ആർക്കിടെക്ടസാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. നിർമാണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് എന്നും മുന്നിട്ട് നിൽക്കുന്ന വീട് തന്നെയാണിത്. 

ചെലവ് കുറച്ച ഘടകങ്ങൾ-

1) മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചു. യുപിവിസി ജനലുകൾ ഉപയോഗിച്ചതും സഹായകരമായി.

2) എകസ്റ്റീരിയർ ഡോറുകൾക്ക് സ്റ്റീലിലും ഇന്റീരിയർ ഡോറുകൾ എഫ്ആർപിയിലുമാണ് നിർമിച്ചിരിക്കുന്നത്.
 

Project Details

Owner-Viju vincent and family

Location-Kakkanad, Kochi

Architect- INCH Scale

Builder- B&M Infra Private Limited

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: work from home style house for it professionals in kochi kakkanad, homeplan