ഇവിടെയെത്തിയാൽ മനസ്സും ശരീരവും കുളിർക്കും; നഗരമധ്യത്തിലെ നാലരസെന്റിൽ പച്ചപ്പ് നിറഞ്ഞ വീട്

ഒരു വീടെന്നാൽ കയറിക്കിടക്കാൻ ഒരിടം മാത്രമാകരുത് എന്നതായിരുന്നു എറണാകുളം പാലാരിവട്ടം സ്വദേശിനിയും തിയേറ്റർ, ഡബ്ബിങ് ആർട്ടിസ്റ്റുമായ ടി.എസ്. ആശാ ദേവിയുടെ മനസ്സിലെ സങ്കൽപം. തന്റെ ഇഷ്ടങ്ങളായ പാചകം, വായന, പൂന്തോട്ടപരിപാലനം എന്നിവയെല്ലാം ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന, സുഹൃത്തുക്കൾക്ക് ഒരുമിച്ച് കൂടാനുള്ള സ്ഥലമുള്ള ഒന്നായിരിക്കണം തന്റെ വീടെന്ന് ആശാ ദേവി ആദ്യമേ മനസ്സിലുറപ്പിച്ചിരുന്നു. ആർക്കിടെക്റ്റിനെ വീട് പണിയേൽപ്പിക്കുന്നതിന് മുമ്പായി തന്റെ ഈ ആവശ്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം അവർ പറഞ്ഞേൽപ്പിച്ചു. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ കെട്ടിലും മട്ടിലും മനസ്സ് കുളിർക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന വീടാണ് ആശാദേവി സ്വന്തമാക്കിയത്.
എറണാകുളത്തെ തിരക്കേറിയ നഗരപ്രദേശമായ പാലാരിവട്ടത്ത് നാലര സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തിരക്കും ബഹളങ്ങളുമെല്ലാം നിറഞ്ഞ പ്രദേശമാണിതെങ്കിലും വീടിരിക്കുന്ന സ്ഥലത്ത് അതൊന്നും എത്തുകയേ ഇല്ല. 'ദ ആർട്ടിസ്റ്റ് ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണപ്രവർത്തനങ്ങൾ 2021 നവംബറിലാണ് പൂർത്തിയായത്. ചുറ്റിലും നിറയെ കെട്ടിടങ്ങളായതിനാൽ പച്ചപ്പിന്റെ ഒരംശം പോലും വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നില്ല. അതിനാൽ, പുതിയ വീട് നിർമിച്ചപ്പോൾ വീടനകത്തും പുറത്തും പരമാവധി പച്ചപ്പും ചെടികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
38 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ ആകെ വിസ്തീർണം 1720 ചതുരശ്ര അടിയാണ്.
വീടിന്റെ ഫസ്റ്റ് ഫ്‌ളോർ ഭാവിയിൽ ഹോം സ്‌റ്റേ ആക്കാനുള്ള പദ്ധതി ആശാ ദേവിക്ക് ഉണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് വീടിന്റെ പ്ലാൻ വരച്ച് നിർമാണം തുടങ്ങിയത്. വീടിന്റെ എലവേഷൻ മുൻവശത്ത് നിന്ന് കാണുമ്പോൾ ചെരിഞ്ഞ് തോന്നിപ്പിക്കണമെന്നതും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു.
സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ, സ്റ്റെയർ റൂം എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
നന്നായി വായു സഞ്ചാരം ലഭിക്കുന്ന വിധമാണ് ജനലുകൾ നൽകിയിരിക്കുന്നത്. കൂടാതെ, ഓപ്പൺ കോർട്ട് യാർഡുകളും പ്രൈവറ്റ് കോർട്ട് യാർഡുകളും നൽകിയിരിക്കുന്നത് വീടിനുള്ളിൽ ദിവസം മുഴുവൻ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നു.
പച്ച നിറത്തോടുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറിങ്ങിന് നൽകിയിരിക്കുന്നത്. കൈകൾ കൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കളും ലാംപ്് ഷേഡുകളും നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. പുതിയ ഫർണിച്ചറുകൾ വലിയ വില കൊടുത്ത് വാങ്ങാതെ നിലവിലുള്ള ഫർണിച്ചറുകൾ തന്നെ പുതുക്കി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. റെഡിമെയ്ഡ് സോഫയും കസേരകളും ഒഴിവാക്കി ഇൻബിൽറ്റ് സീറ്റിങ് ആണ് നൽകിയിരിക്കുന്നത്. ഊഞ്ഞാൽ, ബെഞ്ച് എന്നിവയാണ് സ്വകാര്യ ഇടങ്ങൡ ഇരിക്കുന്നതിനായി കൊടുത്തിരിക്കുന്നത്. ഓപ്പൺ സ്റ്റൈൽ കിച്ചനാണ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ടേബിളും ബെഞ്ചുകളുമാണ് ഡൈനിങ് ഏരിയയിൽ നൽകിയിരിക്കുന്നത്. അടുക്കളയിലും ഡൈനിങ് ഏരിയയിലും ചെടികളുടെ സമൃദ്ധമായ ശേഖരമുണ്ട്.
ലിവിങ്, ഡൈനിങ് ഏരിയകളുടെ ഇടയിലായി വരുന്ന സ്ഥലത്താണ് ലൈബ്രറി നൽകിയിരിക്കുന്നത്.
ഭാവിയിൽ മുകളിലത്തെ നില ഹോംസ്‌റ്റേ ആക്കാൻ ഉദ്ദേശിക്കുന്നതിനാൽ പുറമെക്കൂടിയും മുകളിലേക്ക് സ്റ്റെയർകേസ് കൊടുത്തിട്ടുണ്ട്. ആശാ ദേവിയുടെ പച്ചനിറത്തോടുള്ള ഇഷ്ടം വീടിന്റെ ഇന്റീരിയറിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. സിറ്റൗട്ട് മുതൽ അടുക്കള വരെയുള്ള ഭാഗങ്ങളിലെല്ലാം പല ഇടങ്ങളിലും പച്ചനിറം തീമായി സ്വീകരിച്ചിരിക്കുന്നു.
മാസ്റ്റർ ബെഡ്‌റൂമിൽ പ്രൈവറ്റ് കോർട്ട് യാർഡ് കൊടുത്തിരിക്കുന്നു. സ്ലൈഡിങ് ഡോർ കൊടുത്താണ് ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നത്. എല്ലാ കിടപ്പുമുറിയിലും ബേ വിൻഡോ കൊടുത്തിരിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധമാണ് വീടിനുള്ളിലുള്ള കോർട്ട് യാർഡ് ക്രമീകരിച്ചിരിക്കുന്നത്.
ബിസൺ ബോർഡും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചൻ കാബിനുകളുടെ നിർമാണം. പരമാവധി പഴയ തടി തന്നെയാണ് വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ജി.ഐ. ഫ്രെയിമും മഹാഗണിയും ഉപയോഗിച്ചാൺ സ്‌റ്റെയർകേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം, വീടിന്റെ പ്രധാന വാതിലാകട്ടെ സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്. കട്ടിളകളും ജനലുകളും ജി.ഐ. മെറ്റൽ ഉപയോഗിച്ചാണ് നിർമിച്ചത്.
സീലിങ്ങിൽ പ്ലാസ്റ്ററിങ് ചെയ്യാതെ കോൺക്രീറ്റ് അതുപോലെ തന്നെ നിലനിർത്തിയിരിക്കുന്നു.
Project details
Owner : T.S. Asa Devi
Architecture : Rhea Chungath
Architecture firm : Linear Trails Architecture Studio,Kochi
Website : www.lineartrails.com
Ph: 6282 582 465
Photography : Unlimited Tales Photography
Content Highlights: home plans, myhome, kerala home designs, veedu