ഹാ എത്ര സുന്ദരം! ഒച്ചപ്പാടും ബഹളവുമില്ല, ആരുടെയും ഹൃദയം കവരും ഈ മനോഹരവീട്

#ജെസ്ന ജിന്റോ / jesnageorge@mpp.co.in
മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം കാരത്തൂരിൽ  പണികഴിപ്പിച്ച വീട്
മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം കാരത്തൂരിൽ പണികഴിപ്പിച്ച വീട്

കണ്ണഞ്ചിപ്പിക്കുന്ന ഇന്റീരിയറും ലൈറ്റിങ്ങും ഇല്ല, ആഡംബരം എന്ന വാക്കിന് ഇവിടെ പ്രസക്തിയേ ഇല്ല....എന്നാല്‍, ഇവിടെയെത്തുന്നവരുടെ കണ്ണും മനസ്സും നിറയും. ലളിതമായ കാഴ്ചകളാല്‍ അതിഥികളുടെ ഹൃദയം കവരുകയാണ് ഈ വീട്. 

കേരളത്തനിമ ചോരാതെ സമകാലീന അംശങ്ങള്‍ കൂടി കോര്‍ത്തിണക്കി പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വീട്. മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം പണിതിരിക്കുന്ന മഠത്തിലകത്ത് എന്നുപേരിട്ടിരിക്കുന്ന വീടിനെ ഇങ്ങനെ വേണം വിശേഷിപ്പിക്കാൻ. കാരത്തൂര്‍ സ്വദേശി സുലൈമാനാണ് ഈ വീടിന്റെ ഉടമസ്ഥന്‍. 2022 ജനുവരിയിലാണ് പ്രകൃതിഭംഗിയിലൊരുക്കിയിരിക്കുന്ന ഈ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. 

സിറ്റൗട്ടില്‍ നിന്ന് വീടിന്റെ മുറ്റത്തേക്ക് വരെ നീളുന്ന ഓട് കൊണ്ട് നിര്‍മിച്ച ചുമരാണ് ഈ വീടിനെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം. പഴയകേരളവീടിനെ അനുസ്മരിപ്പിക്കുന്ന വിധം നാലുപാളികളുള്ള വാതിലാണ് സിറ്റൗട്ടില്‍ നിന്ന് ലിവിങ് ഏരിയയിലേക്ക് തുറക്കുന്നത്. വളരെ ലളിതമായാണ് സിറ്റൗട്ടിന്റെ നിര്‍മാണം. 

ഇവിടെ നിന്ന് നേരെ കടന്നെത്തുക ലിവിങ് ഏരിയയിലേക്കാണ്. തടിയിലും മെറ്റലിലുമാണ് ഇവിടെ ഇരിപ്പിടങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ടി.വി. യൂണിറ്റു സ്റ്റെയറും ലിവിങ് ഏരിയയില്‍ നിന്നാണ് കൊടുത്തിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയെയും തമ്മില്‍ വേര്‍തിരിക്കുന്നത് ഭാഗിമായി മറഞ്ഞിരിക്കുന്ന ചുമരാണ്. 

നാല് കിടപ്പുമുറികള്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, ഓപ്പണ്‍ കിച്ചന്‍ എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങള്‍. 15 സെന്റ് സ്ഥലത്തൊരുക്കിയിരിക്കുന്ന വീടിന് ഭംഗി നല്‍കുന്നത് ആഡംബരം ഒഴിവാക്കിയുള്ള ലളിതമായ ഡിസൈനിങ്ങാണ്. ഈ വീടിന്റെ ആകെ വിസ്തീര്‍ണം 1800 ചതുരശ്ര അടിയാണ്. ഇരുനിലകളിലായി തീര്‍ത്ത വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 45 ലക്ഷം രൂപയാണ് ചെലവായത്. 

തണ്ടൂര്‍ സ്റ്റോണ്‍, തിളക്കം കുറഞ്ഞ ടൈല്‍ എന്നിവയാണ് ഈ വീടിന്റെ ഫ്‌ളോറിങ്ങിന് നല്‍കിയിരിക്കുന്നത്. 

അതേസമയം, വീടിന്റെ ഉള്ളിലും പുറത്തുമെല്ലാം പെയിന്റ് വളരെ കുറച്ചാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പെയിന്റിന് പകരം ബ്ലാക്ക് ഓക്‌സൈഡും റെഡ് ഓക്‌സൈഡും നല്‍കി. ഇങ്ങനെ ചെയ്തത് വീടിന് പ്രകൃതദത്തഭംഗിയും റസ്റ്റിക് ലുക്കും നല്‍കി. 

സീലിങ് കോണ്‍ക്രീറ്റ് ഫിനിഷില്‍ തന്നെ നിലനിര്‍ത്തി. ഇവിടെ പെയിന്റ് നല്‍കുകയോ മറ്റ് അലങ്കാരങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലയെന്നതും പ്രത്യേകതയാണ്. 

അതേസമയം, ഈ വീട്ടിലുപയോഗിച്ചിരിക്കുന്ന എല്ലാ ഫര്‍ണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്, എന്തിന് വാഷ്‌ബേസിന്‍ പോലും. പില്ലര്‍ പോലെ റൗണ്ട് ആകൃതിയില്‍ ഉയരത്തിലാണ് വാഷ്‌ബേസിന്‍ നിര്‍മിച്ചിരിക്കുന്നത്.

അടുക്കളയിലും നാച്ചുറല്‍ ഫീല്‍ ലഭിക്കാന്‍ കബോഡുകള്‍ പ്ലൈവുഡ് പോളിഷ് ചെയ്തു. കിടപ്പുമുറിയിലാകട്ടെ കട്ടില്‍ കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ അലമാരകള്‍ പ്ലൈവുഡ് പോളിഷ് ഫിനിഷ് ആണ്. 

റൂഫിങ്ങില്‍ ഓട് കൊടുത്തും കോണ്‍ക്രീറ്റ് ചെയ്തിടത്ത് സീലിങ് ഒഴിവാക്കി പോളിഷ് ചെയ്തതുകൊണ്ടും ചെലവ് ഏറെ കുറയ്ക്കാനായി. 

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ഫാന്‍സി മെറ്റീരിയല്‍ പരമാവധി കുറച്ച് നാച്ചുറല്‍ വസ്തുക്കള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ഈ വീടിനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. 

ഒരു വശത്തേക്ക് മാത്രമായി ചെരിച്ചാണ് റൂഫിങ് കൊടുത്തിരിക്കുന്നത്. വീടിന് മുഴുവനായി ഒരൊറ്റ റൂഫ് കൊടുക്കുന്നതിന് പകരം പല തട്ടുകളിലയാണ് നല്‍കിയിരിക്കുന്നത്. അതേസമയം, റൂഫിനും ചുമരിനുമിടയില്‍ വലിയ വിടവുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ ഇതിലൂടെ വീടിനുള്ളിലേക്ക് സൂര്യപ്രകാശം ഇടതടവില്ലാതെ എത്തുന്നു. മഴവെള്ളം കടക്കാതിരിക്കാന്‍ ഇവിടെ ഗ്ലാസ് കൊടുത്തിട്ടുണ്ട്. 

വാട്ടര്‍ പോണ്ട് ആയിട്ടാണ് കോര്‍ട്ട്‌യാര്‍ഡ് കൊടുത്തിരിക്കുന്നത്. കുളവും അതിനുള്ളില്‍ വളരുന്ന മരവും വീടിനുള്ള അന്തരീക്ഷവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇഷ്ടിക കൊണ്ടാണ് കോര്‍ട്ട് യാര്‍ഡിന്റെ പുറത്തേക്കുള്ള വശങ്ങള്‍ കെട്ടിയിരിക്കുന്നത്. മുകളില്‍ സ്ട്രസ് വര്‍ക്ക് ചെയ്ത് ഓപ്പണിങ് ഉള്ള ഓട് ആണ് പാകിയിരിക്കുന്നത്. 

മുറ്റത്ത് പകുതിയോളം ഭാഗത്ത് വെട്ടുകല്ലാണ് പാകിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് മെറ്റല്‍ ചില്ലിയും നിരത്തിയിരിക്കുന്നു. 

Project details 

Owner : Sulaiman
Location : Karathur, Thirur, Malappuram
Engineer : Mohamed Shafi C.P.
Designers : Sufail Shalu, Rahees AM, Shafeek Y
Architectural firm : Hayit Concepts, Architecture and Construction
Coconut bazar, 9/288B, South Beach, Calicut
Ph : 9656272829

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
 

Content Highlights: kerala traditional home design, kerala home design, myhome, home plans