ഡൈനിങ് ടേബിളായി വാതിൽ, ചെലവ്‌ പത്തുലക്ഷത്തിൽ താഴെ; സാമൂഹികമാധ്യമത്തിൽ വൈറലായ വീട് !

മലപ്പുറം പാങ്ങിലെ വിഷ്ണുപ്രിയന്റെ വീട്
മലപ്പുറം പാങ്ങിലെ വിഷ്ണുപ്രിയന്റെ വീട്

സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധാ കേന്ദ്രമാവുകയാണ് മലപ്പുറം പാങ്ങിലെ ഇരുനില വീട്. പത്തുലക്ഷംരൂപ മാത്രം ചെലവാക്കി നിർമിച്ച വീടെന്ന വസ്തുത മറ്റുവീടുകളിൽ നിന്ന് ഈ വീടിനെ വേറിട്ട് നിർത്തുന്നു. 960 സ്‌ക്വയർ ഫീറ്റുള്ള വീട് നിർമിക്കാൻ ആകെ ചെലവായത് 9.60 ലക്ഷം രൂപയാണ്. ഫ്രിഡ്ജ് പോലുള്ള വീട്ടുപകരണങ്ങൾക്ക് അടക്കം ചെലവായ തുകയാണിതെന്ന്‌  വീടിന്റെ ഉടമയായ വിഷ്ണുപ്രിയൻ പറയുന്നു. എട്ടു സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 

വീടിന്റെ പ്രാഥമിക ഡിസൈൻ ഉണ്ടാക്കിയതും വിഷ്ണുപ്രിയൻ എന്ന ആർട്ടിസ്റ്റ് തന്നെയാണ്‌. ആർക്കിടെക്ടായ കിഷോറെന്ന സുഹൃത്ത് ഇടപെട്ടതോടെ ഡിസൈൻ പൂർണമായി. കോവിഡിന് മുമ്പ് 2019-ൽ ആരംഭിച്ച വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ 2021-ലാണ് പൂർത്തിയായത്. രണ്ടു മുറികൾ, ഹാൾ, ഡൈനിങ് ഏരിയ, കിച്ചൺ, കോമൺ ബാത്ത്‌റൂം, സിറ്റഔട്ട് എന്നിവ അടങ്ങിയതാണ് ഗ്രൗണ്ട് ഫ്‌ളോർ. ഫസ്റ്റ് ഫ്‌ളോറിൽ ഒരു മുറി മാത്രമാണ് നൽകിയിരിക്കുന്നത്.

ലിവിങ് റൂം (പഴയ മരപ്പെട്ടി ടീപോയ്ക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നത് കാണാം), വീടിന് മുൻവശത്തെ ജാളി

ജാളിയുടെ സാധ്യതകളും വീട്ടിൽ പ്രയോജനപ്പെടുത്തി. ആറുപേർക്ക് ഇരിക്കാവുന്നതാണ് ഡൈനിങ് ഏരിയ. പഴയ ഒരു വാതിലുപയോ​ഗിച്ചാണ് ഡൈനിങ് ടേബിൾ തയ്യാറാക്കിയിരിക്കുന്നത്. പണ്ടുകാലങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന തരത്തിലുള്ള ഇരുമ്പ് കസേരകളാണ് ഡൈനിങ് ഏരിയയിൽ നൽകിയിരിക്കുന്നത്. ഏറെ തപ്പിയാണ് ഈ കസേരകൾ ലഭിച്ചതെന്നും വിഷ്ണുപ്രിയൻ പറയുന്നു.

വാം ലൈറ്റുകളാണ് വീട്ടിൽ കൊടുത്തിരിക്കുന്നത്. ഫ്‌ളോറിങ്ങിലും വീട്ടിലുടനീളം വ്യത്യസ്തത കാണാൻ കഴിയും. ആന്ധ്ര കടപ്പ സ്റ്റോണുകളാണ് സിറ്റ്ഔട്ടിലുള്ളത്. പടികൾ ചെങ്കല്ലിലാണ് പൂർത്തിയാക്കിയത്. അകത്തേക്കു കയറിയാൽ വിഷ്ണുപ്രിയൻ എന്ന ആർട്ടിസ്റ്റിന്റെ കലാവിരുത് കാണാൻ കഴിയും. സാധാരണ സിമന്റ് ഉപയോഗിച്ച നിർമിച്ച തറയിൽ എമൽഷൻ ഉപയോഗിച്ച് വരച്ചാണ് ഫ്‌ളോറിങ് നൽകിയിരിക്കുന്നത്. ഇതിന് മുകളിലായി റെസിൻ കോട്ടിങ്ങും കൊടുത്തു. 

ലിവിങ് റൂമിൽ പഴയ സോഫ നവീകരിച്ച് പുതുതായി നൽകിയിരിക്കുന്നു, മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കുന്നതിനായി പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ച കോണിയും കാണാം

മുകളിലെ നിലയിൽ ഫ്‌ളോറിങ്ങിനായി ഗ്രീൻ ഓക്‌സൈഡും ബ്ലൂ ഓക്‌സൈഡും ഉപയോഗിച്ചു. ഗ്രേ ആൻഡ് ബ്രൗൺ കോംബിനേഷിലാണ് കുളിമുറി നിർ‌മിച്ചത്. ചെറിയ കേടുവന്ന സെക്കൻഡ് ഹാൻഡ് ടൈലുകൾ ഇവിടെ പ്രയോജനപ്പെടുത്തി. ഫസ്റ്റ് ഹാൻഡ് ഫർണിച്ചറുകൾ പൂർണമായും ഒഴിവാക്കി. പഴയ ഒരു സോഫയുണ്ടായിരുന്നത് മിനുക്കിയെടുത്താണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്. ടീപോയ്ക്ക് പകരമായി സാധനങ്ങൾ സൂക്ഷിക്കുന്നതിന് പഴയ മരപ്പെട്ടി നൽകി. ഇവിടെ തന്നെ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.


ഡൈനിങ് ഏരിയ (പഴയ ഒരു ഡോറാണ് ടേബിളിൽ പ്ലേറ്റ് വെയ്ക്കാനായി ഉപയോഗിച്ചിരിക്കുന്നത്, പഴയ കാലത്തെ കസേരകളും കാണാം)

അറ്റാച്ച്ഡ് ബാത്ത്‌റൂമുകൾ വീട്ടിൽ നൽകിയിട്ടില്ല, പകരം പുറത്തായി രണ്ടു ബാത്ത്‌റൂമുകൾ കൊടുത്തിരിക്കുന്നു. മൂന്ന് കിടപ്പുമുറികളാണ് ആകെയുള്ളത്. എല്ലാ മുറികളിലും വാർഡ്രോബ് സൗകര്യവുമുണ്ട്. വീട് വൃത്തിയാക്കി പൊടി പുറത്തു കളയാനുള്ള സൗകര്യത്തിനായി അടുക്കളയുടെ തറ മറ്റു മുറികളിൽ നിന്ന് കുറച്ച് താഴ്ത്തിയാണ് നിർമിച്ചിരിക്കുന്നത്. സാധാരണ അടുപ്പാണ് ഇവിടെ ഇപ്പോഴും ഉപയോഗിക്കുന്നത്. പകൽസമയങ്ങളിൽ ആവശ്യത്തിനകം വെളിച്ചം അകത്തു ലഭിക്കത്തക്ക തരത്തിലാണ് നിർമാണം. കാറ്റ് ധാരാളം ലഭിക്കുന്ന പ്രദേശമായതിനാൽ വീടിനുള്ളിൽ എപ്പോഴും കുളിർമയുമുണ്ടാകും.

കിടപ്പുമുറികളിലൊന്ന്‌

ഭിത്തിക്ക് കൂടുതലായും വെട്ടുകല്ല് ഉപയോഗിച്ചതിനാൽ ചെലവുകുറഞ്ഞു. നാട്ടിൽ വെട്ടുകല്ല് സുലഭമായതിനാൽ വിലകുറഞ്ഞു കിട്ടിയെന്ന് വിഷ്ണുപ്രിയൻ പറയുന്നു. അനാവശ്യമായുള്ള പ്ല​ഗുകൾ പൂർണമായും ഒഴിവാക്കി. ഇതും ചെലവ് കുറയാനുള്ള കാരണമായി. അലങ്കാര ബൾബുകൾക്കും വിഷ്ണുപ്രിയന്റെ വീട്ടിൽ സ്ഥാനമില്ല. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വിഷ്ണുപ്രിയനും കുടുംബവും സഹായികളായതും ചെലവ് കുറച്ചു. പഴയ ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

കിച്ചൺ

മുകളിലെ നിലയിലേക്കുള്ള ​ഗോവണി പൊളിച്ച ഒരു വീട്ടിൽനിന്നും വാങ്ങിയതാണ്. ഇതിനു ചെലവായതാകട്ടെ ഏഴായിരംരൂപ മാത്രവും. ഇരുമ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കട്ടിലുകൾ നിർമിച്ചപ്പോൾ മൂന്നെണ്ണത്തിന് ചെലവായത് വെറും അയ്യായിരം രൂപ മാത്രമാണ്. 

ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി വീട് നിർമിക്കണമെന്നാണ് പുതുതായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരോട് വിഷ്ണുപ്രിയന് പറയാനുള്ളത്. ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ചെലവും കുറയും, അനുകരണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും വിഷ്ണുപ്രിയൻ പറയുന്നു. അമ്മ, അച്ഛൻ, അനിയൻ, അമ്മായി തുടങ്ങിയവരാണ് വീട്ടിലുള്ളത്. 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: house at a cost of less than 10 lakh; The residence in Malappuram gained attention