25 വർഷം പഴക്കമുള്ള വീട്, നവീകരണത്തിന് ശേഷം 18-ന്റെ ചെറുപ്പത്തിലേക്ക്

വീടിന് പഴക്കമേറുമ്പോള്‍ നവീകരണം എന്ന പരിഹാരമാര്‍ഗത്തിലേക്ക് തിരിയുന്നവരാണ് മിക്കയാളുകളും. ചിലര്‍ വീട് പൂര്‍ണമായും പൊളിച്ച് പുതിയത് നിര്‍മിക്കുമ്പോള്‍ മറ്റുള്ളവര്‍ ചില ഭാഗംമാത്രം പൊളിച്ച് നവീകരിക്കുന്നു. വീട് ഭാഗികമായി പൊളിച്ച് നവീകരിച്ച കഥയാണ് ഡോ.ഫയാസ് പി.എമ്മിന് പറയാനുള്ളത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
25 വര്‍ഷം പഴക്കമുള്ള എഎ റെഡിന്‍സ് എന്ന വീടാണ് ഒരുവര്‍ഷത്തിന് ശേഷം പതിനെട്ടിന്റെ തിളക്കത്തിലേക്ക് എത്തിയത്. 22 സെന്റ് സ്ഥലത്ത് 2,809 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പഴയ വീടിന് കോമണ്‍ ഏരിയയ്ക്ക് സ്ഥലപരിമിതികളുണ്ടായിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ വീടിന്റെ നിര്‍മാണം. വീടിന് സമീപത്തായി നിലനിന്നിരുന്ന സ്ഥലം വാങ്ങിയതും പുനര്‍നിര്‍മാണത്തിന് സഹായകരമായി.
വലിപ്പം കുറഞ്ഞ കോമണ്‍ ഏരിയക്ക് വലിപ്പം വേണം, പകല്‍സമയങ്ങളില്‍ ആവശ്യത്തിന് സൂര്യപ്രകാശം തുടങ്ങിയ ആവശ്യങ്ങളാണ് വീട്ടുടമസ്ഥനായ ഡോ.ഫയാസ് മുന്നോട്ട് വെച്ചത്. ഇതിന് അനുസരിച്ചുള്ള ഒരു വീട് രൂപകല്‍പ്പന ചെയ്യാന്‍ എറണാകുളത്തുള്ള ഗ്രേ കളക്ടീവ് എന്ന സ്ഥാപനത്തിന് സാധിച്ചു. വീടിന്റെ വടക്ക് ഭാഗത്തായി വലിപ്പമേറിയ രണ്ടു ജനല്‍പാളികള്‍ പിടിപ്പിച്ചതു വഴി ആവോളം സൂര്യപ്രകാശം വീട്ടിനുള്ളിലേക്കെത്തി.
മുന്‍പ് കാര്‍ പോര്‍ച്ചായിരുന്ന ഏരിയയാണ് കോര്‍ട്ട് യാഡായി പരിഷ്‌കരിച്ചത്. ലിവിങ് റൂമിലേക്ക് വെളിച്ചമെത്താന്‍ കോര്‍ട്ട് യാഡ് സഹായകരമായി. ഫസ്റ്റ് ഫ്‌ളോറില്‍ കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങുന്ന തരത്തിലൊരു ബാല്‍ക്കണി നിര്‍മിച്ചു. റോഡിന് അഭിമുഖമായിട്ടാണെങ്കിലും ആവശ്യത്തിന് സ്വകാര്യത പ്രദാനം ചെയ്യുന്ന ഏരിയ കൂടിയാണിത്. ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ കോര്‍ട്ട് യാഡിന്റെ ദൃശ്യം കൂടി കാണത്തക്ക തരത്തിലാണ് നിര്‍മാണം.
ഗ്രൗണ്ട് ഫ്‌ളോറില്‍ വരാന്ത, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, വര്‍ക്ക് ഏരിയ, കിടപ്പുമുറികള്‍ എന്നിവയാണുള്ളത്. ഒരു കിടപ്പുമുറി മള്‍ട്ടിപര്‍പ്പസ് ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് കിടപ്പുമുറികള്‍, ലിവിങ്, ടെറസ് എന്നിവയാണുള്ളത്. നാല് കിടപ്പുമുറികളാണ് വീടിന് ആകെയുള്ളത്. ഇന്റീരിയര്‍ ഡിസൈനിങ്ങിനും മറ്റും അധിക തുക മുടക്കാത്തതിനാല്‍ ചെലവ് ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിച്ചു. ആവശ്യ ഘടകങ്ങള്‍ മാത്രമാണ് പരിഗണിച്ചത്.
ഗ്രേ ഗ്ലോസി ടൈലുകളാണ് അകത്തളങ്ങളില്‍ വിരിച്ചിരിക്കുന്നത്. വരാന്തകളില്‍ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും പുറത്തു നിന്ന് വാങ്ങുകയായിരുന്നു.
സ്റ്റഡി ഏരിയ കിടപ്പുമുറിയിലെ പ്രത്യേകതകളിലൊന്നാണ്. അടുക്കളയില്‍ വര്‍ക്ക് ഏരിയയില്‍ ഒരു ടേബിള്‍ നല്‍കിയിട്ടുണ്ട്. ഇരുന്ന് കഴിക്കാനും മറ്റും ഇവിടെ സാധിക്കും. വര്‍ക്ക് ഏരിയ വിശാലമായതിനാലാണ് ഇവിടെ തന്നെ ടേബിളിനുള്ള സൗകര്യം നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ ഫെറോ സിമന്റ് ഉപയോഗിച്ചതു വഴി ചെലവ് ഒരു പരിധി വരെ കുറഞ്ഞു. ഡോ.ഫയാസ്, ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്.
Project Details
Owner: Dr Fayas PM and Family
Location: North Paravur, Ernakulam
Construction company/Project Designed: grey collective, 9778214630
Content Highlights: about the renovated home in north paravur, myhome latest