'ക്ലയന്റ് ചോദിക്കുന്നതെല്ലാം അതേപടി ഡിസൈൻ ചെയ്യുന്നതല്ല കസ്റ്റമൈസേഷൻ' | Space & Soul

എന്താണ് യഥാർത്ഥ കസ്റ്റമൈസേഷൻ?
'എനിക്ക് ഈ ഫോട്ടോയിലുള്ളത് പോലത്തെ അലമാര മതി.'
'എനിക്ക് അവരുടെ വീട്ടിലേതുപോലെ മൂന്ന് അടുക്കള വേണം.'
'റെഡിമെയ്ഡ് ഫർണിച്ചറൊന്നും വേണ്ട. ഈ റീലിൽ കാണുന്നതുപോലെ കസ്റ്റമൈസ് ചെയ്താൽ മതി.'
ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ ഒരു ആർക്കിടെക്ട് ഏറ്റവും കൂടുതൽ കേൾക്കുന്ന ആവശ്യങ്ങളിൽ ചിലതാണ് ഇവ. ഓരോ തവണയും ഇത്തരം ആവശ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് സംശയം തോന്നാറുണ്ട്. ശരിക്കും എന്താണ് യഥാർത്ഥ കസ്റ്റമൈസേഷൻ? മറ്റൊരാളുടെ കസ്റ്റമൈസേഷൻ എങ്ങനെയാണ് നമ്മുടെ സ്വന്തം കസ്റ്റമൈസേഷനാകുന്നത്? ഈ ചോദ്യങ്ങൾ ഓർമിപ്പിക്കുന്ന ഒരു അനുഭവമുണ്ട്.
ഒരിക്കൽ രണ്ടു സഹോദരന്മാർ ചേർന്ന് ഒരു സ്ഥലം വാങ്ങി. അടുത്തടുത്തായി രണ്ടു വീടുകൾ ഡിസൈൻ ചെയ്യണം. ഒരാൾ നാട്ടിലുണ്ട്. മറ്റൊരാൾ വിദേശത്തും. വിദേശത്തുള്ള സഹോദരൻ പറഞ്ഞു: 'നാട്ടിലുള്ള ജ്യേഷ്ഠൻ ചെയ്യുന്ന അതേ പ്ലാൻ തന്നെ എനിക്കും മതി. അപ്പോൾ കാര്യങ്ങൾ നോക്കി നടത്താൻ എളുപ്പമായിരിക്കും.'
ആദ്യനോട്ടത്തിൽ അത് വളരെ പ്രായോഗികമായ തീരുമാനമായി തോന്നാം. പക്ഷേ, കുറച്ചുനേരം സംസാരിച്ചപ്പോൾ മനസ്സിലായി അവരുടെ ജീവിതരീതി ഒരുപോലെയല്ല. ഒരാൾ വർഷം മുഴുവൻ ആ വീട്ടിൽ താമസിക്കും. മറ്റൊരാൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ നാട്ടിലെത്താറുള്ളൂ. ഒരാളുടെ വീട് ദൈനംദിന ജീവിതത്തിനുള്ളതായിരുന്നു. മറ്റെയാളുടേത് ഇടയ്ക്കിടെ മടങ്ങിയെത്താനുള്ള ഒരിടം.
അപ്പോൾ അവരുടെ വീടുകൾ എങ്ങനെ ഒരുപോലെയാകും?
ആ വ്യത്യാസം പ്ലാനിൽ മാത്രമല്ല, ആ വീട്ടിലെ ഓരോ ഇടത്തിലും പ്രതിഫലിക്കേണ്ടതായിരുന്നു. ഒടുവിൽ ഡിസൈൻ പൂർത്തിയായപ്പോൾ അത് സ്ഥിരതാമസത്തിനുള്ള വീടിനേക്കാൾ ഒരു വെക്കേഷൻ ഹോമിന്റെ സ്വഭാവത്തിലേക്ക് മാറുകയാണ് ചെയ്തത്.
കസ്റ്റമൈസേഷൻ ഒരു അലമാരയിൽനിന്നോ അടുക്കളയിൽനിന്നോ തുടങ്ങുന്നതല്ല. അത് ആളുകൾ ജീവിക്കുന്ന രീതിയിൽനിന്നാണ് തുടങ്ങുന്നത്.
ജീവിതം എന്ന് പറയുമ്പോൾ അത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല. ഒരേ അംഗങ്ങളുള്ള രണ്ടു കുടുംബങ്ങൾ പോലും ഒരുപോലെയാകണമെന്നില്ല.
ചില വീടുകളിൽ വൈകുന്നേരം എല്ലാവരും സ്വീകരണമുറിയിൽ ഒത്തുകൂടും.
ചില വീടുകളിൽ ഓരോരുത്തർക്കും ഓരോ ലോകങ്ങളായിരിക്കും.
ചില വീടുകളിൽ അതിഥികൾ പതിവായിരിക്കും.
ചില വീടുകളിൽ സ്വകാര്യതയ്ക്കാണ് കൂടുതൽ പ്രാധാന്യം.
വീടിന്റെ പ്ലാൻ ഒരുപോലെയാകാം. പക്ഷേ, അതിനുള്ളിലെ ജീവിതം ഒരിക്കലും അങ്ങനെയല്ല. ഒന്ന് ആലോചിച്ചു നോക്കൂ, അച്ഛനും അമ്മയും രണ്ടു മക്കളുമുള്ള രണ്ടു കുടുംബങ്ങൾ. ഒരു വീട്ടിൽ എല്ലാവരും എല്ലാ രാത്രിയും ഒരുമിച്ച് ഭക്ഷണം കഴിക്കും. മറ്റൊരു വീട്ടിൽ ഓരോരുത്തരും ഓരോ സമയത്തായി ഭക്ഷണം കഴിക്കും. ഈ രണ്ടു കുടുംബങ്ങൾക്കും ഒരേ ഡൈനിങ് സ്‌പേസ് മതിയാകുമോ? അതുപോലെ, ഒരു വീട്ടിൽ മുത്തശ്ശി കൂടെയുണ്ട്. മറ്റൊരു വീട്ടിൽ മാതാപിതാക്കൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ്. ഈ രണ്ടു കുടുംബങ്ങൾക്കും ഒരേ അടുക്കള അനുയോജ്യമാകുമോ? ഒരുപക്ഷേ ഇല്ല. കാരണം ഒരു വീടിന്റെ രൂപം തീരുമാനിക്കുന്നത് ചുമരുകളല്ല. അവിടെ ജീവിക്കുന്നവരുടെ ദൈനംദിന ശീലങ്ങളാണ്. അത് ചിലപ്പോൾ വളരെ ചെറിയ കാര്യങ്ങളിൽ പോലും കാണാം.
ഇതിനു ഒരുദാഹരണം പറയാം.
ഒരു പ്രോജക്ടിൽ ക്ലയന്റുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ലളിതമായിരുന്നു.
'എനിക്ക് മഴ വീട്ടിനകത്തേക്ക് വരണം'
ഉച്ചഭക്ഷണത്തിനു ശേഷം കുറച്ചു നേരം കിടന്നുറങ്ങുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. പൂർണ്ണചന്ദ്രനെ നോക്കിയിരിക്കാൻ കഴിയണമെന്നതും അദ്ദേഹത്തിന്റെ ഒരാഗ്രഹമായിരുന്നു. ആദ്യമൊക്കെ കേൾക്കുമ്പോൾ ഇവയെല്ലാം വീടിന്റെ പ്ലാനുമായി എങ്ങനെ ബന്ധിപ്പിക്കുമെന്നത് അത്ര വ്യക്തമല്ല. പക്ഷെ, ഒരു ആർക്കിടെക്ടിനെ സംബന്ധിച്ചിടത്തോളം ഇത്തരം ചെറിയ കാര്യങ്ങളാണ് ചിലപ്പോൾ ഡിസൈനിലേക്ക് വഴിതുറക്കുന്നത്. അദ്ദേഹം ചോദിക്കുന്നത് ഒരു പ്രത്യേക മുറിയെക്കുറിച്ചല്ല. അദ്ദേഹം ആ വീട്ടിൽ എങ്ങനെ ജീവിക്കണമെന്ന് പറയുകയായിരുന്നു. അത് മനസ്സിലാക്കിയപ്പോൾ ആ ജീവിതത്തിന് അനുയോജ്യമായ ഒരിടം വീടിനുള്ളിൽ കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നി. അങ്ങനെയാണ് നടുമുറ്റം എന്ന ആശയം മുന്നോട്ടു വന്നത്. വീടിനകത്തേക്ക് മഴയുടെ അനുഭവം കൊണ്ടുവരാൻ കഴിയുന്ന ഒരിടം. ഉച്ചയ്ക്ക് വിശ്രമിക്കാനും രാത്രി പൂർണ്ണചന്ദ്രനെ നോക്കിയിരിക്കാനും കഴിയുന്ന ഒരിടം. അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മറ്റൊരു ചിന്ത വന്നു. ഭാവിയിൽ മകൾക്ക് കുഞ്ഞുണ്ടാകുമ്പോൾ കുളിപ്പിക്കാനും വെയിൽ കൊള്ളിക്കാനുമൊക്കെ അത്തരമൊരു ഇടം ഉപയോഗിക്കാമല്ലോ. അങ്ങനെ ഞങ്ങൾ ആദ്യം കരുതിയതിലും കൂടുതൽ അർത്ഥങ്ങൾ ആ നടുമുറ്റത്തിന് കിട്ടിത്തുടങ്ങി.
അവിടെ ഒരു ആട്ടുകട്ടിൽ കൂടി വന്നു. അതുകൊണ്ടു മാത്രം ആ ഇടം പൂർണമായില്ല. അദ്ദേഹം അവിടെ ഇരിക്കുമ്പോഴും വീട്ടിലെ മറ്റുള്ളവരിൽനിന്ന് അകന്നുപോകരുത് എന്നതും പ്രധാനമായിരുന്നു. അതുകൊണ്ടാണ് നടുമുറ്റത്തെ ഡൈനിങ് സ്‌പേസിനോടും ഓപ്പൺ കിച്ചനോടും ബന്ധിപ്പിച്ചത്. എവിടെനിന്ന് നോക്കിയാലും പരസ്പരം കാണാം.
അദ്ദേഹം ആട്ടുകട്ടിലിൽ ഇരിക്കുമ്പോൾ അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയെ കാണാം, സംസാരിക്കാം; മറിച്ചും. അങ്ങനെ നടുമുറ്റം ഒരു പ്ലാനിലെ ഓപ്പൺ സ്‌പേസ് മാത്രമല്ലാതായി. അത് ആ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. ഇങ്ങനെയാണ് ചിലപ്പോൾ ഒരു ക്ലയന്റിന്റെ ചെറിയൊരു ആഗ്രഹം പോലും ഒരു ഡിസൈൻ തീരുമാനിക്കുന്നതിലേക്ക് വളരുന്നത്.
കസ്റ്റമൈസേഷൻ എന്നത് ക്ലയന്റ് ചോദിക്കുന്നതെല്ലാം അതേപടി ഡിസൈൻ ചെയ്യുന്നതല്ല. അവരുടെ ജീവിതത്തെ മനസ്സിലാക്കി, അതിന് അനുയോജ്യമായ ഇടം കണ്ടെത്തുന്നതാണ്.
രസകരമായ ഒരു കാര്യമുണ്ട്. പലപ്പോഴും ഒരു ക്ലയന്റിന് ഒരു ഡിസൈൻ എങ്ങനെയിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. പക്ഷേ, ആ ഡിസൈൻ അവരുടെ ജീവിതത്തെ എങ്ങനെ പിന്തുണയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പലപ്പോഴും നമ്മൾ ഒരുമിച്ച് കണ്ടെത്തേണ്ടി വരുന്നത്.
റഫറൻസ് ചിത്രങ്ങൾ വേണ്ടെന്നല്ല.
അവ നമ്മുടെ ഇഷ്ടങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
ഒരു ചിത്രം ഒരു ആശയം തരാം.
പക്ഷേ, അത് ഒരു പരിഹാരം തരണമെന്നില്ല.
ഒരു നിറം ഇഷ്ടമാകാം.
ഒരു നടുമുറ്റം ഇഷ്ടമാകാം.
ഒരു ജനൽ ഇഷ്ടമാകാം.
പക്ഷേ, ഒരു വീടാകാൻ അതുമാത്രം മതിയാകില്ല.
ആ ആശയം നിങ്ങളുടെ ജീവിതത്തിലേക്ക് പകർത്തുകയാണ് ഒരു ആർക്കിടെക്ടിന്റെ ജോലി.
ഒരു നല്ല റഫറൻസ് ചിത്രം ചോദിക്കുന്നത്:
'ഏത് രീതിയിലാണ് ഇതിനെ കാണുന്നത്? എന്നാണ്.
ഒരു നല്ല ആർക്കിടെക്ട് ചോദിക്കുന്നത്:
'നിങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത്?' എന്നാണ്.
കസ്റ്റമൈസേഷൻ എന്നാൽ പലരും കരുതുന്നത് നിറങ്ങളുടെയും ഫർണിച്ചറുകളുടെയും തിരഞ്ഞെടുപ്പാണെന്നാണ്. എന്നാൽ, യഥാർത്ഥ കസ്റ്റമൈസേഷൻ അതല്ല.യഥാർത്ഥ കസ്റ്റമൈസേഷൻ എന്നത് മറ്റാരും ഉപയോഗിക്കാത്ത ഒരു ഡിസൈൻ അല്ല.
നമ്മുടെ ജീവിതരീതിയോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന ഒരു ഡിസൈനാണ്. അടുത്ത തവണ ഒരു റഫറൻസ് ചിത്രം കാണിക്കുമ്പോൾ ഒരുപക്ഷേ ഒരു ചോദ്യം കൂടി ചോദിക്കാം.
'ഇത് എനിക്ക് ഇഷ്ടമായത് എന്തുകൊണ്ടാണ്?'
അതിന്റെ നിറമാണോ?
അതിന്റെ രൂപമാണോ?
അതോ…
അതിൽ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തെ അതിൽ കണ്ടതുകൊണ്ടാണോ?
കാരണം, ഓരോ വീടും ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. പക്ഷേ, ഓരോ കുടുംബവും ചോദിക്കുന്ന ചോദ്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരു നല്ല ആർക്കിടെക്ട് പകർത്തുന്നത് ഒരു ചിത്രമല്ല. ആ ചിത്രത്തിന് പിന്നിലുള്ള നിങ്ങളുടെ ജീവിതത്തെ മനസ്സിലാക്കി, അതിനെ ഒരു ഇടമായി മാറ്റുകയാണ്. അപ്പോഴാണ് ഒരു വീട് യഥാർത്ഥത്തിൽ നിങ്ങളുടേതാകുന്നത്.
Content Highlights: Customization is not copying reference images or furniture from reels., True home design is built around the daily lifestyle and habits of the family., Architects translate personal aspirations and living patterns into functional spaces like courtyards.