റോഡരികിൽ കണ്ണായ സ്ഥലം എന്ന് കേൾക്കുമ്പോൾ ചാടിവീഴരുത്; വീട് വയ്ക്കുമ്പോൾ ചൂട് കൂടും

കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം ഏറ്റവും അസഹ്യമായി തോന്നുന്നത് വർദ്ധിച്ച ചൂട് തന്നെയാണ്. പുറത്ത് പോയി വിയർത്തു തളന്ന് വരുമ്പോ വീട്ടിലും ചൂട് എന്നതാണ് ഇപ്പോ ഏറ്റവും വിഷമകരമായ ഒരു അവസ്ഥ! അമിതമായ ചൂട് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ വീടിന്റെ പ്ലാനിംഗ് സമയം മുതൽ നോക്കി തുടങ്ങണം.
1. സ്ഥലം തിരഞ്ഞെടുക്കുമ്പോൾ
മെയിൻ റോഡിന്റെ അരികിൽ കണ്ണായ വസ്തു എന്ന് കേട്ട് ചാടി വീണു വാങ്ങുന്നതിന് മുൻപായി, അവിടെ അടുത്തുള്ള വീടുകളും അവരുടെ ആവാസ വ്യവസ്ഥയും ഒന്ന് നിരീക്ഷിക്കാം. ചുറ്റും മരങ്ങളും ചെടികളും ഒക്കെ ഉള്ള സ്ഥലമാണോ, അടുത്ത് ഫാക്ടറി, ടെലിഫോണ് ടവർ, വൈദ്യുതി ലൈനുകൾ ഒക്കെ കടന്നുപോകുന്നവയാണോ എന്നൊക്കെ ഒന്ന് പരിശോധിക്കാം. വ്യവസായിക സ്ഥാപനങ്ങൾ ഒക്കെ വലിയ അളവിൽ ചൂട് പുറത്തേക്ക് വിടുന്നുണ്ട്. ഒട്ടും തന്നെ മരങ്ങളില്ലാത്ത സ്ഥലങ്ങളിൽ തണൽ സ്വാഭാവികമായി ഉണ്ടാകില്ല. തെക്ക് ഭാഗത്തേക്ക് ആമുഖമായി നിൽക്കുന്ന സ്ഥലം ആണെങ്കിൽ ചൂട് കൂടും. സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന സ്ഥലം ആണെങ്കിൽ മണ്ണിൽ ഈർപ്പം കുറയും.അപ്പോ സ്വാഭാവികമായി ചൂടും കൂടും. സമീപമായി പുഴയോ അരുവിയോ ഒക്കെ ഉള്ള സ്ഥലങ്ങളിൽ ഈർപ്പം കൂടുതലാകും. അന്തരീക്ഷത്തിന്റെ താപനില കുറയും.
2. പ്ലാനിംഗ് ചെയ്യുമ്പോൾ
തെക്ക് ഭാഗത്ത് അധികനേരം ചെലവിടുന്ന മുറികൾ കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം. വീട് പ്ലാൻ ചെയ്യുമ്പോ വസ്തുവിൽ ഉള്ള മരങ്ങൾ കഴിയുന്ന വിധം ഒഴിവാക്കാത്ത രീതിയിൽ ആയാൽ, അവ തരുന്ന തണലും കുളിർമയും അനുഭവിച്ചു കഴിയാം. വലിയ വൃഷങ്ങൾ ഉണ്ടായി വരാൻ വർഷങ്ങൾ വേണ്ടി വരും. അതിനാൽ കഴിയുന്ന വിധം മരങ്ങൾ വെട്ടിക്കളയാതെ പ്ലാൻ ചെയ്താൽ അവയുടെ തണൽ തരുന്ന ആശ്വാസം ചെറുതല്ല. എസി യുടെയും ഫാനിന്റെയും ഒക്കെ ഉപയോഗം വളരെ കുറയാൻ നല്ല തണൽ തരുന്ന വൃക്ഷങ്ങളാണ് ഏക ആശ്രയം.
3. കോൺക്രീറ്റ് റൂഫ് വേണോ?
വളരെ സുഖകരമായി ഓടിട്ട വീടുകളിൽ കഴിഞ്ഞിരുന്നവർ പിൽകാലത്ത് അവ പരിപാലിക്കാൻ എളുപ്പമല്ല എന്ന ന്യായം പറഞ്ഞ് കോൺക്രീറ്റ് വീടുകളിലേക്ക് ചേക്കേറി. അടച്ചുറപ്പ്, ബലം ഒക്കെ കൂടുതലാണ് എന്ന വസ്തുത ശരി ആണെങ്കിലും ചൂട് കൂടുതൽ തന്നെയാണ് എന്ന് സമ്മതിക്കാതെ വയ്യ! കോൺക്രീറ്റ് കൂടുതലായി ചൂട് ആഗിരണം ചെയ്യും. അവ അത് രാത്രിയിൽ പുറന്തള്ളും. ഇപ്പോ ഒരുപാട് പുതു തലമുറ വീടുകളിൽ സ്റ്റീൽ ട്രസിന്റെ മുകളിൽ ഓട് പാകി കൂര പണിയുന്നുണ്ട്. അവ ഒരുപാട് ചൂട് കുറയ്ക്കുന്നവയാണ്.
4. ക്രോസ് വെന്റിലേഷൻ സത്യമാണ്
ഒരു ജനൽ വച്ചു എന്നുകരുതി ഒരുപാട് കാറ്റ് അടിച്ച് കയറുകയൊന്നും ഇല്ല. ഒരു ജനലിൽ കൂടി കയറുന്ന കാറ്റ് അതിനു അഭിമുഖമായോ അടുത്തോ വരുന്ന ചുമരിൽ സ്റ്റാപിച്ച ജനലിലൂടെ കടന്നുപോകാൻ കഴിയണം. എന്നാൽ മാത്രമേ ക്രോസ് വെന്റിലേഷന്റെ സുഖം വീടിനുള്ളിലേക്ക് വരികയുള്ളൂ.
5. പരിഹാര ക്രിയ
കോൺക്രീറ്റ് വീട് വെച്ചുകഴിഞ്ഞു അതിലെ ചൂട് സഹിക്കാൻ കഴിയാതെ കഴിയുന്നവർക്ക് ഉപയോഗപ്പെടുന്ന ഒരു സംഗതിയാണ് SRT സോളാർ റിഫ്‌ളറ്റീവ് ടൈൽ ഇവ റൂഫിൽ ഒട്ടിച്ചാൽ സൂര്യതാപത്തെ ഒരു പരിധിവരെ ചെറുക്കാം.അതുപോലെ ഉപയോഗം വരുന്ന ഒരു സാങ്കേതിക വിദ്യയാണ് റൂഫിങ് ഇൻസുലേഷൻ. റൂഫിന്റെ താഴ സ്‌പോഞ്ച് പോലെയുള്ള ഇൻസുലേഷൻ കൊടുക്കുന്നത് വഴി വീടിനുള്ളിലേക്ക് അമിതമായി ചൂട് പടരുന്നത് തടയാം.
ഏറ്റവും ആവശ്യം മരങ്ങളാണ്. വളരെ ചെറിയ കാലയളവിൽ വളർന്നു വലുതായി തണൽ തരുന്ന വൃക്ഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചാൽ മതി.
Content Highlights: Choose land with natural shade and water bodies nearby to lower ambient temperature., Plan room orientation carefully to avoid excessive heat from the south side., Retain existing trees during construction for natural cooling and shade., Use roof insulation, solar reflective paint (SRT), or tiled trusses to beat concrete heat., Ensure proper cross-ventilation with strategically placed opposite windows.