കരിയറിൽ ഉയർച്ചയ്ക്ക് കസേരയ്ക്ക് പുറകിലായി പർവതങ്ങളുടെ ചിത്രം: മുന്നിൽ ഫിനിക്‌സ് പക്ഷി

പ്രതീകാത്മക ചിത്രം | Canva
പ്രതീകാത്മക ചിത്രം | Canva

കരിയറിൽ ഉയർച്ച, വരുമാന വർദ്ധനവ് എന്നിവ നേടാനായി ഫെങ്ഷുയി പ്രകാരം വീട്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു നമ്മൾ കഴിഞ്ഞ ലക്കത്തിൽ വിവരിച്ചത്. ഒരു കെട്ടിടത്തിന്റെ വടക്ക് ഭാഗമാണ് കരിയറിനെയും സ്ഥിര വരുമാനത്തെയും പ്രതിനിധീകരിക്കുന്നത്. അതിനാൽ വടക്ക് ഭാഗത്തെ ധാതുവായ ജലം അവിടെ പ്രവർത്തിക്കുന്നത് വഴി. കരിയറിൽ പുരോഗതിയും വരുമാനത്തിൽ വർദ്ധനവും ഉണ്ടാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ ലക്കത്തിൽ പറഞ്ഞു.

എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് മാറ്റങ്ങളൊന്നും വരുത്താൻ സാധിക്കില്ല എങ്കിൽ, കരിയറിൽ ഉയർച്ചയും വരുമാനത്തിൽ വർദ്ധനവും ഉണ്ടാക്കാൻ വ്യക്തിപരമായി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് നോക്കാം.

ഫെങ്ഷുയിൽ ജലം ധനത്തിനെ പ്രതിനിധീകരിക്കുന്നത് പോലെ, പർവതം പിന്തുണ, സ്ഥിരത, സംരക്ഷണം, അവസരങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ ജോലി ചെയ്യുമ്പോൾ കസേരയുടെ പിന്നിൽ ഉറപ്പുള്ള ഒരു ചുമർ ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്.

കസേരയുടെ പിന്നിൽ ജനലോ വലിയ തുറന്ന ഇടമോ ഉണ്ടെങ്കിൽ, സാധ്യമെങ്കിൽ ഇരിപ്പിടത്തിന്റെ സ്ഥാനം മാറ്റുക. പിന്നിൽ നിന്ന് വളരെ ശക്തമായ പ്രകാശം നേരിട്ട് പതിക്കുന്നതും ഒഴിവാക്കാം.

നിങ്ങളുടെ കസേരയ്ക്ക് പുറകിലായി ഒരു പർവ്വതത്തിന്റെ ചിത്രം വയ്ക്കുന്നത്, ജോലിയിൽ സപ്പോർട്ടിനും, ഉയർച്ചയ്ക്കും സഹായിക്കും. ഗോൾഡൻ നിറത്തിലുള്ള മൂന്ന് പർവതങ്ങൾ ചേർന്ന ചിത്രമാണ് കൂടുതൽ അഭികാമ്യം. (3 peaked golden mountain) പർവതത്തിന്റെ ചിത്രത്തിൽ നിങ്ങളുടെ അടുത്തേക്ക് പറക്കുന്ന തരത്തിൽ ഉള്ള പക്ഷികളും കൂടെ ഉണ്ടെങ്കിൽ നന്നായി. അത് നിങ്ങളിലേക്ക് കൂടുതൽ നല്ല അവസരങ്ങളും തൊഴിൽ സാധ്യതകളും വരുന്നതിന്റെ പ്രതീകമായി കണക്കാക്കുന്നു.

ഫിനിക്‌സ് പക്ഷി: പ്രതീകാത്മക ചിത്രം | Canva

നിങ്ങളുടെ കസേരയുടെ പുറകിൽ ഉറപ്പുള്ള പിന്തുണ ഉണ്ടായിരിക്കുന്നതുപോലെ തന്നെ, നിങ്ങളുടെ മുന്നിൽ ആവശ്യത്തിന് തുറന്ന ഇടവും (open space) ഉണ്ടായിരിക്കണം. ഫെങ്ഷുയിയിൽ മുന്നിലുള്ള തുറന്ന ഇടം പുതിയ സാധ്യതകൾക്കും അവസരങ്ങൾക്കും ഇടം നൽകുന്നതിന്റെ പ്രതീകമായാണ് കാണുന്നത്. അതിനാൽ, ജോലി ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ അനാവശ്യമായ സാധനങ്ങൾ കൂട്ടിവെച്ച് സ്ഥലം നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ദീർഘകാലമായി പ്രമോഷനോ ശമ്പള വർദ്ധനവോ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക്, ജോലി ചെയ്യുമ്പോൾ അഭിമുഖമായി കാണുന്ന ഭിത്തിയിൽ ഫീനിക്‌സ് പക്ഷിയുടെ ചിത്രം സ്ഥാപിക്കാം. ഫെങ്ഷുയിയിൽ ഫീനിക്‌സ് ഉയർച്ച, പുനരുജ്ജീവനം, പുതിയ അവസരങ്ങൾ എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ജോലി ചെയ്യാൻ ഇരിക്കുമ്പോൾ തൊട്ട് മുന്നിലായി ചുമർ വരുന്നത്, തൊഴിൽപരമായ തടസ്സങ്ങളെ കാണിക്കുന്നു. ഇതിന് പരിഹാരമായിട്ടും മുന്നിൽ ഉള്ള ചുമരിൽ ഫിനിക്‌സ് പക്ഷിയുടെ ചിത്രം വയ്ക്കാം.

വർക്ക് ഡെസ്‌ക്കിനെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മേശയിൽ ആവശ്യമില്ലാത്ത ഫയലുകൾ, പഴയ പേപ്പറുകൾ, ദീർഘകാലമായി പ്രവർത്തിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, പൊട്ടിയ വസ്തുക്കൾ എന്നിവ കൂട്ടിവയ്ക്കാതിരിക്കുക. ഉപയോഗശൂന്യമായ വസ്തുക്കൾ അപ്പപ്പോൾ നീക്കം ചെയ്യുക. സാധ്യമെങ്കിൽ, കസേരയിൽ ഇരിക്കുമ്പോൾ മുറിയുടെ വാതിൽ കാണാൻ കഴിയുന്ന രീതിയിൽ ജോലി സ്ഥലം ക്രമീകരിക്കുക. എന്നാൽ വാതിലിന് നേരെ ഒരു വരിയിൽ ഇരിക്കുന്നതും വാതിൽ പുറകിലായി വരുന്നതും ഒഴിവാക്കണം. നമ്മുടെ ജോലി സ്ഥലം ക്രമീകരിക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക വഴി കരിയറിലെ ഉയർച്ചക്കും സ്ഥിരതയ്ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.

അടുത്ത ലക്കത്തിൽ...

നമ്മുടെ ഡെസ്‌ക്ടോപ്പിലും മൊബൈൽ ഫോണിലും ഉപയോഗിക്കുന്ന സ്‌ക്രീൻസേവറുകൾക്കും വാൾപേപ്പറുകൾക്കും ഫെങ്ഷുയിയിൽ പ്രത്യേക പ്രാധാന്യമുണ്ടോ? ഭാഗ്യം, സമൃദ്ധി, സമ്പത്ത്, ഐശ്വര്യം എന്നിവയെ ആകർഷിക്കുന്നതായി ഫെങ്ഷുയിയിൽ കണക്കാക്കപ്പെടുന്ന ശുഭകരമായ സ്‌ക്രീൻസേവറുകളും ചിത്രങ്ങളും ഏതൊക്കെയാണ്?

അടുത്ത ലക്കത്തിൽ, നിങ്ങളുടെ ഡെസ്‌ക്ടോപ്പിനും മൊബൈലിനും അനുയോജ്യമായ ഇത്തരം ശുഭകരമായ ചിത്രങ്ങളെക്കുറിച്ച് പരിചയപ്പെടാം.

Content Highlights: Ensure a solid wall or mountain painting behind your chair for career support and stability., Keep open space in front of your desk to invite new opportunities and career prospects., Hang a 3-peaked golden mountain picture with flying birds behind your seat for growth., Place a Phoenix bird painting on the wall in front of you to overcome career obstacles and delays., Keep your work desk clean and clutter-free to maintain a positive energy flow.