വീടിനുള്ളിൽ ചിലങ്കയുടെ ശബ്ദം, തട്ടുമ്പുറത്തെ പൊട്ടിച്ചിരി; ഇത് പ്രേതബാധയാണോ? പ്രതിഭാസത്തിന് പിന്നിൽ

പ്രതീകാത്മ ചിത്രം: Photo AI
പ്രതീകാത്മ ചിത്രം: Photo AI

നമ്മുടെ ഒക്കെ നാട്ടിൻപുറങ്ങളിൽ പ്രേതബാധയുള്ള വീടുകൾ എന്നറിയപ്പെടുന്ന ആരും താമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പതിവ് കാഴ്ചയാണ്. അവയിൽ ചിലതും ആയി ചേർത്ത് നാട്ടിൻ പുറങ്ങളിൽ ഒരുപാട് അപസർപ്പക കഥകളും പ്രചരിക്കാറുണ്ട്.  ഇത്തരം വീടുകളിൽ ശരിക്കും പ്രേതമുണ്ടോ!? നിങ്ങളുടെ വീട്ടിൽ പ്രേതമുണ്ടോ എന്ന് നിങ്ങൾക്ക് തന്നെ തോന്നാറുണ്ടോ!?

അതിന്ദ്രീയ ശക്തികളെ കുറിച്ച് ഒരു ആർക്കിട്ടക്ട്‌ന് അറിവില്ല. അതിന് അതീതമായി ഇത്തരം വീടുകൾ പ്രേതബാധ ഉള്ള പ്രതീതി ജനിപ്പിക്കാൻ ഉള്ള സാങ്കേതികമായ കാരണങ്ങൾ ഇതൊക്കെ ആകാം!

സ്വാഭാവിക വെളിച്ചത്തിന്റെ കുറവ്

ജനലുകളും ഗ്ലാസ് പ്രതലങ്ങളും വഴിയും വെന്റിലേഷൻ, countryard തുടങ്ങിയവ വഴി ഒക്കെ ആകും സ്വാഭാവിക വെളിച്ചം ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അവ വീട് പണിയുമ്പോൾ ആവശ്യാനുസരണം നിർമിച്ചാൽ ഈ ഒരു അവസ്ഥ ഒഴിവാക്കാമായിരുന്നു. ചിലർ ഇവയൊക്കെ ഉണ്ടെങ്കിലും അവ ഒരിക്കലും തുറക്കുകയോ അഥവാ കർട്ടൻ ഒക്കെ ഇട്ടു മറയ്ക്കുകയോ ഒക്കെ ചെയ്യും. വീടുകളുടെ ഉള്ളിൽ സൂര്യപ്രകാശം വേണ്ടുവോളം ലഭിച്ചാൽ മാത്രമേ ചെറുകീടങ്ങളെയും വൈറസുകളെയും മറ്റും പ്രതിരോധിക്കാൻ കഴിയുള്ളൂ. അതിനാൽ വെളിച്ചം വരട്ടെ, ശുദ്ധ വായു വരട്ടെ, ജനലുകൾ തുറന്നിടാം.

പ്രതീകാത്മ ചിത്രം | Photo AI

നീണ്ട ഇടനാഴികളിലെ പേടിപ്പെടുത്തുന്ന സാന്നിധ്യം

ഹോസ്റ്റൽ കെട്ടിടങ്ങളികലും മറ്റും താമസിച്ചവർക്ക് അനുഭവമുള്ളതാകും നീണ്ട ഇടനാഴികളിൽ ആരോ അകലെ നിന്നു വരുന്നതായി തോന്നും. പക്ഷെ പുറത്തിറങ്ങി നോക്കുമ്പോ ആരും തന്നെ ഉണ്ടാകില്ല. ഇത് കാറ്റിന്റെ ശബ്ദത്തിന്റെ ഒരു tunnel effect ആണ്. ചുമരുകൾ ശബ്ദ തരംഗങ്ങൾ പ്രതിഫലിപ്പിക്കും. അവ അങ്ങനെ നീണ്ട ഇടനാഴികളിൽ ചുമരിൽ തട്ടി പ്രതിഫലിച് ഇങ്ങേ അറ്റം എത്തുമ്പോൾ പേടിപ്പെടുത്തുന്ന ഒരു തരം ചൂളം വിളി പോലെ ഒരു ഒച്ചയാകും. നീണ്ട ഇടനാഴികൾ ഉള്ള വീടുകളിലും ഇത്തരം ശബ്ദകോലാഹലം പലപ്പോഴും പ്രേതബാധയായി തെറ്റിദ്ധരിക്കാറുണ്ട്!

പ്രതീകാത്മ ചിത്രം | Photo: AI

ചുമരിൽ കാണുന്ന ആ ഭീകര രൂപം

വീടിനോട് ചേർന്ന് വാഴയോ വലിയ മരങ്ങളോ ഉള്ളിടങ്ങളിൽ നിലാവിന്റെ വെളിച്ചതിലോ വഴിവിളക്കിന്റെ വെളിച്ചതിലോ നിഴലുകൾ രൂപപ്പെടാം. ഇവ ജനലിൽ കൂടി കാണുമ്പോ ഒരു ഭീകര സത്വമായി തോന്നാം. കാറ്റടിക്കുമ്പോ മരങ്ങൾ അനങ്ങുക കൂടി ആകുമ്പോ ഇവ ചലിക്കുന്നതായി തോന്നാം. പേടിയുള്ളവർക്ക് ഇതൊക്കെ മതി ഭൂതമോ പ്രേതമോ ഒക്കെ ആണെന്ന് ഉറപ്പിക്കാൻ.

പ്രതീകാത്മ ചിത്രം : Photo AI

ചിലങ്കയുടെ ശബ്ദം

തറയോടുകൾ, ടൈൽസ് ഒക്കെ പാകിയ നിലം ഉള്ള വീടുകളിൽ കാലാവസ്ഥ വ്യതിയാനം അനുസരിച്ച് contraction -expansion സംഭവിക്കും. പലപ്പോഴും ടൈലുകൾ ചൂട് ആഗിരണം ചെയ്ത് വലുതാകുമ്പോൾ തമ്മിൽ തമ്മിൽ കൂട്ടി ഇടിക്കും, അത് ഒരു തുടർച്ചയായി. ഇത് ഒരു കിലുക്കം പോലെ തോന്നിക്കുന്ന ഒച്ച ഉണ്ടാക്കും. നാഗവല്ലിയെ പരിചയമുള്ള നമുക്ക് അത് പ്രേതമാണ് എന്ന് തെറ്റിദ്ധരിക്കാൻ ഇത് തന്നെ ധാരാളം.

പ്രതീകാത്മ ചിത്രം | Photo AI

പൊട്ടിച്ചിരിക്കുന്ന യക്ഷി

ശരിക്കും മനുഷ്യരുടെ പൊട്ടിച്ചിരി പോലെ ശബ്ദമുണ്ടാക്കുന്ന ഒരു ജീവിയാണ് മരപ്പട്ടി അഥവാ Asian Palm Civet. ഇവ വീടുകളുടെ തട്ടിൻപുറത്തും ഒഴിഞ്ഞ ടെറസിലും ഒക്കെ രാത്രി കാലങ്ങളിൽ വിഹരിക്കുന്ന ജീവിയാണ്. ഇവയുടെ ഒച്ച പണ്ടൊക്കെ സർക്കാർ സ്‌കൂളുകളുടെ തട്ടിൻപുറത്തു നിന്ന് കേൾക്കുമ്പോ അദ്ധ്യാപകർ അവരെ കളിയാക്കി ചിരിച്ച കുട്ടികളുടെ ഒച്ചയായി തെറ്റിദ്ധരിക്കുന്ന ഒരു കാലം, പഴയ തലമുറയിലെ പലർക്കും ഓർമ്മയുണ്ടാകും.

പ്രതീകാത്മ ചിത്രം : Photo AI

തനിയെ അനങ്ങുന്ന പാത്രങ്ങൾ

വെള്ളം തങ്ങി നിൽക്കുന്ന ചുവടോടു കൂടിയ പാത്രങ്ങൾ ചിലപ്പോ തെന്നി മാറും. വെള്ളം നിലത്തുകിടക്കുന്ന ഫർണിച്ചർ ഒക്കെയും ഇതുപോലെ നിരങ്ങി നീങ്ങാൻ സാധ്യത ഉണ്ട്. അവ പലപ്പോഴും പേടിപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ്.

വാതിലിലും ജനലിലും ആരോ മുട്ടുന്നോ!?

രാത്രികാലങ്ങളിൽ വല്യ ബസുകളും ലോറികളും റോഡിൽ കൂടി സഞ്ചരിക്കുമ്പോ അവയുടെ പ്രകമ്പനം ചില്ലുകളിലും കതകുകളിലും അനുഭവപ്പെടും. ഇത്തരം ഒച്ച ആരോ വന്ന് മുട്ടുന്നതായി തോന്നാൻ സാധ്യതയുണ്ട്.

ശരിക്കുള്ള പ്രേതബാധ

പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥരും എഴുത്തുകാരുമൊക്കെ പലപ്പോഴും അവരുടെ പ്രേതാനുഭവങ്ങൾ പങ്കുവയ്ക്കുന്നുന്നത് കണ്ടിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ തോന്നലുകൾക്ക് അപ്പുറം നമ്മുടെ അറിവിനും അപ്പുറമുള്ള പലതും ഉണ്ടാകാം. എന്നാലും നമ്മൾ സാധാരണയായി വീടുകളിൽ പ്രേത സാന്നിത്യമായി കാണുന്നതൊന്നും ശരിക്കും പ്രേതം ഒന്നും ആകില്ല. കെട്ടിട നിർമാണത്തിലെ പാളിച്ചകളും സ്വഭാവികമായ ചില വസ്തുക്കളുടെ വ്യതിയാനങ്ങളും പലപ്പോഴും പ്രേതത്തിന്റെ ചെയ്തിയായി തെറ്റിദ്ധരിക്കാറുണ്ട്

Content Highlights: Lack of natural light and ventilation can create gloomy, depressing environments often associated with haunted spaces., Long corridors create a tunnel effect, turning wind and echoing sound waves into spooky whistling noises., Tree shadows and moonlight combined with wind can project terrifying shapes through windows., Temperature changes cause tiles to expand and contract, creating mysterious clinking sounds resembling anklets., Asian Palm Civets in attics produce eerie sounds that are frequently mistaken for human laughter., Traffic vibrations can cause doors and windows to rattle, feeling like someone is knocking at night.