ജനൽ വീടിന്റെ ശ്വാസകോശമാണ്, നിങ്ങൾ അത് തുറക്കാറുണ്ടോ..?

ഒരു വീടിന്റെ രൂപത്തെ മനോഹരമാക്കുന്നതിൽ ജനാലകൾക്ക് വലിയൊരു പങ്കുണ്ട്. ആകൃതി, വലിപ്പം, പൊസിഷൻ, മെറ്റീരിയൽ ഇവയെല്ലാം വീടിന്റെ രൂപത്തെ സ്വാധീനിക്കുന്നു. ജനലുകൾ വീടിന്റെ കണ്ണും ശ്വാസകോശവുമാണെന്ന് പറയാറുണ്ട്.
എന്നാൽ... നമ്മൾ ജനലുകൾ തുറക്കാറുണ്ടോ?
ഞാൻ കോഴിക്കോട് വർക്ക് ചെയ്യുന്ന സമയത്ത് ഒരു വാടക വീടിനായി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് OLX- ൽ ഒരു വീട് കാണുന്നത്. നിറയെ ജനാലകളും, മുറ്റം നിറയെ ചെടികളും, മുറ്റത്തൊരു വലിയ മാവുമുള്ള വീട്. സിറ്റിയിലെ ചൂടിലൂടെ വണ്ടിയോടിച്ച് വീട് കാണാൻ എത്തിയ എനിക്ക് ആ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ വീട് നന്നായി ബോധിച്ചു. പുറമെ നിന്ന് നോക്കുമ്പോൾ തന്നെ തണലേകി നിൽക്കുന്ന മരങ്ങളുടെ കുളിര് അനുഭവിക്കാൻ കഴിയുന്ന പോലെ തോന്നി.
പ്രായമായിട്ടും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് ഒരു കൂട്ട് എന്ന നിലയിൽ, മകളുടെ ആശയപ്രകാരം അവരുടെ വീട്ടിലെ ഒരു മുറി തന്നെയായിരുന്നു വാടകയ്ക്ക് നൽകിയിരുന്നത്. എനിക്ക് ആ വീട്ടിൽ ആദ്യം ഇഷ്ടപ്പെട്ടത് ജനലുകളായിരുന്നു. പക്ഷേ അവിടെ താമസിച്ചു തുടങ്ങിയപ്പോൾ ജനലുകളുടെ മറ്റൊരു കഥയാണ് ഞാൻ മനസ്സിലാക്കിയത്.
ആ അമ്മയ്ക്ക് ഇഴജന്തുക്കളെ വലിയ പേടിയായിരുന്നു. കൊതുകും ഒരു പ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ ജനലുകൾ തുറന്നിടുന്നത് അവർക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ആരെങ്കിലും തുറന്നാൽ കുറച്ചുകഴിഞ്ഞ് അവർ അത് അടയ്ക്കും. എനിക്ക് പക്ഷേ ജനൽ തുറന്നിടുന്നത് ഒരു ശീലമായിരുന്നു. കാറ്റ് വരണം. വെളിച്ചം വരണം. പുറത്തുനിന്നുള്ള പക്ഷികളുടെ ശബ്ദം കേൾക്കണം. വീടിനകത്തും പുറത്തും തമ്മിൽ ഒരു ചെറിയ ബന്ധം എപ്പോഴും ഉണ്ടാകണം. ഒടുവിൽ എന്റെ മുറിയിലെ ജനലിന് ഒരു mosquito mesh ഇടാൻ അവരുടെ മകളോട് പറഞ്ഞു. കുറഞ്ഞത് എന്റെ മുറിയിലെ ജനലെങ്കിലും രാത്രിയിൽ തുറന്നിടാമല്ലോ എന്നായിരുന്നു എന്റെ വിചാരം. പക്ഷേ ഒരു ചെറിയ ജനൽ മാത്രം തുറന്നതുകൊണ്ട് ആ വീടിനകത്തേക്ക് വേണ്ടത്ര കാറ്റ് വരുമായിരുന്നില്ല. പകൽ സമയത്ത് ജനലുകൾ അടച്ചും കർട്ടൻ ഇട്ടും കഴിയുമ്പോൾ, പുറത്തെ പച്ചപ്പും തണലുമൊന്നും വീടിനകത്തെ ചൂടിന് ആശ്വാസമായിരുന്നില്ല.
പുറത്ത് നോക്കിയാൽ തണുത്തൊരു വീട്. അകത്ത് ഇരുന്നാൽ പലപ്പോഴും ഒരു ഓവൻ പോലെ ചൂട്. അന്ന് വരെ ഒരു ആർക്കിടെക്ട് എന്ന നിലയിൽ ജനലിനെക്കുറിച്ച് ഞാൻ പ്രധാനമായും ചിന്തിച്ചിരുന്നത് അതിന്റെ വലുപ്പം, പൊസിഷൻ, പ്രൊപോർഷൻ, ഓറിയന്റേഷൻ തുടങ്ങിയ കാര്യങ്ങളിലൂടെയായിരുന്നു. പക്ഷേ ആ വീട്ടിൽ താമസിച്ച കുറച്ച് മാസങ്ങൾക്കുള്ളിൽ മറ്റൊരു ചോദ്യം ഉയർന്നുവന്നു.
ഒരു ജനൽ ഡിസൈൻ ചെയ്യുമ്പോൾ നമ്മൾ ശരിക്കും എന്താണ് ഡിസൈൻ ചെയ്യുന്നത്?
കാറ്റിനുള്ള ഒരു ഓപ്പണിങ് ആണോ?
വെളിച്ചത്തിനുള്ള വഴിയാണോ?
പുറത്തുള്ള കാഴ്ചയിലേക്കുള്ള ഒരു ഫ്രെയിം ആണോ?
അതോ വീടിനകത്തുള്ള ജീവിതവും പുറത്തുള്ള ലോകവും തമ്മിലുള്ള ഒരു ബന്ധമാണോ?
അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു പുതിയ പ്രോജക്റ്റ് വരുന്നത്. ക്ഷേത്രവും, അമ്പലക്കുളവും, വലിയൊരു ആൽമരം നിൽക്കുന്ന കവലയുമൊക്കെയുള്ള മനോഹരമായ ഒരു പ്രദേശത്തായിരുന്നു ആ പ്ലോട്ട്. ആ വീടിന്റെ ഉടമയ്ക്ക് വീടിനുള്ളിൽ നല്ല കാറ്റും വെളിച്ചവും വേണമെന്നത് മാത്രമായിരുന്നില്ല ആവശ്യം. ബെഡ്റൂമിൽ നിന്ന് നോക്കിയാൽ മുൻവശത്തെ ഗേറ്റ് കാണണം. ക്ഷേത്രക്കുളത്തെ തഴുകി ആൽമരത്തിലൂടെ കടന്നുവരുന്ന തണുത്ത കാറ്റ് വീടിനുള്ളിലിരുന്ന് അനുഭവിക്കാൻ കഴിയണം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ. അത് വെറും ''കാറ്റ് കിട്ടണം'' എന്ന ആവശ്യമല്ലായിരുന്നു. ആ കാറ്റ് എവിടെ നിന്നാണ് വരേണ്ടത് എന്നതുപോലും അദ്ദേഹത്തിന് അറിയാമായിരുന്നു. ജനലിന്റെ വലുപ്പവും സ്ഥാനവും തീരുമാനിക്കുമ്പോൾ ആ ആഗ്രഹങ്ങളും ഡിസൈനിന്റെ ഭാഗമായി. വീട് പൂർത്തിയായ ശേഷം അദ്ദേഹം ജനലുകളുടെ സ്ഥാനത്തിലും, വീട്ടിനുള്ളിലേക്ക് വരുന്ന വെളിച്ചത്തിലും കാറ്റിലും സന്തോഷവാനായിരുന്നു. താൻ പ്രതീക്ഷിച്ചിരുന്ന അനുഭവം വീട്ടിനുള്ളിൽ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ രാത്രിയിൽ അതേ ജനൽ മറ്റൊരു അനുഭവമാണ് നൽകിയത്. ഡിസൈനിന്റെ തുടക്കം മുതലേ ജനലുകൾ തുറന്നിടണം, കർട്ടൻ ഉപയോഗിക്കാൻ താൽപര്യമില്ല എന്നൊക്കെ പറഞ്ഞിരുന്ന അദ്ദേഹം, മറ്റൊരു സന്ദർഭത്തിൽ ഞാൻ വിളിച്ചപ്പോൾ വളരെ അസ്വസ്ഥതയോടെ ഒരു കാര്യം പറഞ്ഞു.
ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്‌ലഡ് ലൈറ്റ് കാരണം രാത്രിയിൽ കർട്ടൻ ഇടാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അതിന്റെ ലൊക്കേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനിരിക്കുകയാണത്രെ. ജനൽ നമ്മൾ ഡിസൈൻ ചെയ്തതായിരുന്നു. പക്ഷേ ജനലിനപ്പുറമുള്ള ലോകം നമ്മുടെ ഡിസൈനിന്റെ ഭാഗമല്ലല്ലോ.
മറ്റൊരു വീട്ടിൽ ക്ലയന്റ് ജനലുകളുടെ സുരക്ഷയെക്കുറിച്ച് വളരെ particular ആയ ആളായിരുന്നു. അദ്ദേഹം ഒരു ക്രിമിനൽ ലോയർ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ജനലുകൾക്കും വാതിലുകൾക്കും ഗ്രിൽസും safe closures-വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ലായിരുന്നു.
Rm³ 12 mm MS rod നിർദ്ദേശിച്ചാൽ:
''15 mm ആക്കാം.''
വീണ്ടും എന്തെങ്കിലും വിശദീകരിക്കാൻ ശ്രമിച്ചാൽ:
''Safety പ്രധാനമാണ്
ഒടുവിൽ 15 mmൽ മനോഹരമായി ഗ്രിൽസ് ഡിസൈൻ ചെയ്തു.
ഡിസൈൻ ചെയ്തപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
പക്ഷേ പിന്നീട് ജനലുകളിൽ കർട്ടൻ വന്നതോടെ, എന്റെ മനോഹരമായ ഗ്രിൽസ് അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.??
ഈ മൂന്ന് അനുഭവങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും, അവയെല്ലാം എന്നെ ജനലുകളെക്കുറിച്ച് കുറച്ചുകൂടി ചിന്തിപ്പിച്ചു. നമ്മൾ ഒരു ജനൽ ഡിസൈൻ ചെയ്യുമ്പോൾ അതിന്റെ വലുപ്പവും സ്ഥാനവും മാത്രമല്ല തീരുമാനിക്കുന്നത്. അതിലൂടെ കാണാൻ കഴിയുന്ന കാഴ്ചയും, അകത്തേക്ക് കടന്നുവരുന്ന കാറ്റും വെളിച്ചവും, പുറത്തുനിന്ന് അകത്തേക്കുള്ള കാഴ്ചയും, അതുവഴി ലഭിക്കുന്ന സ്വകാര്യതയുമെല്ലാം ആ തീരുമാനത്തിന്റെ ഭാഗമാണ്. എന്നാൽ അവ എങ്ങനെയായിരിക്കും അനുഭവപ്പെടുക എന്നത് അവിടെ താമസിക്കുന്ന മനുഷ്യരെയും പുറത്തുള്ള സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും.
ഇത് സ്വതന്ത്ര വീടുകളുടെ മാത്രം കാര്യമല്ല. ഫ്‌ലാറ്റുകളിലും ജനലിനപ്പുറമുള്ള കാഴ്ചയും അയൽവീടുകളുമായുള്ള അകലവും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം ഒരു ജനൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നുണ്ട്. ചില വീടുകളിൽ മുകളിലത്തെ നിലയിലെ മുറികൾ വർഷങ്ങളോളം ഉപയോഗിക്കാതെ കിടക്കാറുണ്ട്. താഴത്തെ നിലയിൽ മാത്രം ജീവിതം ഒതുങ്ങുമ്പോൾ, മുകളിലെ ജനലുകളും പതിയെ അടഞ്ഞുകിടക്കാം. ജനലുകൾ തുറക്കപ്പെടുന്നുണ്ടോ എന്നത് അവയുടെ ഡിസൈനിനെ മാത്രമല്ല, ആ വീടിനുള്ളിൽ ജീവിതം എങ്ങനെയാണ് മുന്നോട്ടുപോകുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. നമ്മൾ ദിവസവും തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ജനലുകളെക്കുറിച്ച് ഒരുപക്ഷേ ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല.
എന്തുകൊണ്ടാണ് ചില ജനലുകൾ രാവിലെ തന്നെ തുറന്നിടുന്നത്? ചിലത് ഒരിക്കലും തുറക്കാത്തത്? ചില ജനലുകൾക്ക് മുന്നിൽ ഇരുന്ന് പുറത്തേക്ക് നോക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നത്, മറ്റു ചിലതിന് എപ്പോഴും കർട്ടൻ ഇട്ടിടുന്നത് എന്തുകൊണ്ടാണ്?
ഒരു ജനലിലൂടെ കാറ്റും വെളിച്ചവും ഒരു മരത്തിന്റെ കാഴ്ചയും പക്ഷികളുടെ ശബ്ദവും അകത്തേക്ക് വരാം. അതേ ജനലിലൂടെ കൊതുകും പൊടിയും ശബ്ദവും വരാം. ചിലപ്പോൾ സ്വകാര്യതയെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ ഉള്ള ആശങ്കകളും അതിനെ അടച്ചിടാൻ നമ്മളെ പ്രേരിപ്പിച്ചേക്കാം.
പുറത്തുനിന്ന് നോക്കുമ്പോൾ ഒരുപോലെ തോന്നുന്ന ജനലുകൾക്കുള്ളിലൂടെ കാണുന്ന കാഴ്ചകൾ മാത്രമല്ല വ്യത്യസ്തം. അതേ ജനലിനെ നോക്കുന്ന മനുഷ്യരും വ്യത്യസ്തരാണ്. അടുത്ത തവണ വീട്ടിലെ ഏതെങ്കിലും ഒരു ജനൽ തുറക്കുമ്പോൾ, ഒരുപക്ഷേ ഒരു നിമിഷം അതിലൂടെ പുറത്തേക്ക് നോക്കാം.
എന്തുകൊണ്ടാണ് ഞാൻ ഈ ജനൽ തുറക്കുന്നത്?
അല്ലെങ്കിൽ, ഇത്രയും കാലമായി അടഞ്ഞുകിടക്കുന്ന ആ ജനൽ...
ഞാൻ എന്തുകൊണ്ടാണ് തുറക്കാത്തത്?
ഒരുപക്ഷേ നമ്മൾ ദിവസവും കാണുന്ന ഒരു ജനലിനെക്കുറിച്ച് നമ്മൾ ആദ്യമായി ചിന്തിക്കുന്നത് അപ്പോഴായിരിക്കും.
Content Highlights: Windows act as the eyes and lungs of a home, connecting indoor living with the outside world., Effective window design requires balancing natural light, breeze, framing views, and privacy., Real-world challenges like mosquitoes, external lighting, and security concerns often alter how windows are actually used., Window usability depends not just on architecture, but on the lifestyle and habits of the people living inside.