ഉൾഗ്രാമത്തിൽ മനോഹരമായ ഇരുനിലമൺവീട്; അത്ഭുതത്തോടെ വീഡിയോ പങ്കുവെച്ച് വ്ലോഗർ

യാത്രക്കിടെ മനോഹരമായൊരു ഇരുനില മൺവീട് കണ്ട് അത്ഭുതപ്പെടുന്ന ട്രാവല്‍വ്ളോഗറുടെ വീഡിയോ വൈറലാകുകയാണ്. മധ്യപ്രദേശിലെ ഉൾഗ്രാമത്തിലൂടെയുള്ള യാത്രക്കിടെയുണ്ടായ അനുഭവമാണ് ട്രാവൽ വ്ളോഗറായ ഗുമാക്കഡ് ലാലി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
യാത്രക്കിടെ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി സ്‌കൂട്ടര്‍ നിര്‍ത്തിയതായിരുന്നു ഗുമാക്കഡ്. ഗ്രാമവാസികളിലൊരാൾ തങ്ങളുടെ വീടിനുള്ളിലേക്ക് ക്ഷണിച്ചു. ഉള്ളില്‍ കയറിയതും അവര്‍ അത്ഭുതപ്പെട്ടു. ജീവിതത്തില്‍ ആദ്യമായാണ് താൻ മണ്ണുകൊണ്ട് നിർമിച്ച ഇരുനില വീട് കാണുന്നത് എന്നാണ് ഗുംക്കഡ പറയുന്നത്.
നാലു ദിവസം മുമ്പ് പങ്കുവെച്ച വീഡിയോ ഇതിനകം 9 മില്യണ്‍ വ്യൂസ് സ്വന്തമാക്കിക്കഴിഞ്ഞു.സാധാരണയായി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കാണുന്ന ഒറ്റനില വീടുകള്‍ക്ക് വിപരീതമായി ഇരുനിലയായി പണിത മണ്‍വീടാണ് ഗുമാക്കഡിനെ അത്ഭുതപ്പെടുത്തിയത്.
തന്നേക്കാള്‍ ഉയരം കുറഞ്ഞ വാതില്‍ തുറന്നാല്‍ എത്തുന്നത് വിശാലമായ മുറികളിലേക്കും മുകളിലേക്കെത്താനുള്ള കോണിപ്പടിയിലേക്കുമാണെന്ന് വീഡിയോയിൽ പറയുന്നു. മധ്യപ്രദേശിലെ കൊടും ചൂടിനെ വെല്ലുവിളിക്കുന്ന തരത്തില്‍ തണുത്ത അന്തരീക്ഷമാണ് ഉള്ളിലെന്നും വ്ളോഗര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതോടെ പരമ്പരാഗത രീതിയിലുള്ള മണ്‍വീടുകളെ പറ്റി വീഡിയോയുടെ കമൻ്റ് ബോക്സിലും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മണ്‍വീടുകള്‍ക്ക് 200 വര്‍ഷം ആയുസ്സുണ്ടാകുമെന്നും കോൺക്രീറ്റ് വീടുകള്‍ക്ക് 30-40 വര്‍ഷം മാത്രമേ ആയുസ്സുള്ളൂ തുടങ്ങിയ അഭിപ്രായം വരെ പങ്കുവെക്കുന്നവരുണ്ട്.
Content Highlights: travel vlogger wondered to see two storeyed mud house in madhya pradesh